തളര്‍ന്നുറങ്ങി ജില്ലയിലെ ആരോഗ്യ മേഖല
കല്‍പ്പറ്റ: ഏറെ പിന്നോക്കമുള്ള വയനാട്ടിലെ ആരോഗ്യ മേഖലയോട് ഭരണകൂടങ്ങളുടെ അവഗണന തുടരുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ജില്ലയിലെ ആരോഗ്യ മേഖലയുടെ ഉന്നമനത്തിനായി പദ്ധതികളേറെ പ്രഖ്യാപിക്കാറുണ്ടെങ്കിലും എല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണ്. ആദിവാസികളും സാധാരണ തോട്ടം തൊഴിലാളികളും ഭൂരിപക്ഷമുള്ള ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് സാഹചര്യമുള്ള ആശുപത്രികളില്ലാത്തത് പൊതുജനത്തിന് ഏറെ ദുരിതമാണുണ്ടാക്കുന്നത്.
നിലവിലുള്ള ആതുരാലയങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സൗകര്യങ്ങളൊരുക്കാത്തതും ജില്ലയിലെ ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുന്നതാണ്. പുതിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലും പരാമര്‍ശമില്ലാതിരുന്ന വയനാട് മെഡിക്കല്‍ കോളജ് ഇതോടെ തറക്കല്ലില്‍ ഒതുങ്ങുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇതിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുകയും ചെയ്യുന്നുണ്ട്.
രണ്ടു വര്‍ഷത്തേക്ക് നിയമന നിരോധനവും പുതിയ തസ്തികകള്‍ അനുവദിക്കുകയില്ലെന്നുമുള്ള ബജറ്റ് നിര്‍ദേശവും ജില്ലയിലെ ആരോഗ്യമേഖലയില്‍ ആശങ്കക്കിടയാക്കുന്നതാണ്.
വയനാട്ടില്‍ 36 സര്‍ക്കാര്‍ ആതുരാലയങ്ങളാണുള്ളത്. ജില്ലാ ആശുപത്രി (മാനന്തവാടി)-1, ജനറല്‍ ആശുപത്രി (കല്‍പ്പറ്റ)-1, താലൂക്ക് ആശുപത്രികള്‍- 2, കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകള്‍-9, പ്രൈമറി ഹെല്‍ത്ത് സെന്റുകള്‍-23 എന്നിങ്ങനെയാണ് ആശുപത്രികളുടെ തരംതിരിച്ചുള്ള കണക്ക്.
ഇത്രയും ആതുരാലയങ്ങളിലായി നിലവില്‍ 55 ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
ഏറെപേര്‍ ആശ്രയിക്കുന്ന മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മാത്രം 24 ഡോക്ടര്‍മാരുടെ ഒഴിവുകളാണുള്ളത്. ജില്ലയില്‍ മൊത്തം 21 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. 17 അസിസ്റ്റന്റ് സര്‍ജന്‍മാരുടെയും തസ്തികകളില്‍ ആളില്ല. പ്രധാനപ്പെട്ട ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റുകളുടെ അഭാവവുമുണ്ട്. വയനാട്ടില്‍ ഏറ്റവുമധികം പ്രസവകേസുകള്‍ നടക്കുന്ന വൈത്തിരി താലൂക്ക് ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാരുടെ ഒഴിവുകളാണുള്ളത്.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഒന്നും ബത്തേരി താലൂക്ക് ആശുപത്രിയില്‍ രണ്ട് വീതവും ഗൈനക്കോളജിസ്റ്റുകളുടെ ഒഴിവുകള്‍ നികത്താന്‍ കഴിഞ്ഞിട്ടില്ല. ഭരണമാറ്റത്തെ തുടര്‍ന്ന് തലങ്ങും വിലങ്ങും ഡോക്ടര്‍മാരെ സ്ഥലം മാറ്റാന്‍ തുടങ്ങിയതോടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വയനാട്ടിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ എണ്ണം വീണ്ടും കുറഞ്ഞിട്ടുണ്ട്.
നിലവിലുള്ള തസ്തികകളില്‍ ആളില്ലാത്തതും പുതിയതായി തസ്തികകള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ കഴിഞ്ഞമാസം ജില്ലയിലെത്തിയ ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന് നിവേദനം നല്‍കിയിരുന്നു.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മാത്രം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് വിഭാഗം ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ പുതിയതായി 90 തസ്തികകള്‍ സൃഷ്ടിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും വയനാടിന്റെ കാര്യത്തില്‍ താന്‍ ഉദാരസമീപനം സ്വീകരിക്കുമെന്നാണ് ധനമന്ത്രി പ്രതികരിച്ചിരുന്നത്. മുഴുവന്‍ ആവശ്യങ്ങളും ഒറ്റയടിക്ക് ഉന്നയിച്ചാല്‍ നടപ്പാകാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് മുന്‍ണഗന നിശ്ചയിച്ച് ആശുപത്രികളുടെ ലിസ്റ്റ് നല്‍കാനാണ് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഓരോ സ്ഥാപനങ്ങളിലും എത്ര പുതിയ തസ്തികകള്‍ വേണമെന്ന കാര്യം അറിയിക്കാന്‍ ഡി.എം.ഒ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ടു വര്‍ഷത്തേക്ക് നിയമന നിരോധനവും പുതിയ തസ്തികകള്‍ അനുവദിക്കുകയുമില്ലെന്ന ബജറ്റ് നിര്‍ദേശമുള്ളപ്പോള്‍ ജില്ലയുടെ ആരോഗ്യമേഖലയില്‍ അനിവാര്യമായ നിയമനങ്ങളും പുതിയ തസ്തികകളും എങ്ങനെ പ്രാവര്‍ത്തികമാകുമെന്നത് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."