ഇടിച്ചുനിരത്തും പുളിമ്പറമ്പില്‍ കുന്നിടിക്കല്‍ വ്യാപകം
തളിപ്പറമ്പ്: പുളിമ്പറമ്പില്‍ അനധികൃത കുന്നിടിക്കല്‍ വ്യാപകം. നഗരസഭാ കൗണ്‍സിലറുടെ സ്ഥലത്താണ് കുന്നിടിക്കല്‍ നടന്നതെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. പുളിമ്പറമ്പ്-കുപ്പം റോഡില്‍ കണിക്കുന്നിന് എതിര്‍വശം പുളിയോടാണ് വ്യാപകമായി കുന്നിടിക്കല്‍ നടക്കുന്നത്. ഒരു മാസമായി ഇവിടെ ജെ.സി.ബി ഉപയോഗിച്ച് കുന്നിടിക്കലും മറ്റും നടക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വീട് നിര്‍മാണത്തിനായി റോഡ് ഉണ്ടാക്കാനെന്ന പേരിലാണ് കുന്നിടിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ എല്ലാ പരിധികളും ലംഘിച്ച് 20 അടി താഴ്ചയില്‍ മണ്ണെടുപ്പ് നടന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നഗരസഭാ കൗണ്‍സിലര്‍ അടക്കമുള്ള മൂന്നുപേരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അനധികൃത മണ്ണെടുപ്പെന്നും ഇവര്‍ ആരോപിക്കുന്നു. കുന്നിന് താഴെയുള്ള ഇടുങ്ങിയ റോഡിലൂടെ ദിവസേന സ്‌കൂള്‍ ബസുകള്‍ കടന്നുപോവുന്നുണ്ട്. മഴയില്‍ ഇടിച്ച ഭാഗത്തെ കുന്നിന്റെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചാല്‍ വലിയ ദുരന്തമാവും ഉണ്ടാവുക. കൂടാതെ പുളിമ്പറമ്പിലെ 110 കെ.വി സബ് സ്റ്റേഷന്റെ പ്രധാന വൈദ്യുതി ലൈനിന്റെ സ്റ്റേ കമ്പി നിലനില്‍ക്കുന്നതും ഇടിച്ചുകൊണ്ടിരിക്കുന്ന കുന്നിന്റെ പാറക്ക് മുകളിലാണ്. ഈ പാറ ഏത് നിമിഷവും അടര്‍ന്നു വീഴാനും സാധ്യയുണ്ട്. ഇതേ സ്ഥലത്തെ 220 കെ.വി ടവറിനും കുന്നിടിക്കല്‍ ഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
അധികാരികള്‍ ഇടപെട്ട് കുന്നിടിക്കല്‍ തടഞ്ഞ് ഇതുമൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അതേസമയം ജിയോളജി വകുപ്പിന്റെ അനുമതി ഖനനത്തിനുണ്ടെന്നും അനധികൃത ഖനനമല്ല ഇവിടെ നടക്കുന്നതുമെന്നാണ് പുളിമ്പറമ്പ് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള സ്ഥലമുടമകളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."