ചിറകുവിരിച്ച സ്വപ്നം അണിഞ്ഞൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം
മട്ടന്നൂര്‍: വാനംമുട്ടെ പറന്നുയരാനുള്ള കണ്ണൂരിന്റെ കാത്തിരിപ്പ് അവസാനമാകുന്നു. ഉത്തര മലബാറിന്റെ സ്വപ്‌നപദ്ധതിയായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. വിമാനത്താവളം സെപ്റ്റംബറോടെ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് കിട്ടിയതോടെ ഉത്തര മലബാറിലെ പ്രവാസികളുടെ നെഞ്ചില്‍ ആഹ്ലാദാരവങ്ങളുയര്‍ന്നുകഴിഞ്ഞു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും സെപ്റ്റംബറോടെ വാണിജ്യാടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ടിന് പ്രവര്‍ത്തനം തുടങ്ങാമെന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞത്. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെയും എ.ടി.സി കെട്ടിടത്തിന്റെയും നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായി.
പാസഞ്ചര്‍ കെട്ടിടത്തിന്റെയും മറ്റും മിനുക്കുപണിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
നിലത്ത് ടൈല്‍സും ഗ്രാനൈറ്റും പാകി. ചെക്ക് ഇന്‍ കൗണ്ടറുകള്‍, ലൈറ്റിങ് സംവിധാനം, എയര്‍ കണ്ടീഷനിങ് എന്നിവയുടെ പ്രവൃത്തികളും പൂര്‍ത്തിയായി.
മൂന്നുനിലകളുള്ള കെട്ടിടത്തിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയുന്ന തരത്തില്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത രണ്ടു മേല്‍പ്പാലങ്ങളും മട്ടന്നൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചിട്ടുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറി. റണ്‍വേയോടു ചേര്‍ന്നുള്ള ഐസലേഷന്‍ വേയും നിര്‍മാണം പൂര്‍ത്തിയായി. 20 വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ളതാണ് ഏപ്രണ്‍ ഏരിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."