ദുരിതപൂര്‍ണം ലീലയുടെ ജീവിതം
ആലക്കോട്: പന്ത്രണ്ട് ഏക്കറോളം ഭൂമി സ്വന്തമായി ഉണ്ടായിട്ടും നാട്ടുകാരുടെ കാരുണ്യംകൊണ്ട് ജീവിതം തള്ളിനീക്കേണ്ട അവസ്ഥയിലാണ് പെരിങ്ങോം അരവഞ്ചാലിലെ ലീല എന്ന എഴുപതുകാരി. സ്വന്തമായി കോണ്‍ക്രീറ്റ് വീടുണ്ടെങ്കിലും വാസയോഗ്യമല്ലാത്ത ഷെഡിലാണ് നാലു വര്‍ഷമായി ഇവരുടെ താമസം. പെരിങ്ങോം സി.ആര്‍.പി.എഫ് കേന്ദ്രത്തില്‍നിന്ന് വിളിപ്പാടകലെ പുറക്കുന്നിലാണ് നാട്ടുകാര്‍ തമ്പായിയമ്മ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന വലിയവളപ്പില്‍ ലീലയുടെ വീട്. 16 വര്‍ഷം മുമ്പ് ഭര്‍ത്താവ് കൃഷ്ണന്‍ മരിച്ചതോടെയാണ് ലീലയുടെ ദുരവസ്ഥ തുടങ്ങുന്നത്. മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. പെണ്‍മക്കളെ നല്ലരീതിയില്‍ വിവാഹം കഴിച്ചയച്ചു. വിദേശത്ത് ജോലി ചെയ്തിരുന്ന മൂത്ത മകന്‍ വിവാഹ ശേഷം മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റി. അവിവാഹിതരായ രണ്ടു ആണ്‍ മക്കള്‍ക്കൊപ്പം തറവാട്ടില്‍ താമസിച്ചു വരുന്നതിനിടെയാണ് ഇളയ മകന്‍ ജയന്റെ വിവാഹം കഴിയുന്നത്. ഇതോടെയാണ് തന്റെ ജീവിതം ദുരിതപൂര്‍ണമായതെന്ന് ലീല പറയുന്നു. മറ്റു മക്കള്‍ അമ്മയെ കാണാന്‍ തറവാട്ടില്‍ വരുന്നതും ഇയാള്‍ എതിര്‍ത്തു. മകന്റെ ദേഹോപദ്രവം പതിവായതോടെയാണ് അവിവാഹിതനായ മകനോടൊപ്പം ലീല വീട്ടില്‍ നിന്നിറങ്ങിയത്. റബര്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടെങ്കിലും പ്രശ്‌നക്കാരനായ മകന്‍ കൃഷിയിടത്തില്‍ കയറാന്‍ അനുവദിക്കാറില്ലെന്നും ഇവര്‍ പറയുന്നു. കൂടെയുള്ള മകന്‍ കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ചമായ തുക കൊണ്ടാണ് ആഹാരത്തിനുള്ള വക കണ്ടെത്തുന്നത്. ലീലയുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടം തയാറാവണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് അവകാശപ്പെട്ട സ്ഥലത്ത് സ്വസ്ഥമായി ജീവിക്കാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവരെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല. ലീലയുടെ ദുരിത ജീവിതം ശ്രദ്ധയില്‍പെട്ട നാട്ടുകാരിലൊരാളാണ് താമസിക്കാനായി വാടക പോലും മേടിക്കാതെ ഷെഡ് വിട്ടുനല്‍കിയത്. മഴക്കാലമായതോടെ ഏറെ പ്രയാസപെട്ടാണ് ഇരുണ്ട ഒറ്റമുറിയില്‍ ഇവര്‍ താമസിക്കുന്നത്. പ്രാഥമിക കര്‍മങ്ങള്‍ പോലും നിര്‍വഹിക്കണമെങ്കില്‍ അയല്‍വീടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ശിഷ്ടകാലമെങ്കിലും സ്വന്തം വീട്ടില്‍ സ്വസ്ഥമായുറങ്ങാന്‍ ലീലക്ക് കഴിയണമെങ്കില്‍ അടിയന്തിര ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."