സാമ്പത്തിക സംവരണം: ഹരജി സുപ്രിംകോടതി 28ന് പരിഗണിക്കും
ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേല്‍ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹരജി ഭരണഘടനാ ബെഞ്ചിന് വിടണോ വേണ്ടയോ എന്ന കാര്യത്തില്‍ മാര്‍ച്ച് 28ന് വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു.
പരമാവധി സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സംവരണത്തെ ഹരജിയില്‍ ചോദ്യം ചെയ്തിരിക്കുന്നതെന്നും അതിനാല്‍ ഈ ഹരജിയും ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കേണ്ടതെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സജ്ഞീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് മുന്‍പാകെ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ കോടതി താല്‍ക്കാലിക ഉത്തരവൊന്നും പുറപ്പെടുവിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് പറയാനുള്ള കാര്യങ്ങള്‍ കുറിപ്പായി നല്‍കാന്‍ രാജീവ് ധവാനോട് ആവശ്യപ്പെട്ടു.
ഇക്കാര്യം ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ടതുണ്ടെങ്കില്‍ അതും ആവാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് തഹ്്‌സീന്‍ പൂനാവാലയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടന സമര്‍പ്പിച്ച ഹരജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.
ആകെ സംവരണത്തിന് 50 ശതമാനം പരിധി നിശ്ചയിച്ച 1993ലെ സുപ്രിംകോടതി ഉത്തരവ് ലംഘിക്കുന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ് 10 ശതമാനം സംവരണമെന്നാണ് ഹരജിയിലെ പ്രധാന വാദം.
27 ശതമാനം സംവരണം ഒ.ബി.സി വിഭാഗങ്ങള്‍ക്കും 22 ശതമാനം പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കും ഏര്‍പ്പെടുത്തിയത് അവരുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഗണിച്ചാണ്.
ഇതോടൊപ്പം 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയാല്‍ ആകെ സംവരണം 60 ശതമാനമായി ഉയരും. സാമൂഹിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ മാത്രം അടിസ്ഥാനത്തിലാണ് സംവരണം ഏര്‍പ്പെടുത്തേണ്ടതെന്നും സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിക്കരുതെന്നും ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടതായും ഹരജി ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."