എഴുന്നൂറ്റി അമ്പത് ഹെക്ടറില്‍ പൊക്കാളി കൃഷി
കൊടുങ്ങല്ലൂര്‍: പരമ്പരാഗത കൃഷി രീതിയായ പൊക്കാളി കൃഷി വിപുലീകരിക്കാന്‍ നടപടികളാകുന്നു. ഇതിന്റെ ഭാഗമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഒരു നെല്ലും ,ഒരു മീനും എന്ന പരമ്പരാഗത കൃഷിയായ പൊക്കാളി കൃഷിയുടെ ഭാഗമായി വര്‍ഷത്തില്‍ ഒരു വട്ടം നെല്‍കൃഷി നടത്തുന്ന പാടത്ത് പിന്നീട് ചെമ്മീന്‍ കൃഷി ചെയ്യും. തൃശ്ശൂര്‍ എറണാകുളം ജില്ലകളിലാണ് പൊക്കാളി കൃഷി ഇപ്പോഴുള്ളത്. നിലവില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നാല്‍പ്പത്തിയഞ്ച് ഹെക്ടറില്‍ മാത്രമാണ് പൊക്കാളി കൃഷി നടത്തി വരുന്നത്.
കൊടുങ്ങല്ലൂര്‍ നഗരസഭാ പ്രദേശത്ത് പൊക്കാളി കൃഷി ഇരുപത് ഹെക്ടറില്‍ മാത്രമേയുള്ളു. എന്നാല്‍ നിയോജക മണ്ഡലത്തില്‍ എഴുന്നൂറ്റി അമ്പത് ഹെക്ടര്‍ ഭൂമിയില്‍ പൊക്കാളി കൃഷിയിറക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. നടപ്പ് വര്‍ഷത്തില്‍ പദ്ധതി ലക്ഷ്യത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മെയ് ജൂണ്‍ മാസത്തില്‍ പൊക്കാളി കൃഷിക്ക് തുടക്കമാകും. നാല് മാസത്തിനകം കൊയ്ത്ത് കഴിയുന്നതോടെ പാടത്ത് ചെമ്മീന്‍ വിത്തിറക്കും. പൊക്കാളി കൃഷിക്ക് പരമ്പരാഗത വിത്തിനങ്ങളായ പൊന്‍ കറുക ,ചെത്തി വിരിപ്പ് തുടങ്ങിയവ തന്നെ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരള സീഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ പക്കല്‍ വൈറ്റില വിത്തിനങ്ങള്‍ ഉണ്ടെങ്കിലും പഴയ വിത്തുകള്‍ പുനരുല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കാന്‍ ശ്രമിക്കുമെന്ന് അതോറിറ്റി അഡീഷണല്‍ ഡയറക്ടര്‍ പ്രസാദ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഈ മാസം ഇരുപതിന് ജില്ലാ തലത്തില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. തുടര്‍ന്ന് പ്രാദേശികമായി കര്‍ഷകരുടെ യോഗവും വിളിച്ചു ചേര്‍ക്കും. ഈ മാസം മുപ്പതിനകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. എന്നാല്‍ കൃഷി നടത്തിപ്പിലുള്ള ഉയര്‍ന്ന ചിലവും സബ്‌സിഡിയുടെ അപര്യാപ്തതയും ശുദ്ധജലം സംഭരിക്കാന്‍ കഴിയാത്തതും പൊക്കാളി കൃഷി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. ഉപ്പ് വെള്ളം കയറുന്നത് തടയാന്‍ ബണ്ട് നിര്‍മിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപെടുന്നു. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ: വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. കെ.എസ്.എസ്.ഡി.എ.അഡീഷണല്‍ ഡയറക്ടര്‍ പ്രസാദ് ,നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല രാജ് കമല്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.എന്‍ രാമദാസ് ,കെ .എസ് .കൈസാബ് ,സി.കെ.രാമ നാഥന്‍ ,മുന്‍ കൗണ്‍സിലര്‍ സുമശിവന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."