തെരുവുനായ ശല്യം രൂക്ഷം: നടപടി വേണമെന്ന് നാട്ടുകാര്‍
കാഞ്ഞങ്ങാട്: മാണിക്കോത്ത് മഡിയന്‍ പാലക്കി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായി. പ്രശ്‌നത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. നായകളുടെ കൂട്ട വിളയാട്ടം കാരണം മദ്‌റസ, സ്‌കൂള്‍ വിദ്യാര്‍ഥികളും വഴിയാത്രക്കാരും ഏറെ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ മദ്‌റസയില്‍നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന മിഷാല്‍ എന്ന കുട്ടിയെ മൂന്നു നായകള്‍ ഒന്നിച്ച് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടി തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് ഓടിക്കയറിയതിനാല്‍ രക്ഷപ്പെട്ടു. തുടര്‍ന്നു വീട്ടിനകത്തുണ്ടായിരുന്ന മുതിര്‍ന്നവര്‍ ബഹളമുണ്ടാക്കി നായകളെ ആട്ടിയോടിക്കുകയായിരുന്നു.
മിഷാലിനെ നായകള്‍ ഓടിക്കുന്ന സി.സി.ടി.വി ദൃശ്യം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. അതിനിടെ, പട്ടിയെ പിടികൂടാനും മറ്റും നിയമമില്ലെന്ന കാരണം പറഞ്ഞു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈയൊഴിയുന്നതും ആളുകള്‍ക്കു വിനയാകുന്നുണ്ട്. അക്രമികളായ തെരുവുനായകളെ പിടിച്ചു കൊല്ലുന്നതിനു പകരം ഇപ്പോള്‍ നായകളെ പിടികൂടി വന്ധ്യംകരണം നടത്തി തിരിച്ചുകൊണ്ടുവിടുന്ന രീതിയാണ് അധികൃതര്‍ പിന്തുടരുന്നത്. കുട്ടിയെ നായകള്‍ കൂട്ടമായി ആക്രമിക്കാന്‍ ശ്രമിച്ച സംഭവം വീഡിയോ സഹിതം നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."