വിഴിഞ്ഞം മത്സ്യമാര്‍ക്കറ്റ്: അന്ന് സല്‍പ്പേര്, പക്ഷേ ഇന്ന്..?
കോവളം: മായം കലരാത്ത മീന്‍ കിട്ടുന്നയിടമെന്ന സല്‍പ്പേര് ഒരു കാലത്ത് വഴിഞ്ഞത്തെ മത്സ്യമാര്‍ക്കറ്റിനുണ്ടായിരുന്നു. തലസ്ഥാന ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നു നിരവധി പേര്‍ ഇതിനായി വിഴിഞ്ഞത്തേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിയാകെ മാറി. വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളായ മുക്കോല, വെങ്ങാനൂര്‍, ഉച്ചക്കട തുടങ്ങിയയിടങ്ങളില്‍ നിന്നും വിറ്റഴിക്കുന്ന മീനുകളെ കുറിച്ച് വ്യാപക പരാതികളുയരുകയാണ്.
ചൂര മീനിനെ കുറിച്ചാണ് പരാതികളേറെയും. ഒറ്റനോട്ടത്തില്‍ കടലില്‍ നിന്നു അപ്പോള്‍ കൊണ്ടുവന്നതെന്ന് തോന്നിപ്പിക്കുന്ന മീന്‍ വീട്ടില്‍കണ്ടുപോയി മുറിക്കുമ്പോള്‍ അഴുകിയ നിലയിലാകുമത്രേ. മത്സ്യത്തില്‍ ഫോര്‍മാലിന്‍ ഉപയോഗിക്കുന്നതിനാലാണിത്. തമിഴ്‌നാട് ,കര്‍ണ്ണാടക, ആന്ധ്രാ എന്നിങ്ങനെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കാലപ്പഴക്കം ചെന്ന മത്സ്യങ്ങള്‍ തീരദേശ ചന്തകളില്‍ എത്തുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു.
ഇത്തരത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മത്സ്യങ്ങള്‍ ചില്ലറ വില്‍പനക്കാരിലൂടെയാണ് വിഴിഞ്ഞം, ഉച്ചക്കട, വെങ്ങാനൂര്‍, മുക്കോല, ആഴാകുളം, വെള്ളാര്‍ തുടങ്ങിയയിടങ്ങളിലെ ചന്തകളില്‍ എത്തുന്നത്. രാവിലെ മുതല്‍ രാത്രി പത്ത് മണി വരെ മത്സ്യവില്‍പന നടക്കുന്നുണ്ട്.
മാരക വിഷാംശമുള്ള ഫോര്‍മാലിന്‍ കലര്‍ത്തിയുള്ള മത്സ്യവില്‍പന ഇവിടെ പൊടിപൊടിച്ചിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പ് ചെറുവിരലനക്കിയിട്ടില്ല. നഗരസഭയുടെ ആരോഗ്യ വകുപ്പാകട്ടെ ഇതൊന്നും തങ്ങളുടെ ചുമതലയില്‍ വരുന്നതല്ലെന്ന നിലപാടിലാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് പള്ളിപ്പുറത്തെ സി.ആര്‍.പി. എഫ് ക്യാംപില്‍ ഭക്ഷ്യ വിഷബാധയേറ്റ് ജവാന്‍മാര്‍ ആശുപത്രിയിലായത് പഴകിയ മത്സ്യം കഴിച്ചിട്ടാണെന്നാണ് നിഗമനം. എന്നിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ ഗുരുതര അലംഭാവം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."