കൊവിഡ് മറയാക്കി സ്വകാര്യവല്‍കരണത്തിന് ഭരണകൂട നീക്കം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: കൊവിഡ് മറയാക്കി സ്വകാര്യവല്‍കരണം ത്വരിതപ്പെടുത്താനുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാര്‍ലമെന്റിലും നിയമസഭയിലും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളില്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ മൂലം ദാരിദ്ര്യത്തിലായ അടിസ്ഥാന വിഭാഗങ്ങളും കൂട്ടപ്പലായനം നടത്തേണ്ട ഗതികേടിലായ ഇതര സംസ്ഥാന തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാകുന്ന നടപടികളൊന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പലായനത്തിനിടെ കുട്ടികളും സ്ത്രീകളും മരിച്ചുവീഴുന്നത് കണ്ടില്ലെന്നു നടിക്കുകയാണ് കേന്ദ്രം. ലോകത്താകമാനം മലയാളികള്‍ മരിച്ചുവീഴുമ്പോള്‍ മലയാളികള്‍ സുരക്ഷിതമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ക്വാറന്റൈനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും ഇവിടെ ഒന്നും ഒരുക്കിയിട്ടില്ല.
ആരാധാനാലയങ്ങളെല്ലാം അടച്ച്, ഉത്സവങ്ങള്‍ വേണ്ടെന്നുവച്ച് മതസംഘടനകള്‍ പൂര്‍ണമായി സഹകരിക്കുന്നു. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കു പോലും കടുത്ത നിയന്ത്രണമുണ്ട്. ഈ ഘട്ടത്തിലും ബാറുകള്‍ തുറക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വിവാദ തീരുമാനമെടുക്കാന്‍ ലോക്ക് ഡൗണ്‍ കാലം സൗകര്യമായെടുക്കുകയാണ്.
വളയാറില്‍ പോയ ജനപ്രതിനിധികളെ ക്വാറന്റൈനിലാക്കിയതില്‍ രാഷ്ട്രീയം മാത്രമാണുള്ളത്. വാളയാര്‍ സംഭവവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെ സമൂഹമാധ്യങ്ങളില്‍ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ തിമിരം ബാധിച്ചവരാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടിനെതിരേ യു.ഡി.എഫ് ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും ഉയര്‍ത്തിക്കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."