ഉണ്യാല്‍ മേഖലയില്‍ രണ്ട് ഫൈബര്‍ വള്ളങ്ങള്‍ തിരയില്‍പ്പെട്ട് തകര്‍ന്നു
തിരൂര്‍: ഉണ്ണ്യാല്‍ കടപ്പുറത്തു നിന്നും എട്ടു കിലോമീറ്റര്‍ അകലെ മത്സ്യം പിടിച്ചുകൊണ്ടിരിക്കെ ഭീമന് തിരമാലയില്‍പ്പെട്ടു രണ്ടു ഫൈബര്‍ വള്ളങ്ങള്‍ തകര്‍ന്നു. അപകടത്തില്‍ നിന്നും ഏഴു മത്സ്യത്തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചുടി സ്വദേശി ഏനിന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള രണ്ടു ഫൈബര്‍ വള്ളങ്ങളാണു തകര്‍ന്നത്.
ഏറെ നേരം കടലില്‍ കുടുങ്ങിയ തൊഴിലാളികളെ മറ്റു മത്സ്യത്തൊഴിലാളികളാണു രക്ഷിച്ചത്. അപകടത്തില്‍ അഞ്ചുടി സ്വദേശി ഷറഫുദീ(45)നു കൈയ്ക്കു പരുക്കേറ്റു. മറ്റുള്ളവര്‍ക്കു നേരിയ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി തൊഴിലാളികള്‍ പറഞ്ഞു.എന്നാല്‍ ബോട്ടുകള്‍ തകര്‍ന്നെങ്കിലും ജീവന് തിരിച്ചു കിട്ടിയആശ്വാസത്തിലാണു തൊഴിലാളികള്‍. കടല്‍ക്ഷോഭം ശക്തമായതിനാല്‍ വള്ളം പൂര്‍ണമായും കടലില്‍ മുങ്ങി. മത്സ്യ ബന്ധനത്തിനുപയോഗിച്ചിരുന്ന വല, രണ്ടു യമഹ എന്‍ജിനുകള്‍, എട്ടു കാന്‍ മണ്ണെണ്ണ, മൂന്നു മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടു. അഞ്ചു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.
ട്രോളിങ് നിരോധന കാലയളവായതിനാല്‍ ചെറുവള്ളങ്ങളിലാണു തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നത്. അതിനാലാണു ഭീമന് തിരമാലകളില്‍പ്പെട്ടു മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്നത്.
കടലില്‍ മുങ്ങിയ വള്ളങ്ങള്‍ കരയ്ക്കടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ശക്തമായ തിരമാലകള്‍ കാരണം അപകടത്തില്‍പ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനു വലിയ പ്രയാസം നേരിട്ടതായി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കിയവര് പറഞ്ഞു.
പൊന്നാനിയില്‍ നിന്നോ ബേപ്പൂരില്‍ നിന്നോ ഖലാസികള്‍ എത്തിയാല്‍ മാത്രമേ കടലില്‍ മുങ്ങിയ വള്ളങ്ങള്‍ കരയ്ക്കടുപ്പിക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."