മൂനാടിയില്‍ തൊഴിലാളികള്‍ക്കു നേരെ കാട്ടാനകളുടെ ആക്രമണം
കരുവാരകുണ്ട്: മൂനാടിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ തൊഴിലാളികള്‍ക്കു പരുക്കേറ്റു. ഞായറാഴ്ച രാവിലെ ജോലിക്കു പോകുകയായിരുന്ന തോട്ടം തൊഴിലാളികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം ആന തകര്‍ത്തു. നിസാര പരുക്കുകളോടെ തലനാരിഴയ്ക്കാണു തൊഴിലാളികള്‍ രക്ഷപ്പെട്ടത്.
ഇപ്പോഴും നടുക്കം മാറിയിട്ടില്ലെന്നു ഡ്രൈവര്‍ ആലിപ്പറ്റ ആലിയും മറ്റുള്ളവരും പറയുന്നു. പ്രദേശത്തെ കൃഷിയിടങ്ങളില്‍ പന്ത്രണ്ടോളം ആനകളിറങ്ങിയിരുന്നു. പ്രദേശവാസികള്‍ പടക്കം പൊട്ടിച്ച് ആനകളെ തുരത്തിയെങ്കിലും സമീപപ്രദേശങ്ങളില്‍ തന്നെ നിലയുറപ്പിച്ചിരുന്നു. പ്രദേശത്തെ റബ്ബര്‍, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷികവിളകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. താഴത്തേല്‍ മാത്യു സെബാസ്റ്റ്യന്‍, മോയിക്കല്‍ അബ്ദു, മടത്തൊടി മുഹമ്മദ്, കുന്നുമ്മല്‍ മത്തായി, ചെണ്ണെകുന്നന് സിറാജ്, എരൂത്ത് അസീസ്, പടിഞ്ഞാറേതില്‍ ഹംസ, മോയിക്കല്‍ സെയ്തലവി, കോയിപറമ്പന് ഏന്തി, കെ. ടി. പൗലോസ്, എരൂത്ത് നാസര്‍ തുടങ്ങി നിരവധിപേരുടെ കൃഷികളാണ് ആനകള്‍ നശിപ്പിച്ചിട്ടുള്ളത്.
ടാപ്പിംഗ് തുടങ്ങാനിരിക്കുന്ന നൂറോളം റബ്ബര്‍ തൈകളും ഇവ നശിപ്പിച്ചിട്ടുണ്ട്. ആനകളെ തുരത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധിച്ചു നാട്ടുകാരായ പി. റസാഖ്, സി. ടി. നാസര്‍, പി. നൗഷാദ്, പി. പി. റഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണു പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ആനകളെ തുരത്താന്‍ മുന്‍കൈ എടുത്തത്. പറയന്മേട്, ചാമക്കുന്ന്, പുളിയാക്കോടു ഭാഗങ്ങളില്‍ തൊഴിലാളികള്‍ ആനകളെ കാണാറുണ്ടെങ്കിലും ആക്രമണം ഇതാദ്യമാണ്. ഇനിയുള്ള ദിവസങ്ങളിലും കാട്ടാന ആക്രമണം ഉണ്ടാവുമോ എന്ന ആശങ്ക തൊഴിലാളികളില്‍ ഭീതിപരത്തിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."