യു.എസിന്റെ സിറിയന്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് പുടിന്
മോസ്കോ: സിറിയയുടെ മേല്‍ യു.എസ് നടത്തിയ മിസൈല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്. മിര്‍24 ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് പുടിന്റെ പ്രതികരണം. രാസായുധപ്രയോഗം നടത്തിയതിന് യാതൊരു തെളിവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷവാതകം ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ കെട്ടിച്ചമച്ച് അതിന്റെ ആരോപണം സിറിയന്‍ ഭരണകൂടത്തിന് മേല്‍ ചുമത്താനാണ് അവര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ പുതുതായി അമേരിക്ക മിസൈലാക്രമണങ്ങള്‍ നടത്താനുള്ള സാധ്യതയെ കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ മിസൈലാക്രമണങ്ങള്‍ നടത്താന്‍ അമേരിക്ക പദ്ധതിയിടുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
കഴിഞ്ഞ ആഴ്ച ഖാന് ശൈഖൂനിലുണ്ടായ രാസായുധാക്രമണത്തെ സംബന്ധിച്ച് സൂക്ഷ്മമായ അന്വേഷണം നടത്തണമെന്നാണ് അമേരിക്കയോട് റഷ്യക്ക് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണം മുമ്പ് ഇറാഖില്‍ കടുത്ത വിനാശകാരികളായ ആയുധങ്ങളുണ്ടെന്ന ആരോപണത്തെയാണ് ഓര്‍മപ്പെടുത്തുന്നതെന്നും പുടിന് സൂചിപ്പിച്ചു. നിലവില്‍ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപകടം ഭീകരതയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സിറിയയില്‍ നടന്ന രാസായുധ പ്രയോഗത്തില്‍ കുട്ടികളുള്‍പെടെ 80പേര് കൊല്ലപ്പെട്ടിരുന്നു. അതിനടുത്ത ദിവസം സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ് തിരിച്ചടിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."