കാറ്റില്‍ മരംവീണ് വീട് തകര്‍ന്നു
നെടുങ്കണ്ടം: ശക്തമായ കാറ്റിനെ തുടര്‍ന്ന് മരം വീണ് വീട് തകര്‍ന്നു. നെടുങ്കണ്ടം കല്‍ക്കൂന്തല്‍ ഒറ്റക്കട പുല്ലാട്ട് ചാക്കോയുടെ വീടാണ് തകര്‍ന്നത്. ശനിയാഴ്ച രാത്രി പതിനൊന്നോടെയുണ്ടായ കാറ്റില്‍ മരം കടപുഴകി വീടിന്റെ മുകളിലേക്കു പതിക്കുകയായിരുന്നു. ഈ സമയം ചാക്കോയും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. വീടിന്റെ രണ്ടു മുറികളുടെ ഷീറ്റും ബാത്ത്‌റൂമും പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ഭിത്തികള്‍ മുഴുവന്‍ വീണ്ടുകീറിയ അവസ്ഥയിലാണ്.
അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നിരുന്ന ഈ മരം ചുവട് ദ്രവിച്ചും ദ്വാരം വീണും ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലായിട്ട് അഞ്ചുവര്‍ഷത്തിലേറെയായി. ഇതു മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ വില്ലേജ്, താലൂക്ക്, ഫോറസ്റ്റ് എന്നിവിടങ്ങളില്‍ 2013 -ല്‍ പരാതി നല്‍കിയിരുന്നു.
ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി അപകടാവസ്ഥ മനസിലാക്കി മടങ്ങിയതല്ലാതെ വെട്ടിമാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ല. ഒരോവര്‍ഷവും വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
മരം വീണ് വീടു തകര്‍ന്നതോടെ വില്ലേജ് ഓഫിസര്‍, ഫോറസ്റ്റ് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി. വീടിനു സമീപംതന്നെ ഇത്തരത്തില്‍ നിരവധി മരങ്ങള്‍ അപകടാവസ്ഥയിലുണ്ട്. ഈ മരങ്ങള്‍ അടിയന്തരമായി വെട്ടിമാറ്റുവാനുള്ള അനുമതി ഉദ്യോഗസ്ഥര്‍ നല്‍കി. വീടു തകര്‍ന്നതോടെ അയല്‍വീട്ടിലാണ് ചാക്കോയും കുടുംബവും ഇപ്പോള്‍ കഴിയുന്നത്. പ്രദേശവാസികള്‍ ചേര്‍ന്ന് വീടിനുമുകളില്‍ വീണ മരം വെട്ടിമാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."