എം.ജി ഉത്തരക്കടലാസുകള്‍ റോഡരികില്‍; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചു
ആലുവ/കോട്ടയം : മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ദേശീയ പാതയില്‍ നിന്നും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് കളഞ്ഞുകിട്ടി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് തോട്ടയ്ക്കാട്ടുകര സിഗ്‌നലിനു സമീപം 39 ഓളം ഉത്തരക്കടലാസുകളാണ് ദേശീയ പാതയില്‍ ചിതറിക്കിടന്ന നിലയില്‍ കണ്ടു കിട്ടിയത്. ബി.എസ്.സി.ബയോടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ ജെനറ്റിക് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കിട്ടിയത്. 2018 ഡിസംബറില്‍ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണിവ. വിവരം ഓട്ടോറിക്ഷ തൊഴിലാളികള്‍ നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ജെറോം മൈക്കിള്‍, കൗണ്‍സിലര്‍ ലളിത ഗണേശന്‍ എന്നിവരെ അറിയച്ചതിനെ തുടര്‍ന്ന് ഉത്തരക്കടലാസുകള്‍ ആലുവ പൊലിസിനു കൈമാറി.
എം.ജി സര്‍വകലാശാല ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ആലുവ തോട്ടയ്ക്കാട്ടുകര ദേശീയപാതയ്ക്ക് സമീപത്തുനിന്നും കണ്ടെത്തിയതായി ആരോപിക്കപ്പെടുന്ന സംഭവത്തില്‍ മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന അധ്യാപികയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി. അന്വേഷണ വിധേയമായി അധ്യാപികയെയും ചീഫ് എക്‌സാമിനറെയും ക്യാംപ് ഓഫിസറെയും പരീക്ഷാ ജോലികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിന്‍ഡിക്കേറ്റ് പരീക്ഷ ഉപസമിതി കണ്‍വീനര്‍ ഡോ. ആര്‍. പ്രഗാഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. എ. ജോസ് എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചതായും വൈസ്ചാന്‍സലര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."