നടുറോഡില്‍ യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി
പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
തിരുവല്ല: നടുറോഡില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ റേഡിയോളജി വിദ്യാര്‍ഥിയായ അയിരൂര്‍ സ്വദേശിനി കവിത വിജയകുമാറി (20)നെയാണ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് കുമ്പനാട് കോയിപ്രം കരാലില്‍ വീട്ടില്‍ അജിന്‍ റെജി മാത്യുവിനെ (18) നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഇയാള്‍. പ്രണയനൈരാശ്യമാണ് സംഭവത്തിനു പിന്നിലെന്ന് പൊലിസ് പറഞ്ഞു.
ജില്ലാ പൊലിസ് മേധാവി ജയദേവിന്റെ നേതൃത്വത്തില്‍ യുവാവിനെ ചോദ്യം ചെയ്തു. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: അയിരൂര്‍ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറിക്ക് പഠിക്കുമ്പോള്‍ മുതല്‍ കവിതയുമായി അജിന്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി പെണ്‍കുട്ടി അകല്‍ച്ചയിലായെന്നും ഇതേക്കുറിച്ച് ഇന്നലെ കവിതയുമായി സംസാരിക്കാനാണ് ഇയാള്‍ എത്തിയത്. പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തിന് സമീപമെത്തി റോഡരുകില്‍ നിന്ന് സംസാരിക്കുന്നതിനിടെ രോഷാകുലനായ അജിന്‍ കത്തി ഉപയോഗിച്ച് കവിതയുടെ വയറില്‍ മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് ബാഗില്‍ കുപ്പിയില്‍ സൂ പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്തൊഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. തീകത്തുന്നത് കണ്ട് വന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് വെള്ളവും മറ്റും ഉപയോഗിച്ച് തീകെടുത്തി കവിതയെ ആശുപത്രിയിലാക്കുകയായിരുന്നു.
കയ്യില്‍ കത്തിയുമായി നിന്ന യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയുടെ വയറിലെ മുറിവ് ഗുരുതരമല്ലെന്നും എന്നാല്‍ പൊള്ളല്‍ 60 ശതമാനത്തിന് മുകളിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."