കരിപ്പൂരില്‍ നിന്ന് സഊദി എയര്‍ലൈന്‍സ് ജിദ്ദയിലേക്ക്; കൊച്ചിയില്‍ നിന്ന് എയര്‍ഇന്ത്യ മദീനയിലേക്കും പറക്കും
#അശ്റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വിസുകള്‍ക്കായുള്ള കരാറില്‍ വിമാന കമ്പനികള്‍ ഒപ്പുവച്ചു. രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ എയര്‍ ഇന്ത്യ 15 ഇടങ്ങളില്‍ നിന്നും സഊദി കരിപ്പൂര്‍ ഉള്‍പ്പടെ അഞ്ചിടങ്ങളില്‍ നിന്നും സര്‍വിസ് നടത്തും. സ്പൈസ് ജെറ്റ് ജമ്മുകശ്മിരില് നിന്നുള്ള തീര്‍ഥാടകരെ കൊണ്ടുപോവും.
ഇന്ത്യയില്‍ നിന്നുള്ള ഈവര്‍ഷത്തെ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും ഹജ്ജ് സര്‍വിസുകള്‍ നടത്താന്‍ എയര്‍ഇന്ത്യക്കാണ് ടെന്‍ഡര്‍ ലഭിച്ചിരുന്നത്. എന്നാല്‍ മതിയായ വിമാനങ്ങളില്ലാത്തതിനാല്‍ എയര്‍ ഇന്ത്യ കരിപ്പൂര്‍, ബംഗളൂരു, മുംബൈ, ലഖ്നൗ, കൊല്‍ക്കത്ത എന്നീ അഞ്ച് വിമാനത്താവളങ്ങള്‍ സഊദി എയര്‍ലൈന്‍സിന് കൈമാറുകയായിരുന്നു.
എയര്‍ഇന്ത്യ സ്വന്തമാക്കിയ ടെന്‍ഡറിനേക്കാള്‍ ഉയര്‍ന്ന നിരക്കിനാണ് സഊദിക്ക് സര്‍വിസുകള്‍ കൈമാറിയത്. ജമ്മുകശ്മിരില് നിന്നുള്ള സര്‍വിസുകള്‍ സ്പൈസ് ജെറ്റിനാണ് എയര്‍ ഇന്ത്യ കൈമാറിയത്.
കേരളത്തില്‍ നിന്നും ഈ വര്‍ഷം കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങളാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായുള്ളത്. ഇതില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സഊദിയും നെടുമ്പാശ്ശേരിയില്‍ നിന്ന് എയര്ഇന്ത്യയുമായിരിക്കും സര്‍വിസ് നടത്തുക.
കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പോകുന്ന സഊദി എയര്‍ലൈന്‍സ് വിമാനത്തിന്റെ മടക്ക സര്‍വിസുകള്‍ മദീന വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. കരിപ്പൂരില്‍ നിന്നാണ് കൂടുതല്‍ തീര്‍ഥാടകരും ഈ വര്‍ഷം ഹജ്ജിന് പുറപ്പെടുന്നത്.
നെടുമ്പാശ്ശേരിയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ഹജ്ജ് സര്‍വിസുകള്‍ നേരിട്ട് മദീനയിലേക്കായിരിക്കും പറക്കുക. മടക്ക യാത്ര ജിദ്ദ വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി കേരളത്തില്‍ നിന്നുളള ഹജ്ജ് സര്‍വിസുകള്‍ നടത്തുന്നത് സഊദി എയര്‍ലൈന്‍സാണ്. കരിപ്പൂരില്‍ നിന്ന് എയര്‍ഇന്ത്യക്ക് വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാത്തതും സര്‍വിസ് സഊദിക്ക് കൈമാറാന്‍ മറ്റൊരു കാരണമാണ് സഊദി എയര്‍ലെന്‍സിന്റെ വലിയ വിമാനങ്ങള്‍ ജിദ്ദയിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്.
ജൂലൈ നാല് മുതലാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."