ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് അഞ്ചുരാജ്യങ്ങളില്‍ നിരോധനം
സിഡ്നി: എത്യോപ്യയില്‍ വിമാന അപകടമുണ്ടായതിനു പിന്നാലെ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ബ്രിട്ടന്, ചൈന,ആസ്ത്രേലിയ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ താല്കാലിക നിരോധനം. രാജ്യത്തിനകത്തും പുറത്തുമുള്ള ബോയിങ് വിമാന സര്‍വിസുകളാണ് നിരോധിച്ചത്. കഴിഞ്ഞ ദിവസം എത്യോപ്യയിലുണ്ടായ വിമാന അപകടത്തില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 157 പേര് മരിച്ചിരുന്നു. അഞ്ച് മാസത്തിനിടെ ബോയിങ് 737 വിമാനം രണ്ടാം തവണയാണ് തകരുന്നത്.
വിമാനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതുവരെ നിരോധനം തുടരുമെന്ന് ആസ്ത്രേലിയന്‍ സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റി വക്താവ് ഷെയ്ന് കര്മോഡി പറഞ്ഞു.
അഞ്ച് മാസത്തിനിടെ രണ്ട് അപകടങ്ങളുണ്ടായതിനാല്‍ ബോയിങ് മാക്സ് വിമാനങ്ങള്‍ താല്കാലികമായി റദ്ദാക്കുകയാണെന്ന് സിംഗപ്പൂര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു.
ബോയിങ് 737-8 വിമാന സര്‍വിസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഈസ്റ്റര്‍ വിമാന കമ്പനിയോട് ആവശ്യപ്പെട്ടെന്ന് ദ.കൊറിയന്‍ നിര്‍മാണ, ഗതാഗത മന്ത്രാലയം പറഞ്ഞു.
നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ദ.കൊറിയയില്‍ ഒരു വിമാന കമ്പനി മാത്രമാണ് ഈ വിമാനം ഉപയോഗിക്കുന്നത്.
ലോകത്തില്‍ ഏറ്റവും തിരക്കേറിയ ആറാമത്തെ വിമാനത്താവളമാണ് സിംഗപ്പൂരിലെ ചാങ്കി. ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കും യു.എസിലേക്കും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളമാണിത്. ആസ്ത്രേലിയന്‍ കമ്പനികള്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കിലും വിദേശ കമ്പനികളായ സില്‍ക്ക് എയര്‍, ഫിജി എയര്‍വേയ്സ് എന്നിവ ഉപയോഗിക്കുന്നത് ഈ വിമാനങ്ങളാണ്. അപകടത്തിന് പിന്നാലെ ബോയിങ് വിമാനങ്ങള്‍ക്ക് നിരവധി രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."