നരേന്ദ്രമോദി ജനങ്ങളുടെ വികാരത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു: രാഹുല്‍
അഹമ്മദാബാദ്: തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ വികാരം വച്ച് കളിക്കുകയാണെന്നും ഭിന്നിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ പ്രധാന ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ബി.ജെ.പി നശിപ്പിക്കുകയാണ്. ജനങ്ങളെ വിഡ്ഢിയാക്കാനും തെറ്റിദ്ധരിപ്പിക്കാനും ഇനിയും നരേന്ദ്രമോദിയെ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. ഗുജറാത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തെ തോല്‍പിക്കാനുള്ള ഒരു ത്യാഗവും അധികമാവില്ല. 'വിദ്വേഷം, വൈരാഗ്യം, ഭിന്നിപ്പിക്കല്‍, ഫാസിസം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളെ തോല്‍പിക്കുമെന്ന് പ്രവര്‍ത്തക സമിതി ദൃഢനിശ്ചയം ചെയ്യുകയാണ്. ഒരു ത്യാഗവും ഈ ലക്ഷ്യത്തില്‍ അധികമാവുകയോ പാഴാവുകയോ ഇല്ല. ഈ യുദ്ധം ജയിക്കുക തന്നെ ചെയ്യുമെന്നും യോഗശേഷം രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.
അതേസമയം, പ്രവര്‍ത്തകസമിതിക്കു ശേഷം ഗാന്ധി നഗറില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലും കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേ അദ്ദേഹം ആഞ്ഞടിച്ചു. രണ്ട് തത്വങ്ങളുടെ ഏറ്റുമുട്ടലുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതെന്നും അതിനാലാണ് പ്രവര്‍ത്തകസമിതി ഗുജറാത്തില്‍ വച്ചതെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി തന്റെ ജീവിതം തന്നെ രാജ്യത്തിനുവേണ്ടി ഉഴിഞ്ഞുവച്ചിരുന്നു. എന്നാലിപ്പോള്‍ ജനാധിപത്യത്തെ തളര്‍ത്തുന്ന തരത്തിലുള്ള ഭരണമാണ് ഗുജറാത്തില്‍ നടക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് ജനങ്ങളെ രണ്ടാക്കി വിഭജിച്ചിരിക്കുന്നു.
തൊഴിലില്ലായ്മയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നം. തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടിയ നിലയിലാണ്. ജോലി ലഭിക്കാന്‍ യുവാക്കള്‍ ബുദ്ധിമുട്ടുകയാണ്. കര്‍ഷകരുടേതാണ് പിന്നീടുള്ള വലിയ പ്രശ്‌നം. പ്രസംഗത്തിനിടെ റാഫേല്‍ ഇടപാടിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പാക് അതിര്‍ത്തിയില്‍ വ്യോമാക്രമണം നടത്തിയ സൈന്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. എന്നാല്‍ അവരില്‍നിന്ന് 30,000 കോടി മോഷ്ടിച്ച് അനില്‍ അംബാനിക്കു നല്‍കിയതിനോട് അദ്ദേഹം മൗനം പാലിച്ചു.
റാഫേല്‍ അഴിമതി സംബന്ധിച്ച് അന്വേഷണം തുടങ്ങാന്‍ തീരുമാനിച്ചതിനു തൊട്ടുപിന്നാലെ സി.ബി.ഐ ഡയരക്ടറെ നരേന്ദ്രമോദി മാറ്റി. അഴിമതിക്കെതിരേ പോരാടുമെന്നാണ് മോദി വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ എന്തുകൊണ്ടാണ് 30,000 കോടി രൂപ അദ്ദേഹം അംബാനിക്കു നല്‍കിയത്.
സ്വന്തമായി കടലാസ് വിമാനം പോലും പറത്തിയിട്ടില്ലാത്ത ആളാണ് അനില്‍ അംബാനിയെന്നും രാഹുല്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."