കത്തിയെരിയുന്ന വെയിലില്‍ തണലിനായി നഗരത്തിലെ ബസ് യാത്രക്കാര്‍
പാലക്കാട് : കത്തിയെരിയുന്ന മീനചൂടിലും കാക്കത്തണലിനു വേണ്ടി കേഴുകയാണ് നഗരത്തിലെ ബസ് സ്റ്റോപ്പുകളിലെ യാത്രക്കാര്‍.
താരേക്കാട്, ഹെഡ്‌പോസ്റ്റാഫിസ്, ഐ.എം.എ ജങ്ഷന്‍, കല്‍മണ്ഡപം, ചക്കാന്തറ തുടങ്ങിയ നഗരത്തിലെ പ്രധാന കവലകള്‍ക്കു പുറമെ ഒലവക്കോട്, മേഴ്‌സി കോളേജ് ജങ്ഷനുകളിലും സ്ഥിതി പരിതാപകരമാണ്. മേഴ്‌സി കോളജ് ജംഗ്ഷനിലെ 4 റോഡുകളിലും ബസ്‌കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തത് വര്‍ഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.
വേനല്‍ക്കാലമായാലും മഴക്കാലമായാലും യാത്രക്കാര്‍ക്ക് ആശ്രയം സമീപത്തെ വ്യാപാരസ്ഥാപനങ്ങളാണ്. എന്നാല്‍ ഒലവക്കോട് ജങ്ഷനില്‍ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്നിടത്ത് കാത്തിരിപ്പു കേന്ദ്രമുണ്ടെങ്കിലും മലമ്പുഴ, റെയില്‍വേ കോളനി ബസുകള്‍ നിര്‍ത്തുന്നിടത്ത് യാത്രക്കാര്‍ വെയിലും മഴയും കൊള്ളേണ്ട ഗതികേടിലാണ്. റോഡിനോടു ചേര്‍ന്നുള്ള വ്യാപാര സ്ഥാപനങ്ങളും യാത്രക്കാരുടെ തിരക്ക് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്ന സ്ഥിതിയാണ്.
ഇവിടെ ബസ് സ്‌റ്റോപ്പ് മാറ്റി സ്ഥാപിക്കാനോ യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനോ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ല. കോട്ടമൈതാനത്തെ ഐ.എം.എ ജങ്ഷനില്‍ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസുകള്‍ നിര്‍ത്തുന്നതും യാത്രക്കാരെ കയറ്റിയിറക്കുകയും ചെയ്യുന്നത് ജങ്ഷനിലാണ്. ഇതുമൂലം യാത്രക്കാര്‍ക്ക് ദുരിതമേറെയാണ്. സിവില്‍ സ്റ്റേഷനുമുന്നിലും ഇതു തന്നെയാണ് സ്ഥിതി. കാത്തിരിപ്പു കേന്ദ്രങ്ങളുള്ളിടത്ത് ബസുകള്‍ നിര്‍ത്താത്തതിനാല്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ നിന്നും വെയില്‍ കൊണ്ട് ബസ് കയറേണ്ട ഗതികേടാണ്. ഇവിടങ്ങളിലെല്ലാം കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്കു സമീപം ബസുകള്‍ നിര്‍ത്താന്‍ ട്രാഫിക് പൊലിസോ ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല.
ഇതിനെല്ലാമുപരി നഗരത്തിലെ ഏറെ തിരക്കായ സ്റ്റേഡിയം സ്റ്റാന്റില്‍ ആയിരക്കണക്കിനുയാത്രക്കാരാണ് കത്തുന്ന വെയിലില്‍ ദുരിതം പേറി ബസുകള്‍ കയറാനെത്തുന്നത്.
ഇവിടെയുണ്ടായിരുന്ന ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രം മാസങ്ങള്‍ക്കു മുമ്പ് പൊളിച്ചു മാറ്റിയെങ്കിലും പകരം മറ്റൊന്ന് സ്ഥാപിക്കാന്‍ നഗരസഭാധികൃതര്‍ തയ്യാറായിട്ടില്ല. നഗരത്തിലെ മറ്റു പലയിടങ്ങളിലും കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഉപയോഗശൂന്യമായികിടക്കുകയാണ്.
ചിലയിടങ്ങളില്‍ എം.പി. ഫണ്ടില്‍ നിന്നു കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും യാത്രക്കാരുടെ സ്ഥിതി ദയനീയമാണ്.
ദേശീയപാതകളില്‍ ഹൈവേ അതോറിറ്റി കാത്തിരിപ്പു കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നഗരറോഡുകളിലും മറ്റു സന്നദ്ധ സംഘടനകളോ നല്‍കിയ വ്യാപാരസ്ഥാപനങ്ങളോ മുന്‍കൈയെടുത്ത് കാത്തിരിപ്പു കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തയ്യാറായാല്‍ യാത്രക്കാര്‍ക്ക് വെയിലും മഴയും കൊള്ളാതെ ബസുകയറുക എന്ന സ്വപ്നം സഫലമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."