മധുരമാകട്ടെ പരീക്ഷ
ഇന്ന് എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന എല്ലാ കൂട്ടുകാര്‍ക്കും വിജയാശംസകള്‍. മലയാളം പരീക്ഷയ്ക്കു പോകും മുന്‍പ് ഇതൊന്ന് വേഗത്തില്‍ വായിച്ചു നോക്കൂ...
കാലാതീതം കാവ്യവിസ്മയം
ലക്ഷ്മണസാന്ത്വനം
ജീവിതത്തിന്റെ നശ്വരത ബോധ്യപ്പെടുത്തുന്നതിന് ശ്രീരാമന്‍ ലക്ഷ്മണനോട് പറഞ്ഞത്
ആഗ്രഹങ്ങള്‍ അവസാനിക്കാതെ ജീവിതാന്ത്യം വരെ പിന്തുടരും. ചുട്ടുപഴുത്ത ലോഹത്തകിടില്‍ വെള്ളം വീണാല്‍ ക്ഷണനേരം കൊണ്ട് അപ്രത്യക്ഷമാകുന്നതു പോലെ ക്ഷണികമാണ് മനുഷ്യജന്മം. പാമ്പിന്റെ വായയില്‍ അകപ്പെട്ട തവള മുന്നില്‍ കാണുന്ന ഭക്ഷണം സ്വീകരിക്കാന്‍ വെമ്പുന്നതു പോലെ കാലമാകുന്ന പാമ്പിനാല്‍ വിഴുങ്ങപ്പെട്ടിട്ടും ലോകം ഭൗതിക സുഖങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു. വഴിയമ്പലത്തില്‍ വഴിയാത്രക്കാര്‍ ഒരുമിക്കുകയും അല്‍പസമയം കഴിഞ്ഞ് വേര്‍പിരിയുന്നതു പോലെയും നദിയിലൂടെ ഒഴുകുന്ന തടിക്കഷ്ണം ജലത്തില്‍ നിലനില്‍ക്കാതെ സഞ്ചരിക്കുന്നതു പോലെയുമാണ് മനുഷ്യ ജീവിതം. സമ്പത്തും ഐശ്വര്യവും യൗവനവും എന്നെന്നും നിലനില്‍ക്കില്ല. കാമം, ക്രോധം, ലോഭം, മോഹം ,മദം, മാത്സര്യം എന്നിവ മനുഷ്യരുടെ ശത്രുക്കളാണ്. ഇവയ്ക്ക് അടിമകളാകുന്നവര്‍ മനുഷ്യത്വം നശിച്ചവരാകും.
കാളിദാസന്‍
മഹാകവി കാളിദാസന്റെ ഭാവന ഏറ്റവും തെളിഞ്ഞു പ്രകാശിക്കുന്നത് ശാകുന്തളത്തിലാണെന്നാണ് ലേഖകന്‍ സമര്‍ഥിക്കുന്നത്
മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനം കഥയെ അടിസ്ഥാനമാക്കിയാണ് കാളിദാസന്‍ അഭിജ്ഞാന ശാകുന്തളം രചിച്ചിട്ടുള്ളത്. മൂലകഥയില്‍നിന്നു വ്യത്യസ്തമായി നിരവധി മാറ്റംവരുത്തലുകള്‍ നടത്തിയാണ് ശാകുന്തളത്തിന്റെ രചന. നായാട്ടിനെത്തുന്ന ദുഷ്യന്തന്‍ ശകുന്തളയെ ഗാന്ധര്‍വ്വ വിധിപ്രകാരം വിവാഹം ചെയ്ത ശേഷം കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ വരാമെന്ന് പറഞ്ഞ് മടങ്ങിപ്പോകുന്നു. ഈ സമയം ദുഷ്യന്തനെ ചിന്തിച്ചിരിക്കുന്ന ശകുന്തളയെ കണ്വാശ്രമത്തിലേക്കെത്തുന്ന ദുര്‍വാസാവിന്റെ ശാപഫലമായി ദുഷ്യന്തന്‍ ശകുന്തളയുടെ കാര്യം മറന്നു പോകുകയും ചെയ്യുന്നു.
ശകുന്തള ഒരു പുത്രനെ പ്രസവിച്ചു. ശകുന്തളയെ ഓര്‍മിക്കുവാനായി നല്‍കിയ മോതിരം നദിയില്‍ നഷ്ടപ്പെട്ടു. പിന്നീട് മോതിരം തിരികെ ലഭിച്ച സമയത്ത് ദുഷ്യന്തനു ശകുന്തളയെ ഓര്‍മവരികയും അവളെയും പുത്രനേയും സ്വീകരിക്കുകയും ചെയ്യുന്നു. മഹാഭാരത കഥയില്‍നിന്ന് വ്യത്യസ്തമായി മനോഹരമായ കൂട്ടിച്ചേര്‍ക്കലുകളാണ് ഇവിടെ കാളിദാസന്‍ നടത്തിയിട്ടുള്ളത്. ആശ്രമം, പട്ടണം, രാജകൊട്ടാരം എന്നിവ മനോഹരമായി ചിത്രീകരിക്കാനും പ്രഥമപ്രണയത്തിന്റെ വിലാസഭംഗിയും ദൃഢസ്‌നേഹത്തിന്റെ ക്ഷമയും ത്യാഗവും ഈ നാടകത്തില്‍ പൂര്‍വാധികം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഭാഗ്യ നിര്‍ഭാഗ്യങ്ങളും സുഖദുഃഖങ്ങളും ക്രോധവും സ്‌നേഹവും ഈ നാടകത്തില്‍ മനുഷ്യ ജീവിതത്തിന്റെ രൂപഭേദങ്ങള്‍ക്കനുസൃതമായി ചിത്രീകരിക്കുന്നതില്‍ കാളിദാസന്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ട്.
അമ്മ
ആ മഹാത്മാവിനെ ഒന്നു തൊട്ടില്ലെങ്കില്‍ ഞാന്‍ മരിച്ചു വീണുപോയേക്കുമെന്ന് തോന്നി. ബഷീറിന്റെ ജീവിതത്തെ ഗാന്ധിജി എത്രമാത്രം സ്വാധീനിച്ചുവെന്ന് വ്യക്തമാക്കുക?
ഉദാത്തമായ കലാസൃഷ്ടികള്‍ ജീവിതഗന്ധിയായിരിക്കുമെന്ന അഭിപ്രായത്തെ സാധൂരിക്കുന്ന അനുഭവങ്ങളാണ് കഥാകൃത്ത് ഈ കഥയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ കഥയില്‍ അവതരിക്കപ്പെടുന്ന അമ്മയുടെ മകന്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ക്രൂരമായ പീഡനങ്ങളേല്‍ക്കേണ്ടി വന്നയാളാണ്. ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന സ്വാതന്ത്രസമര പ്രവര്‍ത്തനങ്ങളോടു പുറം തിരിഞ്ഞു നില്‍ക്കാന്‍ കഥാകാരന്‍ തയാറായിരുന്നില്ല. കോഴിക്കോട് നടന്ന ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുക്കാനും വൈക്കം സത്യാഗ്രഹത്തിന് ശക്തി പകരാനും ബഷീറിന് പ്രേരണയായത് മഹാത്മാ ഗാന്ധിയോടുള്ള ആരാധനയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സര്‍വവും ത്യജിച്ച് പ്രവര്‍ത്തിക്കുന്ന ഗാന്ധിജി ബഷീറിന് ദിവ്യ പുരുഷനായിരുന്നു.ബഷീര്‍ തന്റെ വിദ്യാഭ്യാസ കാലത്തുതന്നെ ഗാന്ധിജിയേയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളേയും കുറിച്ച് മനസിലാക്കിയിരുന്നു.
ഗാന്ധിജിയോടുള്ള ആരാധന കൊണ്ടാണ് കഥാകാരന്‍ വൈക്കത്ത് ഗാന്ധിജിയെ കാണാന്‍ തടിച്ച് കൂടിയ ജനങ്ങള്‍ക്കിടയിലൂടെ പ്രയാസപ്പെട്ട് കടന്ന് ചെന്ന് ഗാന്ധിജി സ്പര്‍ശിക്കാന്‍ സന്നദ്ധനാകുന്നത്. ഗാന്ധിജിയുടെ വലതു തോളില്‍ സ്പര്‍ശിച്ച ബഷീറിന് തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായത് നേടിയ അനുഭവമാണ് കൈവന്നത്.
അനുഭൂതികള്‍
ആവിഷ്‌ക്കാരങ്ങള്‍
വിശ്വരൂപം
വിശ്വരൂപം എന്ന ശീര്‍ഷകം കഥയ്ക്ക് എത്രമാത്രം അനുയോജ്യമാണെന്ന് പരിശോധിക്കുക
മിസിസ് തലത്ത് എന്ന മുഖ്യ കഥാപാത്രത്തിന്റെ വ്യത്യസ്തമായ രണ്ട് ജീവിതാവസ്ഥകളാണ് ഈ കഥയിലൂടെ അവതരിപ്പിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന താഴത്ത് കുഞ്ഞിക്കുട്ടിയമ്മയാണ് മിസിസ് തലത്ത് എന്ന പേരില്‍ കഥയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഉന്നതനായ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയായതോടു കൂടി പാശ്ചാത്യസംസ്‌കാരത്തിന്റെ ഛായയില്‍ ജീവിക്കേണ്ടി വന്ന അവര്‍ക്ക് നാടകശാലയിലും ക്ലബ്ബുകളിലും മറ്റ് പാശ്ചാത്യ ജീവിതരീതികളിലും ജീവിതം ഹോമിക്കേണ്ടി വരുന്നു.
ഡോ. തലത്തിന്റെ മരണത്തോടു കൂടി നാട്ടില്‍ തിരിച്ചെത്തിയ അവര്‍ താഴത്ത് കുഞ്ഞിക്കുട്ടിയമ്മ എന്ന പേരില്‍ പുതിയ ജീവിതം തുടങ്ങുന്നു.തന്റെ മാതാപിതാക്കള്‍ക്ക് നല്‍കാന്‍ സാധിക്കാത്ത സ്‌നേഹം സുധീറിന് നല്‍കാന്‍ തുടങ്ങിയതോടു കൂടി ഒരു അമ്മയുടെ സ്‌നേഹവും വാത്സല്യവും മിസിസ് തലത്തില്‍നിന്നു നിര്‍ഗളിക്കുന്നു.മാതൃത്വത്തെ തിരിച്ചറിഞ്ഞ് സ്‌നേഹമയിയായ ഒരു മാതാവിന്റെ യഥാര്‍ഥരൂപത്തെയാണ് കുഞ്ഞിക്കുട്ടിയമ്മ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുന്നതെന്ന് സുധീര്‍ മനസിലാക്കുന്നു.ഇതിനാല്‍ തന്നെ വിശ്വരൂപം എന്ന ശീര്‍ഷകം ഈ കഥയ്ക്ക് അനുയോജ്യമാണെന്ന് പറയാം.
പ്രിയദര്‍ശനം
അവനവനാത്മസുഖത്തിനാചരിക്കുന്നവ
യപരന്നു സുഖത്തിനായി വരേണം
ശ്രീനാരായണ ഗുരു
അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍
കുമാരനാശാന്‍
കാവ്യഭാഗങ്ങളിലെ ജീവിതവീക്ഷണം താരതമ്യം ചെയ്യുക
സമാധാനപൂര്‍ണമായ ജീവിതത്തിന് പരസ്പര സഹവര്‍ത്തിത്വം ആവശ്യമാണെന്ന് ലോകതത്വത്തെ ഊട്ടിയുറപ്പിക്കുകയാണ് ഈ വരികളിലൂടെ. ക്ഷണികമാണ് മനുഷ്യ ജീവിതമെങ്കിലും അത് ഇതരജീവികള്‍ക്കു കൂടി പ്രയോജനപ്രദമാകുമാകുമ്പോഴാണ് മനുഷ്യജന്മത്തിന്റെ ധന്യത കൈവരുന്നത്. ലോക നന്മയ്ക്കായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇരു കവിതകളിലും വിവരിക്കപ്പെടുന്നത്.സ്വന്തം സുഖത്തിന് വേണ്ടി ചെയ്യുന്ന കര്‍മങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി സുഖംപ്രദാനം ചെയ്യുന്നവയായിരിക്കണമെന്ന് ശ്രീനാരായണ ഗുരുവും മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് സ്വന്തം ജീവിതം അറിവുള്ളവര്‍ ജീവിച്ച് തീര്‍ക്കുക എന്ന് കുമാരനാശാനും പ്രസ്താവിക്കുന്നു.
കടല്‍ത്തീരത്ത്
പൊതിച്ചോറിന് കഥയില്‍ സവിശേഷമായ സ്ഥാനമാണുള്ളത്. വിലയിരുത്തുക
ജയില്‍ കഴിയുന്ന മകനെ കാണാന്‍ പോകുന്ന വെള്ളായിയപ്പന് മകനു നല്‍കാനായി കോടച്ചി ഉണ്ടാക്കിയതാണ് പൊതിച്ചോറ്. മകനോടുള്ള അമ്മയുടെ വാത്സല്യവും ഓര്‍മയും ആ പൊതിച്ചോറില്‍ അടങ്ങിയിരിക്കുന്നു. മകനെ ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ശേഷിയില്ലാത്ത അച്ഛന് മകന്റെ മരണത്തിന് മുമ്പ് പൊതിച്ചോറ് നല്‍കാനുള്ള ശേഷി മാത്രമേയുള്ളൂ. എന്നാല്‍ തോര്‍ത്തില്‍ ഭദ്രമായി പൊതിഞ്ഞു കൊണ്ടു പോകുന്ന പൊതിച്ചോറ് മകന് നല്‍കാനാവാതെ ബലിച്ചോറായി മണ്ണില്‍ അര്‍പ്പിക്കാനേ വെള്ളായിയപ്പന് സാധിച്ചുള്ളൂ. മകന്റെ ജീവന്‍ നിലനിര്‍ത്താനായി കൊടുത്തുവിട്ട പൊതിച്ചോറ് ബലി തര്‍പ്പണത്തിനായുള്ള ബലിച്ചോറായി പരിണമിച്ചത് ഈ കഥയുടെ ഭാവതീവ്രതയെ വെളിപ്പെടുത്തുന്നു.
സംഘര്‍ഷങ്ങള്‍
സങ്കീര്‍ത്തനങ്ങള്‍
പ്രലോഭനം
വൈരി വൈരസേനിക്കിഹ ഞാന്‍ കലി
തവ ഞാന്‍ മിത്രം
കലി ഇപ്രകാരം പരിചയപ്പെടുത്തിയതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുക
ദമയന്തിയെ സ്വയംവരം ചെയ്യാന്‍ സാധിക്കാത്തതിലുള്ള പക മനസില്‍ സൂക്ഷിക്കുന്നവനാണ് കലി.ഏതുവിധത്തിലും നളനേയും ദമയന്തിയും പരസ്പരം വേര്‍പിരിക്കുമെന്ന് ദൃഢനിശ്ചയം ചെയ്ത കലി അതിനായുള്ള ഉപായങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു.നളന്റെ ഉയര്‍ച്ചയില്‍ ദുഃഖിതനായി കഴിയുന്ന പുഷ്‌ക്കരനെ ഇതിനായി കലി ഒപ്പം നിര്‍ത്തുന്നു.പുഷ്‌ക്കരന് നളനോടുള്ള വിരോധം മനസിലാക്കിയ കലി താന്‍ പുഷ്‌ക്കരന്റെ സുഹൃത്താണെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് കലി പ്രതീക്ഷിക്കുന്നു.
യുദ്ധത്തിന്റെ പരിണാമം
പാണ്ഡവര്‍ നേടിയ വിജയത്തെ വല്ലപാടും നേടിയ വിജയം എന്ന് വിശേഷിപ്പിക്കുന്നതിന്റെ ഔചിത്യം പരിശോധിക്കുക.
പാണ്ഡവരും കൗരവരും ധര്‍മയുദ്ധമാണ് ആഗ്രഹിച്ചിരുന്നത്. ഇതിനാവശ്യമായ കരാറ് ഇരുവരും ചേര്‍ന്ന് അംഗീകരിച്ചതുമാണ്.എന്നാല്‍ യുദ്ധക്കരാര്‍ ലംഘിച്ചു കൊണ്ടുള്ള യുദ്ധമാണ് പലപ്പോഴും നടന്നത്.ശിഖണ്ഡിയെ ഉപയോഗപ്പെടുത്തിയാണ് കൗരവസേനാനിയായ ഭീഷ്മരെ വീഴ്ത്തിയത്. ഭീഷ്‌ക്കര്‍ക്കെതിരെ പാണ്ഡവര്‍ നേടിയ വിജയം വല്ലപാടും നേടിയ വിജയമായിരുന്നു. അശ്വത്ഥാമാവ് മരിച്ചുവെന്ന കള്ള പ്രചാരണം നടത്തിയാണ് പാണ്ഡവരുടെ ശത്രുവായ ദ്രോണരെക്കൊണ്ട് ആയുധം താഴെ വെപ്പിച്ചാണ് ധൃഷ്ടദ്യുമ്‌നന്‍ ഗുരുവിനെ കഴുത്തറുത്ത് കൊന്നത്.
കുരുക്ഷേത്രയുദ്ധത്തില്‍ ദുര്യോധനന്‍ തുടയെല്ല് തകര്‍ന്ന് വീണു മരിച്ചതും ഒരര്‍ഥര്‍ത്തില്‍ ചതിപ്രയോഗമായിരുന്നു. മല്ലയുദ്ധത്തില്‍ തുടയില്‍ അടിച്ചു വീഴ്ത്തതുതെന്ന ധര്‍മ്മം മറികടന്നാണ് ഭീമന്‍ ദുര്യോധനനെ വധിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളെ മുന്‍ നിര്‍ത്തിയാണ് ലേഖകന്‍ പാണ്ഡവര്‍ നേടിയ വിജയത്തെ വല്ലപാടും നേടിയ വിജയം എന്ന് വിശേഷിപ്പിക്കുന്നത്
ആത്മാവിന്റെ വെളിപാടുകള്‍
ആ ചരടുകളെല്ലാം കൂടി കെട്ടുപിണഞ്ഞ് ആ കെട്ടുകളില്‍ കുരുങ്ങിക്കിടന്ന് എന്റെ ജീവിതം പിടയുന്നു. ദസ്തയേവ്‌സ്‌കിയുടെ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി വിവരിക്കുക
ചുഴലി രോഗത്തിന്റെ പിടിയിലകപ്പെട്ട് ജീവിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് ദസ്തയേവ്‌സ്‌കിയുടെ ഭാര്യയുടെ മരണമുണ്ടാകുന്നത്. ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ ഭാര്യ അദ്ദേഹത്തിന് ആശ്വാസമായിരുന്നു.എന്നാല്‍ ആശ്വാസം നഷ്ടപ്പെട്ടത് ജീവിതക്കുരുക്കിനെകൂടുതല്‍ മുറുക്കുകയാണുണ്ടായത്. ദസ്തയേവ്‌സ്‌കിയുടെ അധോലോകക്കുറിപ്പുകള്‍ എന്ന കൃതി പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ എപോക് എന്ന പ്രസിദ്ധീകരണമായിരുന്നു.എന്നാല്‍ പ്രസ്തുത പ്രസിദ്ധീകരണം വരുത്തിവച്ച കനത്ത കടബാധ്യതമൂലം അദ്ദേഹത്തിന്റെ ജ്യേഷ്ഠന് പ്രസിദ്ധീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നതും തുടര്‍ന്ന് മനോവിഷമം മൂലം കിടപ്പിലാകുകയും തുടര്‍ന്ന് മരിക്കുകയും ചെയ്തു.
ഇതോടെ ജ്യേഷ്ഠന്റെ കുടുംബത്തിന്റെ ബാധ്യത ദസ്തയേവ്‌സ്‌കിയുടെ ചുമലിലായി. ദസ്തയേവ്‌സ്‌കിയുടെ കൃതിയുടെ പകര്‍പ്പാവകാശം ചതിയിലൂടെ നേടിയെടുക്കുന്നതിനായി കടം വാങ്ങിയ പണത്തിന് ഈടായി ഒരു നോവല്‍ പൂര്‍ത്തീകരിക്കാനുള്ള കാലപരിധി മുന്‍കൂട്ടി നിശ്ചയിച്ചു. നോവല്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ദസ്തയേവ്‌സ്‌കിയുടെ കൃതിയുടെ അവകാശം സ്വന്തമാകുമെന്ന് സ്റ്റെല്ലോവിസ്‌കി എന്ന പ്രസാധകനുമായി കരാര്‍ ഉറപ്പിച്ചു. ഇതോടു കൂടിയാണ് അന്നയെ എഴുത്തുകാരിയായി അദ്ദേഹത്തിന് നിയമിക്കേണ്ടി വന്നത്. ഇത്തരം അനുഭവങ്ങളാണ് ആ ചരടുകളെല്ലാം കൂടി കെട്ടുപിണഞ്ഞ് ആ കെട്ടുകളില്‍ കുരുങ്ങിക്കിടന്ന് എന്റെ ജീവിതം പിടയുന്നുവെന്ന് ദസ്തയേവ്‌സ്‌കിയെക്കൊണ്ട് പറയിപ്പിച്ചത്.
വാക്കുകള്‍ സര്‍ഗതാളങ്ങള്‍
അക്കര്‍മാശി
ചവറുകള്‍ക്കു പകരം തൂക്കി നോക്കേണ്ടത് ഞങ്ങളുടെ വിശപ്പാണെന്നെനിക്ക് തോന്നി - ഈ പ്രയോഗത്തിലൂടെ ലിംബോളെയുടെ ജീവിത പശ്ചാത്തലം വ്യക്തമാക്കുക
ദരിദ്രമായ ജീവിത പശ്ചാത്തലത്തിലായിരുന്നു ലിംബോളെ ജീവിച്ചിരുന്നത്. മാമന് ഒരു ജോലിയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ശാന്ത മുത്തശ്ശി പഴം വിറ്റ് കിട്ടുന്ന പണം കൊണ്ടായിരുന്നു ആ കുടുംബം ജീവിച്ചിരുന്നത്.എന്നാല്‍ മുത്തശ്ശിക്ക് പഴം നല്‍കിയിരുന്ന കച്ചവടക്കാരനുമായി കുമാര്‍ മാമ വഴക്കു കൂടിയതിനാല്‍ മുത്തശ്ശി ജോലി ഉപേക്ഷിച്ചു.മാമന്‍ കടം വാങ്ങിയിരുന്ന പണത്തിനായി മുത്തശ്ശിയുടെ അടുക്കല്‍ ധാരാളം ആളുകള്‍ എത്തിയിരുന്നു.ജീവിതച്ചെലവിനുള്ള പണം കണ്ടെത്താന്‍ പൊട്ടിയ കുപ്പിയും കീറക്കടലാസും ശേഖരിക്കാന്‍ ലിംബോളെയും പോയിത്തുടങ്ങി.
ആവശ്യത്തിന് ആഹാരം ലഭിക്കാതെയായിരുന്നു ആ കുടുംബം ജീവിതം തള്ളി നീക്കിയിരുന്നത്.മിഠായി കടലാസ്സ് കണ്ടാല്‍ ലിംബോളെയുടെ വായയില്‍ വെള്ളമൂറിയിരുന്ന.വാറു പൊട്ടിയ ചെരിപ്പ് ധരിച്ചായിരുന്നു ലിംബോളെ സ്‌കൂളില്‍ പോയിരുന്നത്.ചവറുകള്‍ തൂക്കി വിറ്റ് ജീവിക്കുന്ന ആ കുടംബ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടാണ് ചവറുകള്‍ക്കു പകരം തൂക്കി നോക്കേണ്ടത് ഞങ്ങളുടെ വിശപ്പാണെന്ന പ്രയോഗം ഉയര്‍ന്നു വരുന്നത്
ഞാന്‍ കഥാകാരനായ കഥ
എനിക്ക് സഹതാപവും തുടര്‍ന്ന് ഉള്ളില്‍ ചിരിയും വന്നു - കഥാകൃത്ത് ഇങ്ങനെ പറയാന്‍ കാരണമെന്ത്?
മകനെ പഠിപ്പിച്ച് ഉയര്‍ന്ന നിലയിലെത്തിക്കാന്‍ ധാരാളം കഷ്ടപ്പാടുകളനുഭവിച്ച മാതാവിനെ ഓര്‍ത്തിട്ട് സഹതാപം. ഭാര്യയുടെ നടപടിദൂഷ്യം കണ്ടുപിടിക്കാന്‍ അവരുടെ മകന് പതിനേഴ് കൊല്ലം വേണ്ടി വന്നുവെന്നോര്‍ത്തിട്ട് കഥാകാരന് ഉള്ളില്‍ ചിരിയും വരികയുണ്ടായി.
കലകള്‍ കാവ്യങ്ങള്‍
അശ്വമേധം
കവി അശ്വമേധം നടത്തുന്നതെങ്ങനെ
കെവിയുടെ സര്‍ഗശേഷിയാണ് കവിതയിലെ അശ്വം. സര്‍ഗശേഷിയായ അശ്വത്തെ മനുഷ്യ മനസിലേക്ക് അഴിച്ച് വിട്ടാണ് കവി അശ്വമേധം നടത്തുന്നത്.
ചിത്രകലയും കാവ്യകലയും
ചിത്രലയ്ക്കാണോ സാഹിത്യത്തിനാണോ മേന്മ കൂടുതല്‍
ഏത് കലയ്ക്കാണ് ഗുണമേന്മയെന്നത് ഇപ്പോഴും തര്‍ക്ക വിഷയമാണ്. ഓരോ കലയ്ക്കും ഓരോ പോരായ്മകളുണ്ട്. വര്‍ണരേഖകളാല്‍ സമ്പന്നമായ ചിത്രം കണ്ണുള്ളവര്‍ക്കെല്ലാം ആസ്വദിക്കാനാകും. എന്നാല്‍ കാലപരമിധിയുള്ളതിനാല്‍ ഏതെങ്കിലും ഒരു നിമിഷത്തെ മാത്രമേ ചിത്രീകരിക്കാന്‍ സാധിക്കുകയുള്ളൂ. കവിക്ക് കാലാപരിമിതിയില്ലാത്തതിനാല്‍ ആദ്യാന്തം വരെ പ്രതിപാദിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആ ഭാഷ അറിയുന്നവര്‍ക്ക് മാത്രമേ ആസ്വദിക്കാന്‍ സാധിക്കൂ.
ഉരുളക്കിഴങ്ങ് തിന്നുന്നവര്‍
ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന കഥയില്‍ ആരുടെ മരണത്തിന്റെ സൂചനയാണുള്ളത്
വാന്‍ഗോഗിന്റെ പൊട്ടറ്റോ ഈറ്റേഴ്‌സ് എന്ന ചിത്രത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന കഥ എഴുതിയത്. ജൂലിയാനയുടെ ഭര്‍ത്താവ് മരണമടഞ്ഞതിന്റെ സൂചനയാണ് കഥയിലുള്ളത്.
മൈക്കലാഞ്ജലോ, മാപ്പ്
മൈക്കലാഞ്ജലോ മാപ്പ് എന്ന കവിത എഴുതാനുണ്ടായ സാഹചര്യം
ലോകപ്രസിദ്ധ കലാകാരന്‍ മൈക്കല്‍ ആഞ്ജലോ ഇരുപത്തിനാലാം വയസില്‍ വത്തിക്കാനില്‍ പണികഴിപ്പിച്ച 'പിയത്ത' എന്ന ശില്‍പ്പത്തിന് നേര്‍ക്ക് മയക്കുമരുന്നിന് അടിയമായ ഒരാളുടെ ആക്രമണമുണ്ടായ കാര്യം ഒരു പത്രവാര്‍ത്തയിലൂടെ അറിഞ്ഞപ്പോഴുണ്ടായ വൈകാരികതയില്‍ നിന്നാണ് മൈക്കലാഞ്ചലോ മാപ്പ് എന്ന കവിത എഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."