ജില്ലാ ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു
പാലക്കാട്:ജില്ലാ ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിലവില്‍ കൊടുവായൂരിലുള്ള ഓഫിസിനോടനുബന്ധിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. മാര്‍ച്ച് 24ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ഭരണസമിതിയുടെ ആദ്യ യോഗമാണ് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്.
കുട്ടികളുടെ ബൗദ്ധിക വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, കളിസ്ഥലം, ദത്തെടുക്കല്‍ കേന്ദ്രം എന്നിവയുള്‍പ്പെടുന്ന സമുച്ചയമാണ് വിഭാവനം ചെയ്യുന്നത്. ഇതിനായി ഫണ്ട് ലഭ്യമാക്കാന്‍ എം.പി, കൊടുവായൂര്‍ പഞ്ചായത്ത് എന്നിവരുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കി നിര്‍മിതിയെ ചുമതലപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കും.ജില്ലയില്‍ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 26 ക്രഷുകളിലെ ബാലസേവികമാര്‍ക്കും ആയമാര്‍ക്കും മുടക്കമില്ലാതെ ശമ്പളം ലഭ്യമാക്കുന്നതിനായി നടപടി സ്വീകരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യഥാക്രമം 60-40 ശതമാനം വിഹിതമാണ് ശമ്പളമായി വകയിരുത്തേണ്ടത്. കുട്ടികള്‍ക്ക് ഭക്ഷണത്തിന് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നത് വരെ മറ്റ് ഏജന്‍സികളുടെ സഹായം തേടാനും തീരുമാനിച്ചു.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) ഫണ്ട് ലഭ്യമാക്കാന്‍ സന്നദ്ധരായ സ്ഥാപനങ്ങളുടേയും സഹായം ആവശ്യമായ ക്രഷുകളുടേയും വിവരങ്ങള്‍ ബ്ലോക്ക് തലത്തില്‍ സമാഹരിച്ച് നല്‍കാന്‍ സമിതി വൈസ് പ്രസിഡന്റുമാരിലൊരാളായ എ.ഡി.സി ജനറലിനെ ചുമതലപ്പെടുത്തി. ജില്ലാ ആശൂപത്രിയോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടില്‍ ആധുനിക രീതിയില്‍ സജ്ജീകരിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സെക്രട്ടറി അറിയിച്ചു.
സംസ്ഥാന ശിശുക്ഷേമ സമിതി മേയ് മാസത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന അവധിക്കാല ക്യംപ്, ചലചിത്രാസ്വാദന ക്യാംപ്, കുട്ടികള്‍ക്കെതിരെയുള്ള അത്രിക്രമം-ലഹരി നിര്‍മാര്‍ജനം സംബന്ധിച്ച സെമിനാര്‍ എന്നിവയില്‍ ജില്ലയില്‍ നിന്നും മികച്ച പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
വിമുക്തി- ലഹരിവര്‍ജന മിഷന്റെ ഭാഗമായുള്ള തെരുവ് നാടകം ക്യംപുകളില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചു.
യോഗത്തില്‍ സമിതി സെക്രട്ടറി എം.സി.വാസുദേവന്‍ , ട്രഷറര്‍ കെ.വിജയകുമാര്‍, വൈസ്പ്രസിഡന്റ് സി.പി.ജോണ്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."