വെടിക്കെട്ടപകടങ്ങള്‍ വര്‍ധിക്കുമ്പോഴും സ്‌ഫോടകവസ്തു ലൈസന്‍സ് പേരിലൊതുങ്ങുന്നു
ഒലവക്കോട് : കേരളത്തില്‍ വെടിക്കെട്ടപകടങ്ങള്‍ തുടര്‍ച്ചയായി ദുരന്തം വിതക്കുമ്പോഴും സ്‌ഫോടകവസ്തു ലൈസന്‍സ് സംബന്ധിച്ച് ഉദാരമായ വ്യവസ്ഥകള്‍ മാറ്റാന്‍ അധികൃതര്‍ ഒരുക്കമല്ല.
ആയിരം രൂപയടച്ചാല്‍ ആര്‍ക്കും സ്‌ഫോടകവസ്തു സൂക്ഷിക്കാനുള്ള ലൈസന്‍സ് നേടാം എന്നതാണ് സ്ഥിതി.
ഇതിന്റെ മറവില്‍ സൂക്ഷിക്കുന്നതാകട്ടെ ടണ്‍ കണക്കിന് വെടിമരുന്നാണ്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന എക്‌സ്‌പ്ലോസീവ് ലൈസന്‍സ് 2008 മുതല്‍ ജില്ലാകലക്ടറുടെ അധികാര പരിധിയില്‍ എത്തിയതുമുതലാണ് വ്യവസ്ഥകള്‍ ഉദാരമായത്. ആയിരം രൂപ മാത്രമാണ് ഫീസ്.
15 കിലോഗ്രാം വെടിമരുന്ന് സൂക്ഷിക്കാനുള്ള അനുമതി കിട്ടും. അനുമതി കൊടുത്തുകഴിഞ്ഞാല്‍ പിന്നീട് ഒരുദ്യോഗസ്ഥനും വെടിമരുന്ന് ലൈസന്‍സുള്ളവരുടെ പടക്ക നിര്‍മ്മാണ യൂണിറ്റുകള്‍ സന്ദര്‍ശിക്കാറില്ല. പരിശോധിക്കാനെത്തുന്നവരെ പണം കൊടുത്തോ രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെയോ ഒതുക്കുകയാണ് പതിവ്. 15 കിലോഗ്രാം വെടിമരുന്ന് ഒരു ഉത്സവത്തിനു പോലും തികയില്ലെന്ന് എല്ലാവര്‍ക്കും അറിയാം.
ഏറ്റവും ചെറിയ ഉത്സവത്തിനു പോലും കുറഞ്ഞത് രണ്ട് ലക്ഷം രൂപയുടെ വെടിക്കെട്ടാണ് നടക്കുക.
വെടിക്കെട്ട് നടത്തുന്ന കാര്യത്തില്‍ ഉത്സവകമ്മിറ്റികള്‍ തമ്മില്‍ മത്സരം വര്‍ദ്ധിച്ചതോടെ പടക്കനിര്‍മ്മാണ ലൈസന്‍സികള്‍ക്ക് പൂക്കാലമായി.
ഉള്ള ലൈസന്‍സിന്റെ മറവില്‍ ഉത്തരേന്ത്യയില്‍ നിന്ന് ടണ്‍ കണക്കിന് വെടിമരുന്നാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഇവ സൂക്ഷിക്കുകയാണ് പതിവ്പാലക്കാട് ജില്ലയില്‍ മുപ്പതോളം പടക്ക വിതരണ ലൈസന്‍സികളുണ്ട്. നിരവധി പേര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുമുണ്ട്. വെടിമരുന്ന് നിര്‍മാണ യൂനിറ്റുകളില്‍ പണിയെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.
കൂടുതല്‍ കൂലി കിട്ടുമെന്നതിനാല്‍ സ്ത്രീകളാണ് ഈ മേഖലയില്‍ കൂടുതലായി ജോലി ചെയ്യുന്നത്. ഏതുസമയവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള പൊട്ടാസ്യം ക്ലോറൈറ്റിന്റെ ഉപയോഗത്തില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
ഈ രാസവസ്തു നിരോധിക്കപ്പെട്ട വെടിമരുന്നുകളുടെ പട്ടികയിലുള്‍പ്പെട്ടതാണ്. 5 വര്‍ഷം മുമ്പ് ഷൊര്‍ണൂരില്‍ ത്രാങ്ങാലിയിലുണ്ടായ അപകടം പൊട്ടാസ്യം ക്ലോറൈറ്റിന്റെ ഉപയോഗം മൂലമായിരുന്നു.
ഇത് തിരിച്ചറിഞ്ഞിട്ടും നിയന്ത്രണത്തിന് തുടര്‍ നടപടികളുണ്ടായില്ല. എല്ലാ വെടിമരുന്ന് നിര്‍മാണ യൂനിറ്റുകളും അതത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധനാ പരിധിയില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല.
സ്‌ഫോടക വസ്തു ശേഖരം പരിശോധിക്കാനും നിയന്ത്രിക്കാനും പൊലിസിന് അധികാരം നല്‍കുന്ന നിര്‍ദേശം 2010 ലാണ് പൊലിസ് മേധാവിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പരവൂര്‍ അപകടമടക്കമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."