HOME
DETAILS

പവിത്രരാവ്: കര്‍മിയാണ് വിജയി

  
backup
May 19 2020 | 03:05 AM

todays-article-19-05-2020


അല്ലാഹുവിന്റെ അനുഗ്രഹം വിസ്മരിക്കാതെയാവണം വിശ്വാസിയുടെ ജീവിതം. പരീക്ഷണങ്ങളുടെ തീക്ഷണത വര്‍ധിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് കാലത്ത് പരീക്ഷണങ്ങളെ ആ അര്‍ഥത്തില്‍ കാണുന്നതിന് പകരം മനുഷ്യന്‍ കൂടുതല്‍ ധിക്കാരിയായിത്തീരുന്നുത് ഖേദകരമാണ്. വിവരണാതീതമായ പ്രതിഫലം ലഭ്യമാകുന്ന അവസാനത്തെ പത്ത് ദിനങ്ങളിലാണ് നാം നിലകൊള്ളുന്നത്. അല്ലാഹു ലോക്ക്ഡൗണ്‍ മുഖേനെയാണെങ്കിലും നമുക്ക് ഒഴിവ് സമയം നല്‍കി. ഈ സമയം ആരാധനകള്‍ക്ക് എത്രത്തോളം ചെലവഴിച്ചു എന്ന് നാം പുനരാലോചന നടത്തിയോ? ജീവിതത്തിരക്കിനിടയില്‍ ഒഴിവ് സമയം ലഭിച്ചാല്‍ താന്‍ കര്‍മനിരതനാകുമായിരുന്നു എന്ന വാദത്തിന് പഴുതില്ലാത്ത വിധം നാം ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് മറക്കരുത്. മുഹമ്മദ് നബി(സ) പറഞ്ഞു: അഞ്ചു കാര്യങ്ങള്‍ വന്നെത്തുന്നതിന്റെ മുമ്പ് അഞ്ചു കാര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ പ്രയോജനമെടുക്കുക. താങ്കളുടെ വാര്‍ധക്യത്തിന് മുമ്പുള്ള യുവത്വം. രോഗത്തിന് മുമ്പുള്ള ആരോഗ്യ കാലഘട്ടം. ദാരിദ്ര്യത്തിന് മുമ്പുള്ള ഐശ്വര്യം. ജോലിത്തിരക്കിന് മുമ്പുള്ള ഒഴിവ് സമയം. മരണത്തിന് മുമ്പുള്ള ജീവിത കാലഘട്ടം'. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ പ്രവാചകര്‍(സ) പറയുന്നു: 'ജനങ്ങളില്‍ മിക്ക ആളുകളും വഞ്ചിതരാവുന്ന രണ്ടനുഗ്രഹങ്ങളുണ്ട്. ആരോഗ്യവും ഒഴിവു സമയവുമാണവ' (ബുഖാരി).


റമദാനിലെ അവസാന പത്തിലെ അവശേഷിക്കുന്ന ദിനങ്ങളെ നാം ആരാധനകളെ കൊണ്ട് ധന്യമാക്കേണ്ടിയിരിക്കുന്നു. നിസ്സഹായനായ മനുഷ്യന്റെ ദൈന്യത നിറഞ്ഞ മുഖം നാം ദിനേന കാണുന്നുണ്ട്. നഗ്ന നേത്രങ്ങളെ കൊണ്ട് കാണാന്‍ കഴിയാത്ത ഇത്തിരിക്കുഞ്ഞന്‍ വൈറസിന്റെ മുന്നില്‍ മനുഷ്യന്റെ ബലഹീനത പ്രകടമാവുന്നു. പരിശുദ്ധ ഖുര്‍ആന്‍ സൂറ മുനാഫിഖൂനയില്‍ വിവരിക്കുന്നത് നോക്കൂ: 'നിങ്ങളിലോരോരുത്തര്‍ക്കും മരണാസന്നമാകും മുന്‍പേ നാം തന്നതില്‍നിന്നു ചെലവഴിക്കുക. ആ സമയത്ത് അവന്‍ ഇങ്ങനെ പരിഭവിച്ചേക്കാം. നാഥാ, സമീപസ്ഥമായ ഒരവധി വരെ നീ എന്താണെന്നെ പിന്തിച്ചിട്ടുതരാത്തത്, അങ്ങനെയെങ്കില്‍ ഞാന്‍ ദാനം ചെയ്യുകയും സജ്ജനങ്ങളിലുള്‍പ്പെടുകയും ചെയ്യാം. അവധി സംജാതമായിക്കഴിഞ്ഞാല്‍ ഒരാള്‍ക്കും അല്ലാഹു നീട്ടിക്കൊടുക്കുകയേ ചെയ്യില്ല. നിങ്ങളുടെ ചെയ്തികളെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാണവന്‍'(63: 10, 11).


കാലം നഷ്ടപ്പെടുത്തരുത് എന്ന ചിന്തയോടെ നമുക്ക് ഇനി ഈ വര്‍ഷത്തിലെ റമദാനിലെ എണ്ണപ്പെട്ട ദിനങ്ങള്‍ മുതലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. റമദാനിലെ ഏറ്റവും പ്രധാനരാവ് ലൈലതുല്‍ ഖദ്ര്‍ തന്നെയാണ്. അനസ് ബിന്‍ മാലിക്(റ) പറയുന്നു: 'റമദാന്‍ ആഗതമായപ്പോള്‍ നബി (സ) പറഞ്ഞു, ഈ മാസം നിങ്ങള്‍ക്കെത്തിയിരിക്കുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ ഒരു രാവുണ്ട് അതില്‍. അത് തടയപ്പെട്ടവന് സകല നന്മകളും തടയപ്പെട്ടിരിക്കുന്നു. അല്ലാഹു വിശ്വാസികള്‍ക്കായി ഒരുക്കിയ അവസരമാണിത്. അല്ലാഹുവിലേക്ക് സൃഷ്ടികള്‍ക്ക് അടുക്കാന്‍ സാധിക്കുന്ന അസുലഭ അവസരങ്ങളാണവ. ആഇശ(റ) പറയുന്നു: 'അവസാന പത്തില്‍ പ്രവേശിച്ചാല്‍ തിരുമേനി(സ) രാത്രിയില്‍ ഉറക്കമൊഴിക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും മുണ്ട് മുറുക്കിയുടുത്ത് തയാറാവുകയും ചെയ്യാറുണ്ടായിരുന്നു'. അവസാന പത്തില്‍ നബി(സ) അരയും തലയും മുറുക്കി ഉടുത്ത് ഇബാദത്തിനായി രംഗത്ത് വരാറുണ്ടായിരുന്നു എന്നര്‍ഥം.


ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ ലൈലതുല്‍ ഖദ്ര്‍ നല്‍കി മുഹമ്മദ് നബി(സ)യുടെ സമുദായത്തെ അല്ലാഹു ആദരിച്ചു. മുന്‍കാല സമൂഹത്തിന് ഈ സൗഭാഗ്യം ലഭിച്ചിരുന്നില്ല. ഖദ്ര്‍ സൂറത്തിന്റെ അവതരണ പശ്ചാത്തലത്തില്‍ ഇങ്ങനെ കാണാം; മുജാഹിദ് (റ) പറയുന്നു: ബനൂ ഇസ്‌റാഈല്‍ സമൂഹത്തില്‍, പകല്‍ മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സായുധസമരം നയിക്കുകയും രാത്രിമുഴുവന്‍ ആരാധന നിര്‍വഹിക്കുകയും ചെയ്ത് ആയിരം മാസം ജീവിച്ച ഒരു മഹാനുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ചു കേട്ട നബി(സ)യും അനുയായികളും ആശ്ചര്യപ്പെടുകയും തങ്ങളുടെ നന്മകള്‍ എത്ര തുച്ഛമാണെന്ന് പരിഭവിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത സൂറത്ത് അവതരിച്ചത് (ത്വബ്‌രി). അനസ് (റ) പറയുന്നു: 'പൂര്‍വകാല സമുദായത്തിന്റെ ആയുസിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ് എന്ന് തിരുനബി (സ) പരിതപിച്ചു. ഇതിനു പരിഹാരമായിട്ടാണു ലൈലതുല്‍ ഖദ്ര്‍ വിളംബരം ചെയ്യുന്ന അധ്യായം ഇറങ്ങിയത് (മുവത്വ, ബൈഹഖി). കുറഞ്ഞ കര്‍മം കൊണ്ട് കൂടുതല്‍ പ്രതിഫലം വാങ്ങാനുള്ള അവസരമാണിത്. സമയത്തെ പരിഗണിച്ച് പരിശ്രമിക്കുന്നവനാണ് വിജയി.


ലൈലതുല്‍ ഖദ്ര്‍ ഏത് ദിവസമാണെന്ന് കൃത്യമായി പറയുക സാധ്യമല്ല. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു: 'നബി (സ്വ) ലൈലതുല്‍ ഖദ്ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട രണ്ടു പേര്‍ തര്‍ക്കിക്കുന്നത് കണ്ടു. നബി(സ്വ)പറഞ്ഞു, ലൈലതുല്‍ ഖദ്‌റിന്റെ ദിവസം പ്രഖ്യാപിക്കാന്‍ വന്നതായിരുന്നു ഞാന്‍. അപ്പോഴാണ് ഈ രണ്ടുപേര്‍ ബഹളം വയ്ക്കുന്നത്. അതോടെ അല്ലാഹു അത് ഉയര്‍ത്തിക്കളഞ്ഞു. ഒരു പക്ഷേ അതുനിങ്ങള്‍ക്ക് ഗുണത്തിനായേക്കാം.'
അതിനെ കുറിച്ച് വ്യക്തമാക്കാതിരുന്നത് ഉമ്മത്തിന്റെ സല്‍കര്‍മങ്ങള്‍ വര്‍ധിക്കാനാണ്. ഏതെങ്കിലും ഒരു പ്രത്യേകദിനത്തില്‍ മാത്രം ഇബാദത്തുകള്‍ ചെയ്ത് ബാക്കി ദിനങ്ങളില്‍ അലസരാകുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല. നിശ്ചിത രാവാണെന്ന് വ്യക്തമായാല്‍ മറ്റ് രാവുകള്‍ പാഴാക്കാനാണ് മനുഷ്യന്‍ തുനിയുക. നിരന്തരം പാപങ്ങളില്‍ മുഴുകുന്നവര്‍ ഈ രാത്രി കൃത്യമായി അറിഞ്ഞിട്ടും തിന്മയില്‍ വ്യാപൃതരാകുമ്പോള്‍ അവര്‍ക്കുള്ള ശിക്ഷ കഠിനമാകുന്നതാണ്. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിച്ച് ഇബാദത്ത് ചെയ്യുന്ന രാത്രികളിലെല്ലാം പ്രത്യേക നന്മ അവന് ലഭിക്കുന്നു. മലക്കുകളുടെ മുമ്പില്‍ അല്ലാഹു അഭിമാനത്തോടെ ഇങ്ങനെ പറയും: 'ലൈലത്തുല്‍ ഖദ്ര്‍ കൃത്യമായി അറിയാതിരുന്നിട്ടുപോലും എന്റെ പടപ്പുകള്‍ രാത്രിയില്‍ ഇബാദത്തിലാണ്. ഇത് അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ എത്രമാത്രം ഇബാദത്ത് ചെയ്യുമായിരുന്നു!'
റമദാനിന്റെ അവസാന പത്തിലാണ് അതെന്നാണ് ശക്തമായ നിഗമനം. അതൊരു പക്ഷെ കഴിഞ്ഞുപോയിരിക്കാം. ഖുര്‍ആനില്‍ നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ്‌വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ലൈലതുല്‍ ഖദ്‌റ് റമദാന്‍ 27ാം രാവില്‍ ആകാനുള്ള സാധ്യത ഏറെയാണ്. മുസ്‌ലിം ലോകം പ്രസ്തുത ദിവസത്തിന് പ്രാധാന്യം നല്‍കിയാണ് ആരാധനകളില്‍ കഴിയുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
ഒരിക്കല്‍ ലൈലതുല്‍ ഖദ്‌റിനെകുറിച്ച് ഉമര്‍(റ) വിന്റെ നേതൃത്വത്തില്‍ സ്വഹാബികള്‍ ഒരു ചര്‍ച്ച നടത്തുകയായിരുന്നു. ഇബ്‌നു അബ്ബാസ് (റ)വും അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം പറഞ്ഞു; ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. പ്രസ്തുത സൂറത്തില്‍ ലൈലതുല്‍ ഖദ്ര്‍ എന്ന വാചകം അല്ലാഹു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈ ഒന്‍പത് അക്ഷരങ്ങളെ മൂന്നില്‍ ഗുണിക്കുമ്പോള്‍ ഇരുപത്തേഴ് എന്ന ഫലം ലഭിക്കുന്നു. (9ണ്മ3=27) 27ാം രാവിലാണ് പവിത്രമായ ഖദ്ര്‍ എന്നതിന് ഇതും ഒരു സൂചനയാകാം.


പ്രവാചക വചനങ്ങളില്‍ ഖദ്‌റിന്റെ രാവ് റമദാന്‍ 27 ആണെന്ന് വ്യക്തമാക്കുന്ന ധാരാളം പരാമര്‍ശങ്ങള്‍ കാണാം. ഇബ്‌നു ഉമര്‍(റ)വില്‍നിന്ന് നിവേദനം: നബി തിരുമേനി(സ) പറഞ്ഞു: നിങ്ങള്‍ 27ാം രാവില്‍ ലൈലതുല്‍ ഖദ്‌റിനെ കാത്തിരിക്കുക.'ലൈലതുല്‍ ഖദ്‌റിന്റെ സവിശേഷതകളില്‍ പ്രധാനം, മലക്കുകള്‍ കൂട്ടം കൂട്ടമായി ഇറങ്ങിവരും എന്നതാണ്. ഒരു വിഭാഗം ഇറങ്ങിവരുമ്പോള്‍ നേരത്തെ വന്നവര്‍ വാനലോകത്തേക്കു മടങ്ങും. ലൈലതുല്‍ ഖദ്‌റില്‍ സിദ്‌റതുല്‍ മുന്‍തഹാ വാസികളായ മാലാഖമാര്‍ ഇറങ്ങിവരും. അവരുടെ കൂടെ ജിബ്‌രീലു(അ)മുണ്ടാവും. വിശിഷ്ടങ്ങളായ നാലു പതാകകള്‍ ജിബ്‌രീല്‍ വഹിക്കുന്നുണ്ടാവും. അതിലൊന്ന് നബി(സ)യുടെ റൗളയില്‍ നാട്ടും. രണ്ടാമത്തേത് ബൈതുല്‍ മുഖദ്ദസിന്റെ മുകളിലും. മൂന്നാമത്തേത് മസ്ജിദുല്‍ ഹറാമിന്റെ മുകളിലും നാലാമത്തേത് തൂരിസിനാ പര്‍വതത്തിലുമാണ് നാട്ടുക. വിശ്വാസികള്‍ താമസിക്കുന്ന വീടുകള്‍ ഒന്നൊഴിയാതെ ജിബ്‌രീല്‍(അ) സന്ദര്‍ശിക്കുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യും.


നാല് വിഭാഗം ഈ മാപ്പിനര്‍ഹരല്ല. ഇത് കേട്ട സ്വഹാബത്ത് ചോദിച്ചു: ഹതഭാഗ്യരായ ആ നാല് കൂട്ടര്‍ ആരാണ് നബിയേ! നബി (സ്വ) വിശദീകരിച്ചു; സ്ഥിരമായി മദ്യപിക്കുന്നവര്‍, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവര്‍, കുടുംബബന്ധം വിച്ഛേദിക്കുന്നവര്‍, കാപട്യവും കുശുമ്പും ഹൃദയത്തില്‍ കൊണ്ട് നടക്കുന്നവര്‍' (സുനനുല്‍ ബൈഹഖി). നമുക്ക് ചെയ്യാനാകുന്ന സല്‍കര്‍മങ്ങള്‍ നാം പരമാവധി വര്‍ധിപ്പിക്കണം. പശ്ചാത്താപ മനസ്സോടെ പ്രാര്‍ഥനയില്‍ മുഴുകണം. ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്‌റുകള്‍ വര്‍ധിപ്പിച്ചും സമയം ചെലവഴിക്കണം. ലൈലതുല്‍ ഖദ്‌റില്‍ ജീവിതത്തിലൊരു തവണയെങ്കിലും സംബന്ധിക്കാന്‍ സാധിച്ചവര്‍ക്ക് അല്ലാഹുവിന്റെ സൗഭാഗ്യം കരസ്ഥമാകുന്നു. അന്നത്തെ ഓരോ ഇബാദത്തും ഏകദേശം 84 വര്‍ഷത്തെ ആരാധനകള്‍ക്കു തുല്യമാണ്. ഇഅ്തികാഫിന് പള്ളികളില്‍ പ്രവേശിക്കുന്നതിന് നമുക്ക് നിയന്ത്രണം ഉണ്ട് എന്നതോ സംഘം ചേര്‍ന്ന് പ്രാര്‍ഥിക്കാനും മജ്‌ലിസുകള്‍ സംഘടിപ്പിക്കാനും അവസരം ഇല്ല എന്നതോ നമ്മെ നിഷ്‌ക്രിയരാക്കരുത്. ഇത് ഒരു സുവര്‍ണാവസരമായി ഉപയോഗപ്പെടുത്തുക.

(സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  12 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  an hour ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago