തെരഞ്ഞെടുപ്പ് ഓഫിസറെ വെല്ലുവിളിച്ച് പി.സി ജോര്‍ജ്
കൊച്ചി: ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശത്തെ വെല്ലുവിളിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. തെരഞ്ഞെടുപ്പില്‍ ശബരിമലപ്രശ്‌നം ശക്തമായി പ്രസംഗിക്കാന്‍ തന്നെയാണ് തീരുമാനമെന്നും ഇലക്ഷന്‍ കമ്മിഷന്‍ എന്ത് ചെയ്യുമെന്ന് അറിയണമല്ലോ എന്നും ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ആരും മിണ്ടാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഓഫിസര്‍ പറയുന്നത്. എന്നാല്‍ ബിംബങ്ങളെ സ്ഥാനാര്‍ഥികളാക്കിക്കൂടേ? ജനാധിപത്യത്തെ കശാപ്പുചെയ്യാന്‍ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അധികാരമില്ല. ശബരിമല വിഷയം മാത്രമല്ല ഭരിക്കുന്ന കക്ഷികളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനുള്ള ബാധ്യതകൂടി പ്രതിപക്ഷത്തിരിക്കുന്ന എം.എല്‍.എമാര്‍ക്കുണ്ട്.
പിണറായി സര്‍ക്കാര്‍ പ്രളയദുരിതത്തിനുശേഷം വിദേശത്തുനിന്നും പുറത്തുനിന്നുമായി 3000 കോടി രൂപ ദുരിതാശ്വാസഫണ്ടിലേക്ക് സമാഹരിച്ചിട്ടുണ്ട്. ഈ തുക എന്തുചെയ്‌തെന്ന് ജനങ്ങളോട് പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കെ.എസ്.ആര്‍.ടി.സി ബസില്‍ പിണറായിയുടെ ചിരിക്കുന്ന മുഖം പ്രിന്റ് ചെയ്ത് വച്ചാല്‍ രാഷ്ട്രീയമാവില്ല. വീട് നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കാനോ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ കടക്കെണിയില്‍ നിന്ന് ഒഴിവാക്കണം. സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തി നടപടികള്‍ ശക്തമായി നിര്‍ത്തിവയ്ക്കണം.
പത്തനംതിട്ടയില്‍ മത്സരിക്കണമെന്നാണ് ആഗ്രഹം. 15ന് ചേരുന്ന പാര്‍ട്ടിയുടെ നേതൃയോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. എല്‍.ഡി.എഫും യു.ഡിഎഫും അല്ലാത്ത ഒരു മുന്നണിയാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പി.ജെ ജോസഫിന്റെ ഇപ്പോഴത്തെ ഗതിയില്‍ വളരെ ദുഃഖമുണ്ട്. ജോസഫിനു മുന്നില്‍ ഇനി രണ്ടു വഴികളാണുള്ളത്. ഒന്നുകില്‍ രാഷ്ട്രീയം നിര്‍ത്തി പശുവിനെ കറന്ന് കാര്‍ഷിക വൃത്തിയുമായി മാന്യമായി ജീവിക്കാം. രാഷ്ട്രീയത്തില്‍ നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ പ്രതികരിക്കാനുള്ള ആര്‍ജവം കാണിക്കണം. മാണിയുടെ അടിമയായി ജോസഫ് മാറിയിരിക്കുകയാണ്. കോട്ടയത്ത് തോമസ് ചാഴിക്കാടന്റെ വിജയസാധ്യത പൂജ്യമാണ്. ഇവിടെ അവസാനനിമിഷം ജോസ്.കെ മാണിയുടെ ഭാര്യ നിഷ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. ജോസഫ് പാര്‍ട്ടി വിട്ട് കോട്ടയത്ത് മത്സരിച്ചാല്‍ പിന്തുണ നല്‍കുന്ന കാര്യം തന്റെ പാര്‍ട്ടി തീരുമാനിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."