തൊഴിലാളികളെ പിരിച്ചുവിട്ട നടപടി; കല്ല്യാണ്‍ സാരീസിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങി എ.ഐ.ടി.യു.സി
തൃശൂര്‍: മിനിമം വേതനം ആവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നല്‍കിയ 6 സ്ത്രീ തൊഴിലാളികളെ പിരിച്ചുവിട്ട കല്ല്യാണ്‍ സാരീസിന്റെ നടപടിക്കെതിരെ കല്ല്യാണ്‍ സാരീസിലേക്ക് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനൊരുങ്ങി എ.ഐ.ടി.യു.സി. തൊഴിലാളികളെ ഉടന്‍ തിരിച്ചെടുത്തില്ലെങ്കില്‍ ജില്ലയിലെ മുഴുവന്‍ തൊഴിലാളികളേയും അണിനിരത്തി കല്ല്യാണ്‍ സാരീസിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതുള്‍പ്പടെയുള്ള ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എ.എന്‍ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. അഞ്ച് വര്‍ഷമായി കല്ല്യാണ്‍ സാരീസിലും ഡിപ്പോയിലുമായി ജോലി ചെയ്തുവന്നിരുന്ന ആറ് തൊഴിലാളികളെയാണ് യാതൊരു കാരണവുമില്ലാതെ ഏപ്രില്‍ 10 മുതല്‍ പിരിച്ചുവിട്ടിരിക്കുന്നത്. ഒരു സ്ഥാപനത്തില്‍ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുമ്പോള്‍ സ്വീകരിക്കേണ്ട എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്. 2016 ഡിസംബര്‍ മുതല്‍ മുന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മിനിമം വേതനം നടപ്പാക്കുന്നതിന് യൂണിയന്‍ കത്ത് കൊടുത്ത് മാനേജുമെന്റില്‍ നിന്നത് നേടിയെടുക്കാന്‍ പ്രവര്‍ത്തിച്ച ആറ് സ്ത്രീകളേയാണ് പ്രതികാര നടപടിയെന്നോണം പുറത്താക്കിയിരിക്കുന്നത്. ഏതെങ്കിലും കാരണത്താല്‍ ഡിപ്പോ പ്രവര്‍ത്തനം നിറുത്തിയാല്‍ തൊഴിലാളികളെ കല്ല്യാണ്‍ സാരീസ് മാനേജുമെന്റിന്റെ അധികാര പരിധിയിലുള്ള തൃശൂരിലെ മറ്റ് സ്ഥാപനത്തില്‍ മാറ്റി നിയമിക്കുമെന്ന് സ്ത്രീ തൊഴിലാളികളുമായി കല്ല്യാണ്‍ സാരീസ് ഉടമ 2015 ഏപ്രില്‍ 14 ന് കരാര്‍ ഉണ്ടാക്കിയിരുന്നു. അത് നഗ്‌നമായി ലംഘിച്ചുകൊണ്ടാണ് പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്. തൊഴിലാളികളെ തിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു. സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചിരിക്കുന്ന സംഭവം സംസ്ഥാന വനിതാ കമ്മീഷന്‍ അന്വേഷിച്ച് തൊഴിലാളികളെ തൊഴിലില്‍ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികളായ ഷോപ്പ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.ആര്‍ ഭൂപേഷ്, യൂണിറ്റ് പ്രസിഡന്റ് അല്‍ഫോണ്‍സ ജോണ്‍സണ്‍, യൂണിറ്റ് സെക്രട്ടറി പി.യു പ്രീതിമോള്‍, യൂണിറ്റ് ഖജാഞ്ചി രജനീദാസന്‍ ആവശ്യപ്പെട്ടു. കടുത്ത സാമ്പത്തിക പരാധീനകളാല്‍ ഡിപ്പോ നഷ്ടത്തിലാണെന്നും അതുകൊണ്ട് ഡിപ്പോ പൂട്ടുകയാണെന്നുമാണ് കല്ല്യാണ്‍ മാനേജ്‌മെന്റിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."