കമ്മ്യൂണിസ്റ്റ് മണ്ണില്‍ മുല്ലപ്പള്ളി വിപ്ലവം
#എം.പി മുജീബ് റഹ്മാന്‍
കണ്ണൂര്‍: പേരില്‍ കമ്യൂണിസ്റ്റ് വിപ്ലവ വീര്യമുള്ള മണ്ണാണെങ്കിലും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം രണ്ടു പതിറ്റാണ്ടുകാലം കൈയടക്കി വച്ചതു കറകളഞ്ഞ കോണ്‍ഗ്രസുകാരന്‍. നിലവിലെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഈ നേട്ടത്തിനുടമ.
തുടര്‍ച്ചയായി ഏഴുതവണ കണ്ണൂരില്‍ മത്സരിച്ച മുല്ലപ്പള്ളിക്കു രണ്ടുതവണ മാത്രമാണു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. പിന്നീട് രണ്ടുതവണ വടകരയില്‍ നിന്നു കൂടി തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയപ്രസ്ഥാനവുമായി ഏറെ ബന്ധമുള്ള കുടുംബത്തില്‍ നിന്നാണ് കടത്തനാടന്‍ അഭ്യാസങ്ങളുമായി കമ്യൂണിസ്റ്റുകാരുടെ ഉറച്ച കോട്ടയെന്നറിയപ്പെടുന്ന കണ്ണൂര്‍ സീറ്റ് പിടിക്കാന്‍ മുല്ലപ്പള്ളി എത്തുന്നത്.
വടകര മുക്കാളിയിലെ സ്വാതന്ത്ര്യസമര സേനാനിയായ മുല്ലപ്പള്ളി ഗോപാലന്റെ മകന്‍ കൂടിയായ 40കാരന്‍ രാമചന്ദ്രന്‍ ഇവിടെ ആദ്യ അങ്കത്തിനിറങ്ങിയത് 1984ലായിരുന്നു.
പില്‍കാലത്ത് എം.വി രാഘവനൊപ്പം സി.എം.പിയില്‍ എത്തിയ സി.പി.എമ്മിലെ പാട്യം രാജനുമായായിരുന്നു കന്നിപ്പോരാട്ടം. ഫലം വന്നപ്പോള്‍ 25,053 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുല്ലപ്പള്ളി ഡല്‍ഹിക്കു വണ്ടികയറി. പിന്നെ നാലുതവണ കൂടി കണ്ണൂരില്‍ നിന്നു മുല്ലപ്പള്ളിക്കു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
1989ല്‍ അടുത്ത പോരാട്ടമാവുമ്പോഴേക്കും മണ്ഡലത്തിലെ താരമായി ഈ വടകരക്കാരന്‍ മാറി. അന്നു സി.പി.എമ്മിലെ യുവതുര്‍ക്കിയായ പി. ശശിയുമായായിരുന്നു പോരാട്ടം. ഫലം വന്നപ്പോള്‍ ഭൂരിപക്ഷം 1984നേക്കാള്‍ വര്‍ധിച്ചു. 42,404 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് കണ്ണൂര്‍ മുല്ലപ്പള്ളിക്കു സമ്മാനിച്ചത്. 1991ല്‍ അടുത്ത ഊഴമെത്തമെത്തിയപ്പോള്‍ ഭൂരിപക്ഷം 41,127 ആയി കുറഞ്ഞു. 1996ല്‍ മുല്ലപ്പള്ളിയെ എതിരിട്ടതു മറ്റൊരു കോണ്‍ഗ്രസുകാരനായിരുന്നു. ആദര്‍ശത്തിന്റെ മറ്റൊരു ആള്‍രൂപമായ കോണ്‍ഗ്രസി(എസ്)ലെ കടന്നപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ വിജയം മുല്ലപ്പള്ളിക്കൊപ്പമായിരുന്നു. അന്നു കടന്നപ്പള്ളി പരാജയം ഏറ്റുവാങ്ങിയത് 39,302 വോട്ടിന്.
1998ല്‍ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് (എസ്) ലെ എ.സി ഷണ്‍മുഖദാസിനെ ഇറക്കി എല്‍.ഡി.എഫ് മുല്ലപ്പള്ളിയെ ഞെട്ടിച്ചു. ഫലം വന്നപ്പോള്‍ മുല്ലപ്പള്ളി കടന്നുകയറിയത് വെറും 2180 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. മണ്ഡലത്തില്‍ മുല്ലപ്പള്ളിയുടെ പ്രതാപം കുറയുന്നുവെന്നു മനസിലാക്കിയ ഇടതുമുന്നണി അടുത്തതവണ സി.പി.എമ്മിലെ യുവജന നേതാവായ എ.പി അബ്ദുല്ലക്കുട്ടിയിലൂടെ അദ്ദേഹത്തെ പിടിച്ചുകെട്ടി.
രണ്ടുപതിറ്റാണ്ടിനു ശേഷം 10,247 വോട്ടിനു മുല്ലപ്പള്ളിക്കു പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ മണ്ഡലത്തില്‍ സജീവമായി 2004ല്‍ വീണ്ടും പോരിനിറങ്ങിയെങ്കിലും അബ്ദുല്ലക്കുട്ടിയോടു 83,849 വോട്ടിനു അടിയറവ് പറയേണ്ടി വന്നു കണ്ണൂരിനെ കൂടുതല്‍ കാലം നയിച്ച ഈ നേതാവിന്.
കണ്ണൂരിന്റെ എം.പിയായിരിക്കെയാണു നരംസിംഹ റാവു സര്‍ക്കാരില്‍ 1991-93 കാലഘട്ടത്തില്‍ കേന്ദ്ര കൃഷി സഹമന്ത്രിയായത്.
സി.പി.എമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആര്‍.എം.പി രൂപീകരിച്ചതിനെ തുടര്‍ന്ന് എല്‍.ഡി.എഫില്‍ നിന്ന് ആടിയുലഞ്ഞ കണ്ണൂരിനോടു ചേര്‍ന്നുള്ള വടകരയിലായിരുന്നു മുല്ലപ്പള്ളിയുടെ അടുത്ത ഊഴം. കണ്ണൂരില്‍ രണ്ടുതവണ പരാജയം രുചിച്ചെങ്കിലും 2009ല്‍ സി.പി.എമ്മിലെ പി. സതീദേവിയെ 56,186 വോട്ടിനു തോല്‍പിച്ച് ഇടതുകോട്ടകളെ ഒരിക്കല്‍കൂടി മുല്ലപ്പള്ളി ഞെട്ടിച്ചു.
മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ വോട്ടായപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളി വിജയം ആവര്‍ത്തിച്ചു. സി.പി.എമ്മിലെ എ.എന്‍ ഷംസീറിനെ 3306 വോട്ടിനു തോല്‍പിച്ച് മുല്ലപ്പള്ളി ജൈത്രയാത്ര തുടര്‍ന്നു.
കെ.പി.സി.സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇനി തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മുല്ലപ്പള്ളിയുടെ പോരാട്ട ചരിത്രം രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കും കൗതുകം പകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."