ചേന്ദമംഗലത്ത് വലിയമാറ്റ ചന്ത ഇന്ന്
പറവൂര്‍: നാണയം കൊണ്ട് വിനിമയങ്ങളില്ലാതിരുന്ന കാലം മുതല്‍ വിഷുവിനു ചേന്ദമംഗലം ഗ്രാമത്തില്‍ നടത്തിവന്നിരുന്ന വിഷു മാറ്റചന്ത ഇക്കുറിയും ആവേശകരം. പ്രശസ്തമായ വലിയമാറ്റം വ്യാഴാഴ്ച്ച നടക്കും.
കൈമാറ്റ സമ്പ്രദായം നിലനിന്നിരുന്ന കാലത്തു പാലിയത്തച്ചന്മാര്‍ തുടങ്ങിവെച്ച മാറ്റച്ചന്ത നാട്ടുകാര്‍ ഇന്നും ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ഇന്നലെ നടന്ന ചെറിയമാറ്റത്തിനു സന്ധ്യയോടെ തിരക്കേറി. ഗ്രാമവാസികളും വിനോദസഞ്ചാരികളും മാറ്റപ്പാടത്തേക്ക് ഒഴുകിയെത്തി. ഇന്നത്തെ വലിയമാറ്റത്തിനു കച്ചവടം പൊടിപൊടിക്കും. പച്ചക്കറികളും പാത്രങ്ങളും വാങ്ങാന്‍ തിരക്കുകൂട്ടുന്ന വീട്ടമ്മമാര്‍. നാവില്‍ നാടന്‍ ഭക്ഷണപാനിയങ്ങള്‍ നുണയുന്ന യുവതിയുവാക്കള്‍.
ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശബ്ദമുയര്‍ത്തുന്ന കച്ചവടക്കാര്‍. ചേന്ദമംഗലം മാറ്റപ്പാടത്തെ വിഷുക്കാഴ്ചകളാണിത്.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഇരുന്നൂറിലേറെ കച്ചവടക്കാരാണ് ഇത്തവണ മാറ്റപ്പാടത്തെത്തിയിരിക്കുന്നത്. പഴവര്‍ഗ്ഗങ്ങള്‍, മല്‍സ്യമാംസാദികള്‍, ചെടികള്‍, ചട്ടികള്‍, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, പച്ചക്കറി, കൈത്തറി തുടങ്ങി ഉപ്പു തൊട്ടു കര്‍പ്പൂരം വരെ മാറ്റപ്പാടത്തുണ്ട്. ചീനച്ചട്ടി, കല്‍ച്ചട്ടി, ചിരട്ടകയില്‍ തുടങ്ങിയ പരമ്പരാഗത വസ്തുക്കള്‍ വാങ്ങാന്‍ ആളുകള്‍ തിരക്കുകൂട്ടുന്നതു കാണേണ്ട കാഴ്ചയാണ്. അക്വാ ഷോ, പെറ്റ് ഷോ, ഡോഗ് ഷോ, കുതിര സവാരി എന്നിവ ജനശ്രദ്ധയാകര്‍ഷിക്കുന്നു. കളിമണ്‍ സാധനങ്ങളുടെ വലിയ നിരതന്നെയുണ്ട്.
'മകുടം' എന്ന വാദ്യോപകരണമാണു മാറ്റപ്പാടത്തെ മുഖ്യആകര്‍ഷണം. 'കിടമുണ്ടി' എന്നാണു പഴമക്കാര്‍ ഇതിനെ വിളിക്കുന്നത്. ചിരട്ടയുടെ രണ്ടുവശവും മുറിച്ചുമാറ്റി തോല്‍ ഒട്ടിച്ചാണു നിര്‍മാണം.
ഇത് ഇരുവശത്തേക്കും തിരിച്ചു ശബ്ദുമുണ്ടാക്കി നടന്നുപോകുന്ന കുരുന്നുകളെ ചേന്ദമംഗലത്തെ വഴികളില്‍ കാണാം. നാട്ടിന്‍ പുറങ്ങളില്‍ വിളവുണ്ടാക്കി പൊതു സ്ഥലത്തു കൊണ്ടു വന്നു തമ്മില്‍ കൈമാറുന്ന രീതിയായിരുന്നു ആദ്യകാലത്തു മാറ്റച്ചന്തക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."