പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് രംഗത്ത്
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ ഇടഞ്ഞുനില്‍ക്കുന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് രംഗത്ത്.
ഇടുക്കി ഡി.സി.സി മുന്‍ പ്രസിഡന്റും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ റോയ് കെ. പൗലോസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയെക്കുറിച്ച് കാര്യമായൊന്നും നേതാക്കള്‍ പ്രതികരിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് നേതാക്കള്‍ എത്തിയതെന്നാണ് സൂചന.
മുസ്ലിംലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദും ജനറല്‍ സെക്രട്ടറി എ.എം ഹാരിദും ജോസഫിന്റെ പുറപ്പുഴയിലെ വീട്ടിലെത്തി പിന്തുണ അറിയിച്ചു. സീറ്റ് ലഭിക്കാതെ വന്നതോടെ എതിര്‍പ്പും പ്രതിഷേധവും പരസ്യമാക്കിയ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും ഇടപെടുമെന്ന് ഉറപ്പായി.
കോണ്‍ഗ്രസ് മത്സരിച്ചുവരുന്ന ഇടുക്കി സീറ്റ് പി.ജെ ജോസഫിന് വിട്ടുനല്‍കുന്ന കാര്യമടക്കം പരിഗണനയിലുണ്ട്. അപ്പോള്‍ തൊടുപുഴയില്‍ ഒഴിവുവരുന്ന നിയമസഭാ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കണം. ഈ ഫോര്‍മുലയോട് ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും താല്പര്യമുണ്ടെന്നാണ് സൂചന. ഇടുക്കിയില്‍ മത്സരിക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ മേലുള്ള സമ്മര്‍ദത്തില്‍ നിന്ന് ഒഴിവാകാനും കഴിയും. പി.ജെ ജോസഫ് മത്സരിച്ചാല്‍ യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നാണ് വിലയിരുത്തല്‍.
ഇന്നലെ രാവിലെ മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പി.ജെ ജോസഫിന്റെ വീട്ടില്‍ പിന്തുണയുമായി എത്തി. ജോസഫിന് അഭിവാദ്യമര്‍പ്പിച്ച് തൊടുപുഴയുടെ വിവിധ മേഖലകളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വൈകിട്ട് ആറുമണിയോടെ ജോസഫ് തിരുവനന്തപുരത്തേക്ക് തിരിച്ചു.
താന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ഡല്‍ഹിക്ക് പോയ കെ.പി.സി.സി നേതാക്കള്‍ ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരും. ഉമ്മന്ചാണ്ടിയടക്കമുള്ളവരുമായി ഇന്ന് ജോസഫ് ചര്‍ച്ച നടത്തുമെന്നാണ് സൂചന.യു.ഡി.എഫില്‍ തുടരാനുള്ള തീരുമാനം എടുക്കണമെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും രണ്ടണ്ടാംനിര നേതാക്കളും ജോസഫിനെ ഉപദേശിച്ചിരിക്കുന്നത്. കൂറുമാറ്റ നിരോധന പരാതിയുമായി മാണി മുന്നോട്ടുപോയാല്‍ ജോസഫും മോന്‍സ് ജോസഫും രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടും.
ജോസ് കെ. മാണിക്കെതിരേ ടി.യു കുരുവിള
തൊടുപുഴ: കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ. മാണിക്കെതിരേ മുന്‍ മന്ത്രി ടി.യു കുരുവിള.
പി.ജെ ജോസഫിനെ ഒഴിവാക്കിയതിന് പിന്നില്‍ ജോസ് കെ. മാണിയാണെന്ന് ടി.യു കുരുവിള തൊടുപുഴയില്‍ പറഞ്ഞു. തീരുമാനം എല്‍.ഡി.എഫുമായുള്ള രഹസ്യധാരണയുടെ ഭാഗമാണ്. പാര്‍ട്ടി പിളര്‍ന്നാലും യു.ഡി.എഫില്‍ തുടരുമെന്നും ടി.യു കുരുവിള കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."