വടകരയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സലീം മടവൂര്‍: ഒടുവില്‍ പിന്മാറ്റം
തലശ്ശേരി: വടകര മണ്ഡലത്തില്‍ പി.ജയരാജനെതിരേ മത്സരിക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എല്‍.ജെ.ഡി നേതാവ് സലീം മടവൂര്‍ പിന്നീട് തീരുമാനത്തില്‍നിന്ന് പിന്മാറി.
പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദേശീയ നേതൃത്വത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് ഫേസ്ബുക്കില്‍ സലീം മടവൂര്‍ കുറിച്ചു. ഒരുതരത്തിലുള്ള സ്ഥാനമാനവും വിലപേശിയല്ല പിന്‍മാറ്റം. അടുത്ത രണ്ടുവര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാരില്‍നിന്ന് സ്ഥാനമാനങ്ങള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റില്ലെന്നത് ഇപ്പോഴും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എം.പി വീരേന്ദ്രകുമാറും മകന്‍ ശ്രേയംസ് കുമാറും തോല്‍വി ഉറപ്പുള്ള സീറ്റുപോലും ചോദിച്ചില്ല. ധീരരായ സോഷ്യലിസ്റ്റുകള്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുമ്പോള്‍ കാഴ്ചക്കാരനാകാന്‍ കഴിയില്ല. ഈ തീരുമാനത്തില്‍ എനിക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് ബോധവാനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇത് വലിയ ചര്‍ച്ചയായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് പിന്‍വലിച്ച് തടിയൂരുകയായിരുന്നു.
അതേസമയം, വടകരയില്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ച എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും നിലപാട് മാറ്റി. ഇന്നലെ വടകരയില്‍ നടന്ന ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിലും മനയത്ത് ചന്ദ്രന്‍ സജീവമായി പങ്കെടുത്തിരുന്നു.
സി.പി.എമ്മിന്റെ തലശ്ശേരിയിലെ മുന്‍ നഗരസഭാ കൗണ്‍സിലറായ സി.ഒ.ടി നസീറും ജയരാജനെതിരേ മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ് നസീര്‍. സി.പി.എം പ്രാദേശിക നേതാവായിരുന്ന സി.ഒ.ടി നസീര്‍ 2015ലാണ് പാര്‍ട്ടിയുമായി അകന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഷംസീറിനെതിരേ തലശ്ശേരിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അവസാന നിമിഷം പിന്‍മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."