തെരുവു നായയെ കൊല്ലുന്നവര്‍ക്ക് ചിറ്റിലപ്പിള്ളി വക 1500 രൂപ
കൊച്ചി: സംസ്ഥാനത്ത് തെരുവുനായ ആക്രമിച്ചു മരണം സംഭവിക്കുന്നതു വര്‍ധിക്കുന്നതിനാല്‍ അക്രമകാരികളായ തെരുവുനായകളെ കൊല്ലുന്നവര്‍ക്ക് 1500 രൂപ പ്രതിഫലം പ്രഖ്യാപിച്ച് സ്‌ട്രേ ഡോഗ് ഫ്രീ മുവ്‌മെന്റ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപിള്ളി.
തെരുവുനായകളെ കൊന്നാല്‍ 750 രൂപയാണു കോടതി പിഴയായി ഈടാക്കുന്നത്. തുക കൂടുതല്‍ പിഴ ഈടാക്കേണ്ടിവരുന്നത് മൃഗസ്‌നേഹിയായ ഡി.ജി.പി നിയമക്കുരുക്കില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായയുടെ ആക്രമമേറ്റു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരതുക നല്‍കുന്നതിനോടൊപ്പം ഇതിന് ഉത്തരവാദികളായവര്‍ക്കെതിരേ മനപൂര്‍വമല്ലാത്ത നരഹത്യക്കു ക്രിമിനല്‍ കേസെടുക്കണമെന്നു പത്രസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം വയോധികനെ തെരുവുനായ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നിഷ്‌ക്രിയരായ പഞ്ചായത്ത് അധികൃതര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണം.
കേരളത്തില്‍ ശരാശരി ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് പട്ടികടിയേല്ക്കുന്നതില്‍ പതിനഞ്ചോളം പേര്‍ തെരുവുനായക്കളുടെ ആക്രമണം മൂലം മരണപ്പെടുന്നവരാണ്. തെരുവുനായ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനു പ്രവര്‍ത്തിക്കുന്ന ജസ്റ്റീസ് സിരിജഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 4384 നായ്ക്കളെ മാത്രമാണു വന്ധ്യംകരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളു.
തെരുവുനായകളുടെ ആക്രമണത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് നാലാഴ്ചക്കകം നഷ്ടപരിഹാര തുക നല്കുവാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്കിയിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികള്‍ ഉത്തരവാദിത്യ രഹിതമായി പെരുമാറുന്നതായും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പത്രസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."