സാവോപൊളൊയിലെ ആരോഗ്യമേഖല തകര്‍ന്നതായി മേയര്‍
ബ്രസീലിയ: കൊവിഡ് പ്രതിസന്ധിയില്‍ ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോപൊളൊയിലെ ആരോഗ്യമേഖല തകര്‍ന്നതായി മേയര്‍ ബ്രൂണോ കൊവാസ്. നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 90 ശതമാനവും കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞതായും രണ്ടാഴ്ച്ചയ്ക്കകം ആശുപത്രികള്‍ നിറഞ്ഞുകവിയുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ബാധിച്ച് 16000ല്‍ അധികം പേര് മരിച്ച ബ്രസീലില്‍ രോഗം കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് സാവോ പോളൊ. കഴിഞ്ഞ ശനിയാഴ്ച കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ സ്പെയിന്, ഇറ്റലി എന്നീ രാജ്യങ്ങളെ പിന്നിലാക്കി ബ്രസീല്‍ നാലാംസ്ഥാനത്തെത്തിയിരുന്നു.
രാജ്യത്ത് കഴിഞ്ഞദിവസം 24 മണിക്കൂറിനിടെ 7,938 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടര ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് കണക്ക്. രാജ്യത്തെ യഥാര്‍ഥ രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലായിരിക്കുമെന്നു ബ്രസീല്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി.
കൊവിഡ് പ്രതിസന്ധിയെ നിസ്സാരവല്‍ക്കരിച്ച തീവ്രവലതുപക്ഷക്കാരനായ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊനാരൊ രാജ്യത്തിനകത്തും പുറത്തും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."