കശുവണ്ടി മേഖലയെ തകര്‍ക്കാന്‍ ഗുഢനീക്കം
കരുനാഗപ്പള്ളി: സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന കശുവണ്ടി മേഖലയെ തകര്‍ക്കാന്‍ ഗൂഢനീക്കം. കശുമാവ് കൃഷി മറ്റ് സംസ്ഥാനങ്ങളില്‍ വ്യാപിപ്പിച്ച് മേഖലയില്‍ കേരളത്തിന്റെ കുത്തക ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ കേന്ദ്ര കൃഷിമന്ത്രാലയവും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.2 ലക്ഷം ഹെക്ടറില്‍ കശുമാവ് കൃഷി വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം കൃഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയരക്ട്രേറ്റ് ഓഫ് കാഷ്യുനട്ട് ആന്‍ഡ് കൊക്കോ ഡവലപ്‌മെന്റിനാണ് പദ്ധതി നിര്‍വഹണ ചുമതല. ഈ സാമ്പത്തിക വര്‍ഷം 60,000 ഹെക്ടറില്‍ പുതുതായി കശുമാവ് കൃഷി ആരംഭിക്കും.
13 സംസ്ഥാനങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
പദ്ധതിയുടെ ഭാഗമായി കര്‍ണാടകയിലെ ബിദാര്‍, ഷിമോഗ, മാണ്ഡ്യ ജില്ലകളില്‍ ഇതിനകം തന്നെ കശുമാവ് കൃഷി ആരംഭിച്ചു കഴിഞ്ഞു. ഇതിനായി മേല്‍ത്തരം ഉല്‍പ്പാദനശേഷിയുള്ള കശുമാവിനങ്ങളെ കര്‍ണാടകയിലെ പുതുരിലുള്ള ഡയരക്ട്രേറ്റ് ഓഫ് കാഷ്യു റിസര്‍ച്ച് വികസിപ്പിച്ചു.
എച്ച് 130 എന്ന പേരിലുള്ള ഇനം കശുമാവ് ആദ്യ വര്‍ഷം തന്നെ ഫലം തരും. ആദ്യ തവണ ഉല്‍പ്പാദനം 200 ഗ്രാമം മാത്രമേ വരുകയുള്ളുവെങ്കിലും കൃഷിരീതികളിലെ ആധുനികവല്‍ക്കരണം ഉപയോഗപ്പെടുത്തി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ശ്രമം, യു.എച്ച്.ഡി (അള്‍ട്രാ ഹൈഡെ സിറ്റി പ്ലാന്റേഷന്‍) സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ ഉല്‍പ്പാദനം ഇരട്ടിയാക്കാനാകും. ഒരു ഏക്കറില്‍ 500 ഓളം കശുമാവിന്‍ത്തൈകള്‍ നടുന്ന രീതിയാണിത് സാധാരണ കശുമാവ് തോട്ടങ്ങളില്‍ ഒരു ഏക്കറില്‍ 80 തൈകളാണ് നടുന്നത്. എച്ച് 130 ഇനം മുഖേന രണ്ടാം വര്‍ഷം ഒരു കശുമാവില്‍ നിന്ന് ഒരു കിലോ തോട്ടണ്ടി ഉല്‍പ്പാദിപ്പിക്കാനാകും.
നല്ല പരിപാലനം നല്‍കിയാല്‍ മൂന്ന് വര്‍ഷത്തിനു ശേഷം മൂന്ന് കിലോ വിളവ് വരെ ഇതില്‍ നിന്ന് ലഭിക്കും. കശുഅണ്ടിയുടെ അഭ്യന്തര ഉപഭോഗം ഓരോ വര്‍ഷവും 15 മുതല്‍ 20 ശതമാനം വരെ ഉയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കശുമാവ് കൃഷി വ്യാപനത്തിലൂടെ തോട്ടണ്ടിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാകാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കശുമാവ് കൃഷി വ്യാപനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നിനും കേന്ദ്രസര്‍ക്കാരോ കേന്ദ്ര കൃഷിമന്ത്രാലയമോ സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."