കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ വീണ്ടും ചര്‍ച്ചയാക്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 1999ല്‍ അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തെ കാണ്ഡഹാര്‍ വിമാന റാഞ്ചലും അതേതുടര്‍ന്ന് മസൂദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദി നേതാക്കളെ മോചിപ്പിച്ച സംഭവവും വീണ്ടും ചര്‍ച്ചയാക്കി കോണ്‍ഗ്രസ്.
അന്ന് റാഞ്ചികളുമായി ബന്ദികളുടെ മോചനചര്‍ച്ചകള്‍ക്കു മുന്നിലുണ്ടായിരുന്ന ദേശീയസുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ അജിത് ദോവലിന്റെ ഇടപെടലായിരുന്നു മസൂദ് അസ്ഹറിനെ വിട്ടുകൊടുക്കുന്നതിലെത്തിയത്.
സംഭവം നടക്കുമ്പോള്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ അഡീഷനല്‍ ഡയറക്ടറായിരുന്ന ദോവല്‍.
നിരോധിത ഭീകരസംഘടനയായ ജെയ്ഷ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിടികൂടിയപ്പോള്‍ അയാളെ വിട്ടയയ്ക്കുകയാണ് അജിത് ദോവല്‍ ചെയ്തതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. എയര്‍ ഇന്ത്യ വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ജയിലിലുണ്ടായിരുന്ന അസ്ഹറിനെ മോചിപ്പിക്കേണ്ടി വന്നത്.
1999 ഡിസംബര്‍ 26 മുതല്‍ 31 വരെ നടന്ന ആ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാര്‍ക്കു പകരമായി അസ്ഹര്‍ ഉള്‍പെടെയുള്ള തീവ്രവാദി നേതാക്കളെ വിട്ടയച്ചത്. ചര്‍ച്ചകള്‍ക്ക് അന്നു നേതൃത്വം നല്‍കിയത് ദോവലായിരുന്നു.
മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്താണ് മസൂദ് അസ്ഹറിനെ മോചിപ്പിച്ചതെന്ന് തിങ്കളാഴ്ച രാഹുല്‍ ആരോപിച്ചതോടെയാണ് 1999ലെ വിമാനറാഞ്ചലും അതേതുടര്‍ന്നുള്ള വാജ്‌പേയി സര്‍ക്കാരിന്റെ ഇടപെടലും ചര്‍ച്ചയായത്.
രാഹുലിന്റെ പ്രസ്താവനയില്‍ അസ്ഹറിനെ 'മസൂദ് അസ്ഹര്‍ ജി' എന്നു വിശേഷിപ്പിച്ചത് വിവാദമാക്കിയ ബി.ജെ.പി നേതാക്കള്‍ പ്രയോഗത്തിനെതിരേ രാഹുലിനെ കടന്നാക്രമിക്കുകയും ചെയ്തു.
മസൂദ് അസ്ഹറിനെ 'അസ്ഹര്‍ ജി' എന്നു വിശേഷിപ്പിച്ച രാഹുലിന്റെ നടപടിയെ ഏറ്റവുമധികം വിമര്‍ശിക്കുകയും മാപ്പുപറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദായിരുന്നു. എന്നാല്‍ മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മസൂദ് അസ്ഹറിനെ 'അസ്ഹര്‍ ജി' എന്നു വിശേഷിപ്പിച്ച രവിശങ്കര്‍ പ്രസാദിന്റെ വീഡിയോ ദൃശ്യം ഉള്‍പ്പെടെ കോണ്‍ഗ്രസ് പുറത്തുവിട്ടതോടെ ബി.ജെ.പി പ്രതിരോധത്തിലായി.
ഇതിനു പിന്നാലെ സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ സംഭവങ്ങള്‍ അജിത് ദോവല്‍ വിശദമാക്കി.
സീ ന്യൂസ് അഭിമുഖത്തിന്റെ സ്‌ക്രീന്‍ഷോട്ടെടുത്ത് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, 'മസൂദ് അസ്ഹറിനെ മോചിപ്പിച്ചത് രാഷ്ട്രീയ തീരുമാനം ആയിരുന്നു' എന്ന് അഭിപ്രായപ്പെട്ട് വിഷയം വീണ്ടും സജീവമാക്കി. ഇതൊരു രാജ്യവിരുദ്ധ പ്രവര്‍ത്തനം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും സമ്മതിക്കുമോയെന്നും സുര്‍ജേവാല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."