നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥികളെ പൊലീസ് സംഘം മര്‍ദിച്ചതായി പരാതി
കായംകുളം: പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥികളെ പോലീസ് സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചതായി പരാതി. കായംകുളം എരുവ തുണ്ടുപറമ്പില്‍ വീട്ടില്‍ ഹയറുന്നിസയുടെയും പരേതനായ ഷാജഹാന്റെയും മകന്‍ ഷാജില്‍ ഷാജഹാനെയും ഹയറുന്നിസയുടെ സഹോദരന്‍ നിസാമിന്റെ മകന്‍ ഷാഹിദ് നിസാമിനെയുമാണ് പോലീസ് സംഘം മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. കായംകുളം പുത്തന്‍തെരുവ് പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരുടെയും വാഹനത്തിന് കുറുകെ പോലീസ് ജീപ്പ് കൊണ്ട് വട്ടം വെക്കുകയും ജീപ്പില്‍ നിന്നിറങ്ങിയ എ.എസ.ഐയും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഷാജിലിനെയും ഷാഹിദിനെയും അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കളും ക്കളും മര്‍ദ്ദനത്തിനിരയായ കുട്ടികളും പറഞ്ഞു.
കായംകുളത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പെണ്‍കുട്ടിയോട് മോശമായ രീതിയില്‍ സംസാരിച്ച സംഘത്തെ ചോദ്യം ചെയ്ത സഹപാഠിയെ കാറിലെത്തിയ സംഘം മര്‍ദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് പോലീസ് സംഘം എത്തിയിരുന്നത്. എന്നാല്‍ ഷാജിലിനെയും ഷാഹിദിനെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത ശേഷം ആള് മാറിപ്പോയെന്ന് പറഞ്ഞ് ഇരുവരെയും പോലീസ് വിട്ടയക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് നടപടിക്കെതിരെ ബന്ധുക്കള്‍ കായംകുളം ഡി.വൈ.എസ.പിക്ക് പരാതി നല്‍കി. ഇതിനിടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കാന്‍ എത്തിയ കായംകുളം സി.ഐക്ക് എതിരെ സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് ജീപ്പില്‍ കയറിയ സി.ഐയെ കോണ്‍ഗ്രസ് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം കായംകുളം താലൂക്ക് ആശുപത്രി പരിസരം സംഘര്‍ഷാവസ്ഥ നിലനിന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളായ യു.മുഹമ്മദ്, അഡ്വ. ഇ സമീര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫല്‍, കെ.എസ് യു ജില്ലാ പ്രസിഡന്റ് നിധിന്‍, എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കായംകുളം ഡി.വൈ.എസ്.പി ആര്‍. ബിനു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."