ജോര്‍ദാനിലെ പുരാതന റോമന്‍ നഗരം ചുറ്റിക്കണ്ട് വില്യം രാജകുമാരന്‍
അമ്മാന്‍: പ്രഥമ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ആദ്യദിനത്തില്‍ വില്യം രാജകുമാരന്‍ ചെലവിട്ടത് ജോര്‍ദാനിലെ ചരിത്ര-സഞ്ചാരകേന്ദ്രങ്ങളില്‍. ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്ദുല്ല രണ്ടാമനുമൊത്താണ് പുരാതന ഗ്രീക്ക് നാഗരികതയുടെ അവശിഷ്ടഭൂമി ചുറ്റിക്കണ്ടത്.
ഞായറാഴ്ച വൈകിട്ടാണ് വില്യം ജോര്‍ദാനിലെത്തിയത്. രാത്രി ഇംഗ്ലണ്ട്-പാനമ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം ഹുസൈന്‍ ബിന്‍ അബ്ദുല്ലയ്‌ക്കൊപ്പമിരുന്നു കണ്ടു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണു കിരീടാവകാശിക്കൊപ്പം അദ്ദേഹം നാടുകാണാനിറങ്ങിയത്. അതിപുരാതനമായ റോമന്‍ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജെറാഷിലാണ് ഇരുവരുമെത്തിയത്. സന്ദര്‍ശനം ഒപ്പിയെടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാരും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും ഇരുവരെയും അനുഗമിച്ചു.
ജെറാഷില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥി കുഞ്ഞുങ്ങളുമായും വില്യം കുശലം പങ്കിട്ടു. യൂനിസെഫിന്റെ മകാനി പരിപാടിയുടെ ഭാഗമായി അഭയാര്‍ഥികളെ ഇവിടെ താമസിപ്പിച്ചിരിക്കുകയായിരുന്നു.
ബ്രിട്ടന്റെ സഹായത്തോടെ നിര്‍മിച്ച സത്വര പ്രതികരണ സേനയുടെ താവളത്തിലും വില്യം എത്തി. ജോര്‍ദാന്‍ സന്ദര്‍ശനം അവസാനിപ്പിച്ച് അദ്ദേഹം നേരെ ഇസ്‌റാഈലിലേക്കു പറക്കുമെന്നാണു വിവരം. ഇവിടെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യൂഹുവുമായി കൂടിക്കാഴ്ച നടത്തും. ശേഷം റാമല്ലയിലെത്തുന്ന അദ്ദേഹം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും കാണും.
അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്നതാണ് പ്രിന്‍സ് രാജകുമാരന്റെ പ്രഥമ പശ്ചിമേഷ്യന്‍ പര്യടനം. ഇസ്‌റാഈല്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം ലോക ഹോളോകോസ്റ്റ് അനുസ്മരണ കേന്ദ്രം സന്ദര്‍ശിക്കും. ഇവിടെ ഹോളോകോസ്റ്റ് ഇരകളുടെ ചാരം അടക്കം ചെയ്ത സ്ഥലത്ത് റീത്ത് സമര്‍പ്പിക്കുകയും ചെയ്യും. ജറൂസലമിലെ പഴയ നഗരവും അദ്ദേഹം സന്ദര്‍ശിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."