വെളുത്തുള്ളി വിളവെടുപ്പ് തുടങ്ങി; വിലയിടിവ് പ്രശ്‌നം സൃഷ്ടിക്കുന്നു
മറയൂര്‍: മറയൂര്‍ മലനിരയിലെ പ്രധാന കാര്‍ഷിക ഉല്‍പന്നമായ വെളുത്തുള്ളി വിളവെടുപ്പ് ആരംഭിച്ചു. കാന്തല്ലൂര്‍, നാരാച്ചി, പെരൂമല, പുത്തൂര്‍ എന്നിവിടങ്ങളിലാണ് വിളവെടുപ്പ് തുടങ്ങിയത്. തൈലത്തിന്റെ അളവു കൂടുതലും മണവും ഔഷധ ഗുണവുമുള്ള മറയൂര്‍ വെളുത്തുള്ളിക്ക് കഴിഞ്ഞ സീസണില്‍ ലഭിച്ചതിന്റെ പകുതി വിലമാത്രമാണ് ആദ്യ ആഴ്ച്ച ലഭിക്കുന്നത്. ഇരൂനൂറ് രൂപ കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ എണ്‍പത് രൂപ മുതല്‍ നൂറ് രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രധാന വിപണികളായ വടുക്‌പെട്ടി, ഒട്ടംചത്രം, മേട്ടുപ്പാളയം എന്നീ മാര്‍ക്കറ്റുകളില്‍ നീലഗിരി, കൊടൈക്കനാല്‍ എന്നിവടങ്ങളില്‍ നിന്നുള്ള വെളുത്തുള്ളി വില്‍പന നടത്താന്‍ കഴിയാത്തതാണ് വില തകര്‍ച്ചക്ക് കാരണമെന്ന് പ്രധാന വെളുത്തുള്ളി കച്ചവടക്കാര്‍ പറയുന്നു.
ഡിസംബര്‍ മാസത്തില്‍ കൃഷിചെയ്യുന്ന വെളുത്തുള്ളി ഏപ്രില്‍ മാസത്തിലാണ് പ്രധാനമായും വിളവെടുക്കുന്നത്.ഈ വെളുത്തുള്ളി പ്രധാനമായും വിറ്റഴിഞ്ഞിരുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു. നീലഗിരി ഊട്ടി വെളുത്തുള്ളികളാണ് ഇത്തരത്തില്‍ കയറ്റിയച്ചിരുന്നത്. തമിഴ്‌നാട്ടിലെ വെളുത്തുള്ളി ഇത്തരത്തില്‍ വിറ്റഴിയുമ്പോഴാണ് കാന്തല്ലൂര്‍, വട്ടവട എന്നിവിടങ്ങളില്‍ വിളവെടുക്കുന്ന വെളുത്തുള്ളിക്ക് ഇരൂനൂറ് മുതല്‍ മുകളിലേക്ക് വില ലഭിച്ചിരുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വില്‍പ്പന നടക്കാത്ത സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ വെളുത്തുള്ളി വിപണിയില്‍ മാത്രമായി നീലഗിരി ഊട്ടി വെളുത്തുള്ളി വിറ്റഴിക്കാന്‍ കഴിയാതെ കേരളത്തിലേക്ക് എത്തിചേരുന്നത് ഇനിയും വിലകുറയാന്‍ കാരണമാകുമെന്ന് കച്ചവടക്കാര്‍ പറയുന്നു.
വിലകൂറവ് കാരണം മറയൂര്‍ മലനിരകളില്‍ വിളവെടുക്കുന്ന വെളുത്തുള്ളി കറ്റകെട്ടി പുകകൊള്ളിച്ച് സൂക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."