കോടതിയും ജഡ്ജിയും വേണ്ട; അനധികൃത കുടിയേറ്റക്കാരെ ഉടന്‍ നാടുകടത്തണമെന്ന് ട്രംപ്
വാഷിങ്ടണ്‍: കുടിയേറ്റ വിഷയത്തില്‍ വീണ്ടും നിലപാട് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തേക്ക് അതിക്രമിച്ചുകയറിയ അധിനിവേശകരാണെന്നും അവരെ അടിയന്തരമായി വന്നിടത്തേക്കു തന്നെ തിരിച്ചയക്കണമെന്നും ട്രംപ് വ്യക്തമാക്കി. നിയമനടപടികള്‍ക്കൊന്നും നില്‍ക്കാതെ തന്നെ ഇവരെ പുറത്താക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.
ട്വീറ്റ് പരമ്പരകളിലൂടെയാണ് ട്രംപ് നിലപാട് ആവര്‍ത്തിച്ചത്. ''നമ്മുടെ രാജ്യത്തേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിക്കുന്നവരെ സ്വീകരിക്കാനാകില്ല. ശക്തമായ അതിര്‍ത്തി തന്നെ വേണം. അതു കുറ്റകൃത്യമല്ല. ഇവരെ നമ്മുടെ രാജ്യം കൈയേറാന്‍ അനുവദിച്ചുകൂടാ. ആരെങ്കിലും ഇത്തരത്തില്‍ രാജ്യത്തെത്തിയാല്‍ അവരെ ജഡ്ജിമാരോ കോടതിയോ ഇല്ലാതെ തന്നെ വന്നിടത്തേക്കു തന്നെ തിരിച്ചയക്കാനാകണം''-ട്രംപ് ട്വീറ്റ് ചെയ്തു.
നിലവിലുള്ള കുടിയേറ്റനിയമം അപഹാസ്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നിയമപരമായ നടപടികള്‍ അനുസരിച്ച് വര്‍ഷങ്ങളായി കുടിയേറ്റത്തിനു കാത്തിരിക്കുന്നവരോട് അനീതി പുലര്‍ത്തുന്നതാണ് ഇപ്പോഴത്തെ നയം. അര്‍ഹതയ്ക്കനുസരിച്ചുമാത്രമേ കുടിയേറ്റം അംഗീകരിക്കാവൂ. അതിര്‍ത്തികളിലെ സുരക്ഷ ശക്തമാക്കണം. കുറ്റകൃത്യങ്ങളില്ലാത്ത സുരക്ഷിതമായ അതിര്‍ത്തികളാണ് ഇപ്പോള്‍ രാജ്യത്തിന് ആവശ്യമെന്നും ട്രംപ് വ്യക്തമാക്കി.
മെക്‌സിക്കന്‍ അഭയാര്‍ഥി കുട്ടികളെ രക്ഷിതാക്കളില്‍നിന്നു വേര്‍പ്പെടുത്തിയ നടപടി ഏറെ വിവാദമായതിനു പിറകെയാണു പുതിയ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."