ധനവകുപ്പിനെതിരേ വിമര്‍ശനവുമായി സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭയുടെ അധികാരത്തിന്‍മേല്‍ കടന്നു കയറുന്നതിന് എതിരേ ധനവകുപ്പിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ രൂക്ഷവിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ വി.ഡി സതീശന്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തിന്‍മേല്‍ റൂളിങ് നല്‍കുമ്പോഴാണ് സ്പീക്കറുടെ വിമര്‍ശനം.
ഇന്ത്യയിലെ ചില നിയമസഭകള്‍ക്കും പാര്‍ലമെന്റിനും ബജറ്റ് വിഹിതം നീക്കിവയ്ക്കുന്ന പതിവുണ്ടെങ്കിലും കേരള നിയമസഭയില്‍ ഇത് പതിവില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആവശ്യങ്ങള്‍ക്കുള്ള ധനാഭ്യര്‍ഥനകള്‍ സഭ ഏകകണ്ഠമായാണ് പാസാക്കുന്നത്. എല്ലാക്കാലത്തും ഈ നിലയാണ് ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇതിന് വിപരീതമായി ധനവകുപ്പിന്റെ അംഗീകാരത്തിനായി അയക്കുന്ന ഫയലുകളില്‍ ചില ഉദ്യോഗസ്ഥര്‍ വിശദീകരനം തേടുന്ന കാര്യം ശ്രദ്ധയില്‍പെട്ടു.
ഫയലില്‍ കുറിപ്പ് രേഖപ്പെടുത്തിയവര്‍ അവരുടെ പേരോ തസ്തികയോ രേഖപ്പെടുത്തിയിട്ടില്ല. ഇത് സഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. നിയമസഭയും എക്‌സിക്യൂട്ടീവും തമ്മിലുള്ള സൗഹാര്‍ദമാണ് വേണ്ടത്. സര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട സ്പീക്കര്‍ വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നതിന് വി.ഡി സതീശനെ അഭിനന്ദിക്കുകയും ചെയ്തു.
നിയമസഭയുടെ ധനവിനിയോഗ അനുമതിക്ക് മേല്‍ ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ വിശദീകരണം തേടുന്നു എന്ന വിഷയമാണ് കഴിഞ്ഞ ആഴ്ച സതീശന്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിന് മറുപടി പറഞ്ഞ ധനമന്ത്രി തോമസ് ഐസക്, സതീശന്റെ ആരോപണം നിഷേധിച്ചു. വിഷയം പരിശോധിച്ച് മറുപടി നല്‍കാമെന്ന് സ്പീക്കര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."