ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് മേഖല പ്രതിസന്ധിയില്‍
തൊടുപുഴ:പതിനഞ്ചുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്നും പിന്‍വലിക്കാനും ബസ് ബോഡി നിര്‍മാണം അടക്കമുള്ള വാഹന റിപയറിങ് മേഖല കുത്തക കമ്പനികള്‍ക്ക് തീറെഴുതുന്നതുമായ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍സ് വര്‍ക്‌ഷോപ്പ്‌സ് കേരള നേതൃത്വത്തില്‍ 18ന് ജില്ലയില്‍ തൊടുപുഴയിലെ ബി.എസ്.എന്‍.എല്‍ ഓഫിസ് ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19ന് രാജ്ഭവന്‍ മാര്‍ച്ചും നടത്തും.
വാഹനത്തിന്റെ പഴക്കം പരിസ്ഥിതിമലിനീകരണത്തിന് കാരണമാകുന്നില്ലെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു. എന്‍ജിന്‍ ഒഴികെയുള്ള ഒരു ഭാഗവും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. പഴയ വാഹനങ്ങളില്‍ പുതിയ പരിസ്ഥിതി സൗഹൃദ എന്‍ജിനുകള്‍ ഘടിപ്പിച്ച് മറ്റ് ഭാഗങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
വിദേശ നിര്‍മിത വാഹനങ്ങള്‍ക്ക് രാജ്യത്ത് വിപണി വര്‍ധിപ്പിക്കാന്‍ ഉതകുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്‌പെയര്‍പാര്‍ട്‌സ് വില്‍പനയും സര്‍വിസിങും കമ്പനിയുടെ അംഗീകൃത സര്‍വിസ് സെന്ററുകളില്‍ തളച്ചിടുകയാണ് ലക്ഷ്യം. ഇതിലൂടെ വാഹന ഉപയോക്താക്കളെ കൊള്ളയടിക്കുകയും ചെയ്യാം.
ഈ ചൂഷണത്തിന് ആക്കം കൂട്ടുന്ന വിധമാണ് വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ വര്‍ധന. ബസ് കോഡ്, ലോറി കോഡ് നിയമങ്ങള്‍ കര്‍ശനമാക്കി ഈ മേഖല പൂര്‍ണമായും കുത്തകവല്‍ക്കരിച്ച് വാഹനവില പതിന്മടങ്ങ് വര്‍ധിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യാനാണ് നീക്കം.
ബസ്, ലോറി വ്യവസായം കുത്തകളില്‍ മാത്രമായി പരിമിതപ്പെടുന്നതിനേ ഇത് ഇടയാക്കൂ. പൊതുജനങ്ങളെയാകെയും വര്‍ക്‌ഷോപ്പ് മേഖലയെ പ്രത്യേകിച്ചും ബാധിക്കുന്ന വിഷയം ഉന്നയിച്ചാണ് 'ഉയിര്‍ത്തെഴുന്നേല്‍പ്പിനായി സഹനസമരം' സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് മീരാണ്ണന്‍, ജില്ലാ പ്രസിഡന്റ് കെ ഭാസ്‌കരന്‍, ജില്ലാ സെക്രട്ടറി എം.കെ മോഹനന്‍, ട്രഷറര്‍ ജയിംസ് ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."