കഞ്ചിക്കോട് കോച്ച് ഫാക്ടറി: കേന്ദ്രം കേരളത്തെ ചതിച്ചുവെന്ന് എ.കെ ആന്റണി
ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രം സംസ്ഥാനത്തെ ചതിച്ചുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കോച്ച് ഫാക്ടറി ഉപേക്ഷിക്കുമ്പോള്‍ തന്നെ കേരളത്തിന് മുന്‍ യു.പി.എ സര്‍ക്കാര്‍ അനുവദിച്ച പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
റെയില്‍വേ അവഗണനയ്‌ക്കെതിരേ യു.ഡി.എഫ് എം.പിമാര്‍ റെയില്‍ ഭവന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.കെ ആന്റണി. കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി ഭരണകക്ഷിയോട് സഹകരിക്കാന്‍ യു.ഡി.എഫ് തയാറാണ്. കേരളത്തെ അവഗണിക്കുന്ന കേന്ദ്ര നയത്തിനെതിരേ ശക്തമായ സമരത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും ആന്റണി പറഞ്ഞു.
കോച്ച് ഫാക്ടറിക്കുവേണ്ടി ഇടത് എം.പിമാര്‍ മാത്രമായി നടത്തിയ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത് നിര്‍ഭാഗ്യകരമാണ്. കേരള രാഷ്ട്രീയത്തില്‍ എതിരഭിപ്രായങ്ങളുണ്ടാകാമെങ്കിലും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തി രാഷ്ട്രീയംകളിക്കുകയാണെന്നും ആന്റണി ആരോപിച്ചു. കഞ്ചിക്കോടിനുപകരം കോച്ച് ഫാക്ടറി റായ്ബലേറിയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റെയില്‍വേക്ക് കത്തയച്ചുവെന്ന മന്ത്രി പിയൂഷ് ഗോയലിന്റെ പരമാര്‍ശം വസ്തുനിഷ്ഠമല്ല. ഇത്തരത്തില്‍ കത്തയച്ചിട്ടുണ്ടെങ്കില്‍ അത് പുറത്തുവിടണമെന്നും ആന്റണി ആവശ്യപ്പെട്ടു.
യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് 230 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയത്. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയെങ്കിലും തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ മാറിയതോടെയാണ് പദ്ധതി അട്ടിമറിക്കപ്പെട്ടതെന്നും ആന്റണി കുറ്റപ്പെടുത്തി.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധന നടത്തിയിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി. കേരളത്തിന്റെ പൊതു ആവശ്യമെങ്കിലും ഇക്കാര്യത്തില്‍ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്ന് കുറ്റപ്പെടുത്തിയ കൊടിക്കുന്നില്‍ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയല്ലെന്നും മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു.
കേരളത്തിന്റെ വികാരം പ്രതിഫലിപ്പിച്ച് യു.ഡി.എഫ് എം.പിമാരെ വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. ബി.ജെ.പിക്ക് സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട എം.പിമാരില്ലാത്തതിന്റെ പ്രതികാരമാണ് കേന്ദ്ര നടപടിയെന്ന് കെ.സി വേണുഗോപാല്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."