ഉദ്ഘാടനം കഴിഞ്ഞിട്ട് നാലുമാസം; ജില്ലാ ജയില്‍ പ്രവര്‍ത്തനക്ഷമമായില്ല
തൊടുപുഴ: മുട്ടം ജില്ലാ ജയില്‍ ഉദ്ഘാടനത്തില്‍ ഒതുങ്ങി. നാലുമാസം മുമ്പ് ഏറെ കൊട്ടിഘോഷിച്ചാണു ജയിലിന്റെ ഉദ്ഘാടനം നടത്തിയത്. ജയില്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതാണു ജയിലിന്റെ പ്രവര്‍ത്തനത്തിനു തടസമെന്നാണ് അധികൃതരുടെ വിശദീകരണം.
കെട്ടിടം നിര്‍മിച്ചെങ്കിലും സുരക്ഷാ സംവിധാനങ്ങളോ ജലവിതരണം, വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കല്‍, ക്വാര്‍ട്ടേഴ്‌സുകളുടെ നിര്‍മാണ ജോലികള്‍ തുടങ്ങിയവയാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.
ഇതിനുള്ള സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ജയില്‍ വകുപ്പ് ഇതിനുള്ള ഫണ്ടും പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച് നല്‍കിയിട്ടുണ്ട്. കുഴല്‍ കിണര്‍ താഴ്ത്തി ജലം ലഭ്യമാക്കാമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും ഈ ഭാഗത്ത് വെള്ളമില്ലാത്തത് പ്രതിസന്ധിയായിരുന്നു. ഇത് പരിഹരിക്കാന്‍ മലങ്കര ജലാശയത്തില്‍ നിന്നും പൈപ്പ് ലൈന്‍ വഴി ജലമെത്തിക്കാനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ഇതിനായി 50 ലക്ഷം രൂപ മുതല്‍മുടക്കാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ തന്നെ ജയിലിന്റെ സെല്ലുകള്‍ ഉള്‍പ്പടെയുള്ള 90 ശതമാനം ജോലികളും പൂര്‍ത്തിയാക്കിയിരുന്നെങ്കിലും പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. സര്‍ക്കാര്‍ തലത്തിലും വകുപ്പ് തലത്തിലും ജയില്‍ യാഥാര്‍ഥ്യമാവുന്നതിന് വേണ്ട ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് അഭിപ്രായമുയരുകയും ചെയ്തിരുന്നു.
മുന്‍ ജയില്‍ ഡി ജി പി ടിപി.സെന്‍കുമാര്‍ രണ്ട് തവണ ജയിലിന്റെ നിര്‍മാണ പുരോഗതികള്‍ വിലയിരുത്താന്‍ ഇവിടെ എത്തി.
മുട്ടം കോടതി സമുച്ഛയത്തോട് ചേര്‍ന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജില്ലാ ജയില്‍ നിര്‍മാണം ആരംഭിച്ചത്. 4.85 കോടി രൂപയുടെ ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നിലവില്‍ പൂര്‍ത്തീകരിച്ചത്. കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഇത് പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് കഴിയുകയും ചെയ്തിരുന്നു .മൂവാറ്റുപുഴ വള്ളമറ്റം ബില്‍ഡേഴ്‌സിനായിരുന്നു നിര്‍മാണചുമതല.
വനിതകളെ ഉള്‍പ്പെടെ 300 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ജയിലിനുള്ളത്. കേന്ദ്ര ഗവണ്‍മെന്റ് ഫണ്ടില്‍ നിന്നുമാണ് ജയിലിന്റെ നിര്‍മാണത്തിനുള്ള ഫണ്ട് അനുവദിക്കേണ്ടത്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ജയിലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നില്ല.
ഇത് സംബന്ധിച്ച റിപോര്‍ട്ട് ഉദ്യോഗസ്ഥര്‍ ആഭ്യന്തരവകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ നിയമനകാര്യങ്ങളടക്കമുള്ളവ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ തലത്തില്‍ നിന്നു തന്നെയാണ്. ഏകദേശം 70 ഉദ്യോഗസ്ഥരാണ് ജയിലിന് ആവശ്യമുള്ളത്. കഴിഞ്ഞ ഫെബ്രുവരി 29ന് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന പി ജെ ജോസഫാണ് ജില്ല ജയിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
2012 ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചതാണ് ജില്ലാ ജയില്‍. നിലവില്‍ പുരുഷ തടവുകാരെ മൂവാറ്റുപുഴ സബ് ജയിലിലും വനിതാ തടവുകാരെ കാക്കനാട്ടുമാണ് പാര്‍പ്പികുന്നത്. നിലവിലെ കോടതിയും ജില്ലാ ജയിലും തമ്മില്‍ 100 മീറ്റര്‍ മാത്രം അകലമേ ഉള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."