നമ്മുടെ മെസ്സിയും റൊണാള്‍ഡോയും എന്നു വരും
കേരളമാകെ ഇപ്പോള്‍ മറ്റു പല രാജ്യങ്ങളുടെയും കൊടി നിറഞ്ഞു നില്‍ക്കുകയാണ്. ലോകകപ്പ് ഫുട്‌ബോളില്‍ അവര്‍ക്കു പിന്തുണയുമായുള്ള ബോര്‍ഡുകള്‍ വേറെയും. ബോര്‍ഡ് നിറയെ മെസ്സിയും നെയ്മറും റൊണാള്‍ഡോയും. ഇതൊക്കെ കാണുമ്പോള്‍ കോവൂര്‍ കുഞ്ഞുമോന് വലിയ സങ്കടമുണ്ട്. നാട്ടുകാര്‍ അവര്‍ക്കു പിന്തുണ നല്‍കുന്നതിലല്ല സങ്കടം. നമുക്കു കൊണ്ടാടാന്‍ ഇതുപോലെ മെസ്സിയും റൊണാള്‍ഡോയും നെയ്മറുമൊന്നും ഇല്ലാത്തതാണ് കുഞ്ഞുമോന്റെ ദുഃഖം. അതിനു കാരണവും അദ്ദേഹത്തിനറിയാം. നമ്മുടെ സ്‌കൂളുകളില്‍ കായികാദ്ധ്യാപകര്‍ ഉള്‍പെടെയുള്ള സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ ആവശ്യത്തിന് ഇല്ലാത്തതാണ് കാരണം. അതു പരിഹരിക്കാന്‍ അദ്ദേഹം സഭയില്‍ സബ്മിഷന്‍ കൊണ്ടുവന്നു. ആവശ്യത്തിനു കായികാദ്ധ്യാപകരില്ലെങ്കില്‍ നമ്മുടെ സ്വന്തം മെസ്സിയും റൊണാള്‍ഡോയും നെയ്മറുമൊക്കെ ഇനി എന്നു വരുമെന്ന് കുഞ്ഞുമോന്റെ ചോദ്യം.
കുഞ്ഞുമോന്റെ സങ്കടത്തിനു മുകളില്‍ നിരാശയുടെ ഭാരം കൂടി കയറ്റിവയ്ക്കുന്നതായിരുന്നു മന്ത്രി സി. രവീന്ദ്രനാഥിന്റെ മറുപടി. കുഞ്ഞുമോന്‍ പറയുന്നത്ര അദ്ധ്യാപകരെ നിയമിക്കുക എളുപ്പമല്ല. വലിയ സാമ്പത്തിക ബാധ്യത വരും. ധന വകുപ്പുമായും മറ്റും ആലോചിക്കാതെ ഒന്നും പറയാനാവില്ലെന്ന് രവീന്ദ്രനാഥ്.
പാരമ്പര്യം വച്ചു നോക്കുമ്പോള്‍ അനില്‍ അക്കര നല്ലൊരു മദ്യപാനി ആകേണ്ടതാണ്. എന്നാല്‍ അദ്ദേഹം തികഞ്ഞ മദ്യവിരുദ്ധനാണ്. അബ്കാരി നിയമ ഭേദഗതി ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയിലാണ് മദ്യം തന്റെ കുടുംബത്തിനു സമ്മാനിച്ച ദുരന്തങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. അച്ഛന്‍ നല്ലൊരു മദ്യപാനിയായിരുന്നു.
മദ്യത്തിന്റെ ഉന്മാദത്തില്‍ അദ്ദേഹം കോയമ്പത്തൂരില്‍ വച്ച് ആത്മഹത്യ ചെയ്തു. മുത്തച്ഛനും മദ്യാസക്തനായിരുന്നു. മദ്യലഹരിയില്‍ ഒരു ബൈക്കപകടത്തിലാണ് അദ്ദേഹം മരിച്ചത്. അങ്ങനെ ജീവിതാനുഭവങ്ങള്‍ അനിലിനെ മദ്യവിരോധിയാക്കി. മദ്യനിരോധനത്തെക്കുറിച്ചു പറയുമ്പോള്‍ പലരും അതു മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരുടെ കണക്കാണ് പറയുന്നതെന്ന് അനില്‍. അതിനു മുമ്പ് മദ്യത്തിന് ഇരകളായ കുടുംബങ്ങളുടെ കണക്കാണ് എടുക്കേണ്ടത്. മദ്യവിപത്തിനെ തടയാന്‍ നിയമമുണ്ടായതു കൊണ്ടു മാത്രമാവില്ല. കോടതികളും പൊലിസും നിയമങ്ങളുമൊക്കെ ഉണ്ടായിട്ടും എം.എല്‍.എ യുവാവിനെ മര്‍ദിച്ച സംഭവം നിയമത്തിനു മുന്നിലെത്താതെ ഒത്തുതീര്‍പ്പായ നാടാണിതെന്നും അനില്‍.
കള്ളില്‍ സ്റ്റാര്‍ച്ച് ചേര്‍ക്കുന്നതിനുള്ള ശിക്ഷ കുറച്ചാല്‍ മാത്രം പോരെന്നും ശിക്ഷ തീര്‍ത്തും ഒഴിവാക്കണമെന്നുമാണ് ജോണ്‍ ഫെര്‍ണാണ്ടസിന്റെ പക്ഷം. കഞ്ഞിവെള്ളമാണ് കള്ളില്‍ ചേര്‍ക്കുന്നത്. കഞ്ഞിവെള്ളം കുടിക്കുന്നതുകൊണ്ട് ഒരു ദോഷവും വരില്ല. എന്നാല്‍ മായമെല്ലാം മായം തന്നെയാണെന്ന് പി.ടി തോമസ്. മദ്യത്തില്‍ മായം ചേര്‍ക്കുന്നതിനെ ജോണ്‍ ഫെര്‍ണാണ്ടസ് അനുകൂലിച്ചു സംസാരിച്ചത് നിയമസഭയുടെ ചരിത്രത്തില്‍ കറുത്ത അദ്ധ്യായമാകുമെന്നും തോമസ്. എന്നാല്‍ താന്‍ കഞ്ഞിവെള്ളം കുടിച്ചു വളര്‍ന്നവനാണെന്ന് തോമസിനു ജോണ്‍ ഫെര്‍ണാണ്ടസിന്റെ മറുപടി.
കഞ്ഞിവെള്ളത്തില്‍ രണ്ടു വറ്റുകൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച സന്ദര്‍ഭങ്ങളുമുണ്ട് ജീവിതത്തില്‍. അതുകൊണ്ട് കഞ്ഞിവെള്ളത്തെ കുറ്റം പറയാന്‍ തന്നെ കിട്ടില്ലെന്ന് ജോണ്‍ ഫെര്‍ണാണ്ടസ്.
നെല്‍വയല്‍- തണ്ണീര്‍ത്തട നിയമ ഭേദഗതിക്കെതിരേ കടുത്ത വിമര്‍ശന ശരങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ചര്‍ച്ചയില്‍ പങ്കെടുത്ത അടൂര്‍ പ്രകാശ് നെല്‍വയലിനെയും തണ്ണീര്‍ത്തടങ്ങളെയും ഫെഡറലിസവുമായി ബന്ധിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച നേരെ ഡല്‍ഹിക്കു വണ്ടി കയറി. ഫെഡറലിസത്തിനു വേണ്ടി ഇത്രയധികം വാദിക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ സമരത്തെ പിന്നതുണച്ചില്ലെന്ന് ടി.വി രാജേഷിന്റെ ചോദ്യം. കേജ്രിവാള്‍ ഉന്നയിച്ച വിഷയത്തോടു കോണ്‍ഗ്രസിനു യോജിപ്പുണ്ടെങ്കിലും സമരരീതിയോടുള്ള വിയോജിപ്പുകൊണ്ടാണ് പിന്തുണയ്ക്കാതിരുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
കേജ്രിവാള്‍ വിരോധം കൊണ്ടാണ് കോണ്‍ഗ്രസ് സമരത്തെ പിന്തുണയ്ക്കാതിരുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. സുധാകരനാണ് കേജ്രിവാളിനോട് വിരോധമുള്ളതെന്ന് തിരുവഞ്ചൂര്‍. കേജ്രിവാളിനെക്കുറിച്ച് സഭയില്‍ 'കൊഞ്ച്‌രിവാള്‍' എന്നു പറഞ്ഞയാളാണ് സുധാകരനെന്നും തിരുവഞ്ചൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."