കെ.എസ്.ആര്.ടി.സി സര്‍വ്വീസ് തുടങ്ങി; സ്വകാര്യ ബസുകള്‍ ഓടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വീസ് തുടങ്ങി. 1850 ബസുകളാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകത അനുസരിച്ചാകും സര്‍വീസ്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച ചാര്‍ജാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുക. ജില്ലക്കുള്ളിലെ സര്‍വീസുകള്‍ മാത്രമാകും ഉണ്ടാകുക. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് 499ഉം കൊല്ലത്ത് 208ഉം സര്‍വീസുകളുണ്ടാകും. നേരത്തെ 15 ലക്ഷം കിലോമീറ്ററാണ് പ്രതിദിനം കെ.എസ്.ആര്.ടി.സി ഓടിയിരുന്നത്. എന്നാല്‍ ഫാസ്റ്റ് പാസഞ്ചറും ദീര്‍ഘദൂര ബസ് സര്‍വീസുകളുമില്ലാത്തതിനാല്‍ ഇത് അഞ്ച് ലക്ഷമായി ചുരുങ്ങി.
പിന്‍വാതിലിലൂടെ യാത്രക്കാരെ ബസിനകത്തേക്ക് പ്രവേശിപ്പിക്കും. മുന്‍വാതിലിലൂടെയാണ് പുറത്തിറങ്ങേണ്ടത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ ശുചിയാക്കിയ ശേഷമേ ബസില്‍ പ്രവേശിക്കാകൂ. ചലോ കാര്‍ഡ് എന്ന പേരില്‍ തിരുവനന്തപുരം - ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ ക്യാഷ് ലെസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രിപെയ്ഡ് കാര്‍ഡ് വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.
40 ശതമാനം ആളുകളുമായി സര്‍വീസ് നടത്തുന്നത് ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസുകള്‍ സര്‍വ്വീസില്‍ നിന്ന് പിന്‍വാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."