HOME
DETAILS

അടച്ചുപൂട്ടി നടത്തുന്ന അട്ടിമറികള്‍

  
backup
May 20 2020 | 03:05 AM

todays-article-20-05-2020

 

 

മെയ് ആറിന് ഈ പംക്തിയില്‍ കൊവിഡിന്റെ പേരില്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതായി എഴുതിയിരുന്നു. അത് അനുഭവത്തില്‍ ബോധ്യപ്പെടുത്തുന്നതാണ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ്. കൊവിഡ്-19 മഹാമാരിയുടെ വ്യാപനത്തില്‍ ഇന്ത്യ ചൈനയെ മറികടന്ന ഘട്ടത്തിലാണ് മോദിയുടെ 20 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുന്നത്. പദ്ധതിയുടെ വിലയിരുത്തലിലേക്ക് കടക്കുന്നതിനു മുന്‍പ് സുപ്രധാനമായ മറ്റൊരു വിഷയം ചര്‍ച്ച ചെയ്യാനുണ്ട്. ഭരണഘടനയുടെ അടിസ്ഥാന വ്യവസ്ഥകളും ലക്ഷ്യങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരും പാര്‍ലമെന്റും പ്രവര്‍ത്തിക്കേണ്ട വ്യവസ്ഥാപിത രീതികളെയും പറ്റി. അവയും കേന്ദ്ര - സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച ഫെഡറല്‍ പ്രവര്‍ത്തന രീതികളും ഇടിച്ചു തകര്‍ത്ത് സര്‍വാധിപത്യ സംഹാരത്തിന്റെ തുടക്കമാണ് സാമ്പത്തിക ഉത്തേജക പദ്ധതികളുടെ പേരില്‍ യഥാര്‍ഥത്തില്‍ ആരംഭിച്ചത്. ജനാധിപത്യ വ്യവസ്ഥയുടെ ജീവകോശമായ പൗരന്റെ ജീവനും അന്തസ്സോടെയുള്ള അവന്റെ ജീവിതത്തിനും സംരക്ഷണം നല്‍കുകയാണ് നമ്മുടെ ഭരണഘടനയുടെ ഏറ്റവും മൗലികമായ വ്യവസ്ഥ. അതിന് ഊന്നല്‍ കൊടുത്തില്ലെന്നു മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകളുടെ കൈകള്‍പോലും വ്യവസ്ഥകളുടെ പേരില്‍ കേന്ദ്രം വരിഞ്ഞുകെട്ടി.


സ്വാശ്രയത്വത്തിനും പരമാധികാരത്തിനും സാര്‍വദേശീയ തലത്തില്‍ നാടിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനും സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ വന്‍ എതിര്‍പ്പുകളെയും വെല്ലുവിളികളെയും നേരിട്ടാണ് നാം മുന്നേറിയത്. അതിന് അടിസ്ഥാന ശക്തിയായി വര്‍ത്തിച്ചത് സ്വാശ്രയത്തില്‍ ഊന്നിയുള്ള നമ്മുടെ വികസന നയവും വിദേശ നയവുമാണ്. രാജ്യം കെട്ടിപ്പെടുത്ത വിവിധ മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളും തന്ത്രപ്രധാന ശാസ്ത്ര- സാങ്കേതിക മേഖലകളിലെ അര്‍പ്പിതവും മഹത്തരവുമായ പ്രവര്‍ത്തനങ്ങളുമാണ് ആ ചരിത്രനേട്ടത്തിന്റെ അടിസ്ഥാനം. അത് കാര്‍ഷിക, വ്യാവസായിക, ശാസ്ത്ര, പാരിസ്ഥിതിക, ബഹിരാകാശ മേഖലകള്‍വരെ നിറഞ്ഞു നില്‍ക്കുന്നു.


ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും അസമത്വം സംബന്ധിച്ച അകലം ഇല്ലാതാക്കുന്നതിന്റെയും അധഃസ്ഥിതരും ദുര്‍ബലരും പിന്നാക്ക- ദലിത്-ആദിവാസി വിഭാഗങ്ങളടക്കം എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുന്നതിന്റെയും ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ടതാണ് നമ്മുടെ ഭരണ വ്യവസ്ഥ. അതിന്റെ പരിധി ലംഘിക്കാത്തവിധം സ്വകാര്യ മേഖലയ്ക്ക് പ്രവര്‍ത്തന മത്സര സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. അതേസമയം മൂലധന ശക്തികളുടെ അധിനിവേശ സാധ്യത നിയമപരമായിത്തന്നെ പഴുതടച്ച് തടഞ്ഞുനിര്‍ത്തിയിരുന്നു.


കൊവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുകയാണെന്ന വ്യാജേന പൊതുമേഖലയെ നാമമാത്രമായി ചുരുക്കി. സ്വകാര്യ മേഖലയ്ക്ക് രാജ്യത്തിന്റെ ഭൂമിയും അവകാശവുമടക്കം സമ്പദ് മേഖലയുടെ സിംഹഭാഗവും തുറന്നുകൊടുത്തു. രാജ്യത്തിന്റെ പരമാധികാരം 24 മണിക്കൂറും ജാഗ്രത്തായി കാത്തുസൂക്ഷിക്കുന്ന പ്രതിരോധ മേഖലയുടെ 74 ശതമാനം വരുന്ന ഉള്ളറകളും ഇവര്‍ക്ക് തുറന്നുകൊടുത്തു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ഭരണകൂട്ടുകെട്ടുകള്‍ ഇന്ത്യക്കുള്ള സഹായം നിര്‍ണായക ഘട്ടങ്ങളില്‍ പിന്‍വലിച്ചതും ഉപരോധം ഏര്‍പ്പെടുത്തിയതും യുദ്ധഭീഷണി ഉയര്‍ത്തിയതും ചരിത്രമാണ്. അതിനെ നേരിട്ടു പരാജയപ്പെടുത്തിയാണ് രാജ്യം വളര്‍ന്നതും മുന്നേറിയതും. വിക്രം സാരാഭായ്, ഹോമി ജെ. ഭാഭ തുടങ്ങിയ പ്രഗത്ഭ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ സ്വാര്‍ജ്ജിതമായി നാം വളര്‍ത്തിക്കൊണ്ടുവന്നതാണ് ആണവശക്തിയും ബഹിരാകാശ ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങളും. ഇതെല്ലാം ഇപ്പോള്‍ അമേരിക്കയ്ക്കും ആഗോള കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും ഈ തന്ത്രപ്രധാന മേഖലയില്‍ മുന്‍പരിചയമില്ലാത്ത ശതകോടീശ്വരന്മാര്‍ക്കും വീതംവെച്ച് നല്‍കുന്നതിന്റെ പ്രഖ്യാപനമാണ് കൊവിഡ് മഹാമാരിക്കെതിരായ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ പേരില്‍ നടപ്പാക്കിയത്.


ഓരോ ദിവസവും ഒരു ബജറ്റ് പ്രസംഗമെന്ന മട്ടിലാണ് ഏഴ് പതിറ്റാണ്ടായി രാജ്യത്ത് വേരുറച്ചു നില്‍ക്കുന്ന ഘടനാപരമായ വ്യവസ്ഥകള്‍ ബുള്‍ഡോസര്‍ കൊണ്ടെന്നപോലെ ഇടിച്ചു തകര്‍ത്തത്. ആരുടെ അധികാരത്തിന്റെ പിന്‍ബലത്തിലാണിതെന്ന ചോദ്യം വര്‍ഷങ്ങള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും നടപടിക്രമങ്ങള്‍ക്ക് സാക്ഷിയായ ഈ ലേഖകനോട് ധാരാളം സുഹൃത്തുക്കള്‍ അതിശയപ്പെട്ടു ചോദിക്കുകയുണ്ടായി. മുന്‍ ബജറ്റുകളിലെ നയങ്ങളുടെയും തുടര്‍ച്ചയുടെയും കാലാനുസൃതമായി അവയില്‍ വരുത്തിയ മാറ്റങ്ങളുടെയും സൃഷ്ടിയാണ് ഓരോ പുതിയ ബജറ്റും. ഓരോ മന്ത്രാലയത്തിന്റെയും മന്ത്രിസഭയുടെയും ഭരിക്കുന്ന പാര്‍ട്ടിയുടെയോ മുന്നണിയുടെയോ നയപ്രഖ്യാപനങ്ങളുടെയും മറ്റും പിന്‍ബലത്തിലാണ് ധനമന്ത്രി ബജറ്റിന് രൂപം കൊടുക്കുക. ആസൂത്രണ കമ്മിഷന്റെയോ നീതി ആയോഗിന്റെയോ അന്തര്‍ സംസ്ഥാന സമിതിയുടെയോ ഒക്കെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും ആ തുടര്‍ച്ചയിലുണ്ടാകും. ഓരോ വര്‍ഷത്തെയും സാമ്പത്തിക സര്‍വേയുടെ കൂടി മാര്‍ഗദര്‍ശനത്തിനു വിധേയമായും മന്ത്രിസഭതന്നെ രൂപപ്പെടുത്തിയ നയരൂപീകരണത്തിന്റെ സ്വാധീനത്തിലും രൂപപ്പെടുത്തിയ ബജറ്റാണ് ലോകസഭയില്‍ പ്രതിനിധികള്‍ കമ്പോടുകമ്പ് ചര്‍ച്ച ചെയ്യുന്നത്. നിര്‍ദേശങ്ങളുടെയും വിമര്‍ശനങ്ങളുടെയും അടിസ്ഥാനത്തില്‍ മന്ത്രിക്കുതന്നെ ചില നിര്‍ദേശങ്ങള്‍ പിന്‍വലിക്കേണ്ടിവരും. അംഗങ്ങള്‍ തന്നെ ഭേദഗതി അവതരിപ്പിച്ച് ചിലത് തള്ളുകയോ കൊള്ളുകയോ ചെയ്യും. രാജ്യസഭയിലും ഇതേ പ്രക്രിയ ആവര്‍ത്തിക്കും.


ജനവിരുദ്ധ നിര്‍ദേശങ്ങളാണെങ്കില്‍ അതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകും. രാജ്യവ്യാപകമായി പ്രക്ഷോഭങ്ങളും ആവിഷ്‌കരിക്കും. അങ്ങനെ മാധ്യമങ്ങളിലൂടെ ബജറ്റ് നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കും. വിവിധ വിഭാഗം ജനങ്ങളുടെയും സംഘടനകളുടെയും മറ്റെല്ലാ വിഭാഗക്കാരുടെയും അനുകൂലവും പ്രതികൂലവുമായ സംവാദങ്ങള്‍ ഉയര്‍ത്തും. സഭയുടെ ചില കമ്മിറ്റികള്‍പോലും ചില മൗലിക മാറ്റങ്ങള്‍ സംബന്ധിച്ച് ഇടപെടല്‍ നടത്തും. ഇത്തരം ആഴത്തിലുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ബജറ്റുകളോ നിയമനിര്‍മാണങ്ങളോ പാര്‍ലമെന്റ് അംഗീകരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാരും കടക്കുന്നത്.
ഇത്രയും വിശദീകരിക്കാന്‍ കാരണം അത്തരമൊരു ഗൗരവ പരിശോധന കൂടാതെ ഉത്തേജക പദ്ധതി എന്ന പേരില്‍ ഇത് നടപ്പാക്കിയത്. ഒരു സര്‍വാധിപതിയുടെ വിളംബരമായാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും ചേര്‍ന്ന് വിഡിയോ പത്രസമ്മേളനത്തിലൂടെ അഞ്ചു ദിവസങ്ങളിലായി പ്രഖ്യാപനം നടത്തിയത്. ഭരണഘടനാപരമായ എല്ലാ ചട്ടവട്ടങ്ങളും കീഴ് വഴക്കങ്ങളും ആധികാരികതയും ഇല്ലാതെ. കുടിയേറ്റ തൊഴിലാളികള്‍ക്ക് പണമായി അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന സാമ്പത്തിക വിദഗ്ധരുടെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാനുഷികമായ നിരന്തര ആവശ്യംപോലും രാഷ്ട്രീയ പ്രേരിതമായ വിമര്‍ശനമെന്ന് ആക്ഷേപിച്ച് ധനമന്ത്രി തള്ളി.


പൊതുമേഖല വെട്ടിക്കുറയ്ക്കുന്നതും സ്വകാര്യമേഖലയ്ക്ക് സമ്പദ് രംഗത്തിന്റെയും ഭരണ രംഗത്തിന്റെയും നിര്‍ണായക സ്ഥാനങ്ങള്‍ ഏല്‍പിച്ചുകൊടുക്കുന്നതും വിദേശ- ആഗോള ധനശക്തികള്‍ക്ക് പ്രതിരോധ മേഖലപോലും പതിച്ചു നല്‍കുന്നതും രാഷ്ട്രീയമല്ല! സംസ്ഥാനങ്ങളിലെ കല്‍ക്കരിയും ധാതുക്കളും തുരന്നെടുക്കാന്‍ സ്വകാര്യ - വിദേശ മേഖലയെ കൊണ്ടുവരുന്നതും രാഷ്ട്രീയമല്ല! ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് തന്ത്രപ്രധാനമേഖല മാറ്റിമറിച്ചത്? ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്ര നിയമത്തിന്റെ പരിധിയില്‍ മൂക്ക് കയറിട്ട് നിര്‍ത്തിയിരിക്കുന്നത്?
മെയ് 13 നും 17 നുമിടയില്‍ അഞ്ചു തവണയായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ വസ്തുതാപരമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ബാര്‍ക്ലേയ്‌സ്, കെയര്‍ റേറ്റിങ് തുടങ്ങിയ ആഗോള പ്രശസ്ത വിശകലന സാമ്പത്തിക ഏജന്‍സികള്‍ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും അവകാശവാദങ്ങളെ ചോദ്യം ചെയ്തു കഴിഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയാണ് ധനമന്ത്രി അഞ്ചായി വിഭജിച്ചത്. എന്നാല്‍ ബാര്‍ക്ലേയ്‌സിന്റെയും കെയര്‍ റേറ്റിങ്ങ്‌സിന്റെയും പരിശോധന അനുസരിച്ച് 1.5 ലക്ഷം കോടി രൂപയ്ക്കും 2.73 ലക്ഷം കോടി രൂപയ്ക്കും ഇടയിലാണ് യഥാര്‍ഥത്തില്‍ പദ്ധതി അടങ്കല്‍. മൂലധനം നിക്ഷേപമായി കാണിച്ചിട്ടുള്ള മറ്റെല്ലാം കടംവാങ്ങല്‍ ഗ്യാരന്റിയുടെ ഭാഗമായുള്ള വിഹിതത്തിന്റെ കണക്കുകളാണെന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ശ്രദ്ധേയമായത് കൊവിഡ് മഹാമാരിക്കെതിരേ പണമായി ഇടപെടലിനുള്ള സഹായം കേന്ദ്രം നല്‍കുന്നില്ല എന്നതാണ്. മുന്‍ ധനമന്ത്രി ചൂണ്ടിക്കാട്ടുന്നത് ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജി.ഡി.പിയുടെ) 0.91 ശതമാനം മാത്രമാണിതെന്നാണ്. പ്രധാനമന്ത്രിയും ധനമന്ത്രിയും അവകാശപ്പെടുന്നത് ജി.ഡി.പിയുടെ 10 ശതമാനം വരും പാക്കേജ് എന്നാണ്.


സംസ്ഥാനങ്ങള്‍ മുതലും പലിശയും തിരിച്ചടയ്ക്കുന്ന കടത്തിന്റെ പരിധി മൂന്ന് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തിയ നടപടി തന്നെ പരിശോധിക്കാം. കേന്ദ്രം നിര്‍ദേശിക്കുന്ന പദ്ധതികള്‍ നടപ്പാക്കിയാലേ ഘട്ടം ഘട്ടമായി വായ്പ അനുവദിക്കൂ എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍ മോദി ഗവണ്‍മെന്റ് ഉടച്ചുവാര്‍ത്ത സ്വകാര്യ പങ്കാളിത്തത്തിനും വിദേശ മൂലധനത്തിനും വേണ്ടി പൊളിച്ചടുക്കിയ മേഖലകളില്‍ കേന്ദ്രം നിര്‍ദേശിക്കുന്ന പദ്ധതികള്‍ അംഗീകരിച്ചാലേ സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന വായ്പ ലഭിക്കൂ എന്നര്‍ഥം. കയര്‍, റബര്‍, കൃഷി തുടങ്ങിയ മേഖലകളില്‍ കേരളം പൊതു വ്യവസ്ഥായ സ്ഥാപനങ്ങളാക്കി വളര്‍ത്തിക്കൊണ്ടുവന്നതെല്ലാം തന്ത്രപ്രധാനമായ മേഖലകള്‍ അല്ലെന്ന് പറഞ്ഞ് കേന്ദ്രത്തിനു വായ്പ നിഷേധിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ മോദിയുടെ വിശ്വസ്ത സുഹൃത്തായ അമേരിക്കന്‍ പ്രസിഡന്റ് ട്രംപില്‍നിന്ന് കടംകൊണ്ട നവ ഉദാരീകരണ പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. ഇടതുപാര്‍ട്ടികള്‍ ഭരിക്കുന്ന കേരളത്തിനും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍ പോലുള്ള സര്‍ക്കാരുകള്‍ക്കും ശിവസേനയും കോണ്‍ഗ്രസും ചേര്‍ന്നു ഭരിക്കുന്ന മഹാരാഷ്ട്രയ്ക്കും മോദിയുടെ നയങ്ങള്‍ നടപ്പാക്കുന്നത് നിര്‍ബന്ധമാണെന്നര്‍ഥം. ആഭ്യന്തര അടിയന്തരാവസ്ഥ, സാമ്പത്തിക അടിയന്തരാവസ്ഥ എന്നൊക്കെ നാം അറിഞ്ഞതും കേട്ടതുമായ അവസ്ഥകളില്‍നിന്ന് വ്യത്യസ്തമാണ് രാഷ്ട്രീയ അടിയന്തരാവസ്ഥ. രാജ്യം അടച്ചുപൂട്ടി ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെയും അവരുടെ രാഷ്ട്രീയ ബന്ധുക്കളെയും ഫലത്തില്‍ തടങ്കലില്‍വെച്ച് ഈ മഹാമാരിയെ സുവര്‍ണാവസരമാക്കുകയാണ് മോദി ഗവണ്‍മെന്റ്.


പിന്‍കുറിപ്പ്: ചരിത്രകാരനായ രാമചന്ദ്ര ഗുഹ എഴുതുന്നു: അടിയന്തരാവസ്ഥയെക്കുറിച്ച് ഗവേഷണം നടത്തിയ ഞാന്‍ വിശ്വസിച്ചിരുന്നത് ഫെഡറല്‍ സംവിധാനത്തിന് സമഗ്രാധിപത്യത്തെ തടയാനുള്ള ശക്തിയുണ്ടാകുമെന്നാണ്. ഇപ്പോഴുണ്ടായിരിക്കുന്ന മഹാവ്യാധി ഇന്ത്യന്‍ ഫെഡറലിസത്തെ തകര്‍ക്കാനായി മോദി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അത് വിജയിക്കാന്‍ അനുവദിച്ചുകൂടാ. ഓരോ സംസ്ഥാനങ്ങളും പറ്റാവുന്ന രീതിയില്‍ ഇതിനെതിരേ പൊരുതണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  14 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  32 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  40 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  an hour ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago