പൊട്ടിപ്പൊളിഞ്ഞ് ദേശീയപാത; വട്ടംകറങ്ങി വാഹനങ്ങള്‍
ആലപ്പുഴ: ദേശീയ പാത വഴിയുള്ള സഞ്ചാരം കൂടുതല്‍ ദുഷ്‌ക്കരമായി. കുണ്ടും കുഴിയും കൂടാതെ ഗതാകുരുക്കും രൂക്ഷമായതോടെ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മണിക്കൂറുകളോളം കുടുങ്ങികിടക്കുന്നത് പതിവ് കാഴ്ചയായി. ജനറല്‍ ആശുപത്രി മുതല്‍ വണ്ടാനം അമ്പലപ്പുഴ വരെ ഗതാക്കുരുക്ക് രൂക്ഷമാണ്.
കൂടാതെ ചങ്ങനാശേരി മുക്കിലെ ഗതാഗതക്കുരുക്കില്‍ പെട്ട് സഞ്ചാരികള്‍ മണിക്കൂറുകളോളം വലയുന്നു.മാത്രമല്ല തിരക്കേറിയ സ്ഥലങ്ങളില്‍ ട്രാഫിക് പൊലീസിന്റെ സേവനവും ഫലപ്രദമാകുന്നില്ല.
മിക്കയിടങ്ങളിലും ഒരു പൊലീസുകാരന്‍ മാത്രമാണ് ഗതാഗത നിയന്ത്രണത്തിനുള്ളത്. പലപ്പോഴും ഒറ്റയ്ക്കുള്ള നിയന്ത്രണം പാളുകയാണ്. രാവിലെയും വൈകുന്നേരവും സ്‌കൂള്‍-ഓഫീസ് സമയങ്ങളിലാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
രാത്രി എട്ട് മണികഴിഞ്ഞാല്‍ ട്രാഫിക് പൊലീസില്ലാത്തതിനാല്‍ പ്രധാന ജംഗ്ഷനുകളില്‍ വാഹനങ്ങള്‍ കുരുങ്ങുന്നു. മിക്കപ്പോഴും നാട്ടുകാരും ഓട്ടോഡ്രൈവര്‍മാരുമാണ് ഈ സമയങ്ങളില്‍ ഗതാഗതം നിയന്ത്രിക്കുന്നത്. എന്നാല്‍ പൊലീസില്‍ വിവരമറിയിച്ചിട്ടും ഇവര്‍ എത്തുന്നുമില്ല. ആംബുലന്‍സുകള്‍ പോലും കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയാവുകയാണ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ഇത് സമയ നഷ്ടമുണ്ടാക്കുന്നു. വലിയ ലോറികളും ,ഭാരവാഹനങ്ങളും നഗരത്തില്‍ പ്രവേശിക്കരുതെന്ന നിയമവും ലംഘിക്കപ്പെടുകയാണ്. പലപ്പോഴും ഇവ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം നിര്‍ത്തിയിടുന്നതും നിയമ പാലകര്‍ കണ്ടില്ലെന്ന് നടിക്കുന്നു. അതേസമയം യുദ്ധകാലാടിസ്ഥാനത്തില്‍ ദേശീയ പാതയിലെ കുഴികള്‍ അടയ്ക്കുമെന്ന അധികൃതരുടെ വാഗ്ദാനം ജലരേഖയായി. പേരിന് മാത്രം ചിലയിടങ്ങളില്‍ ' ഒട്ടിക്കല്‍ പരിപാടി' ഇഴഞ്ഞു നീങ്ങുകയാണ്. മെറ്റല്‍പ്പൊടിയിട്ട് അടച്ച കുഴികള്‍ പൂര്‍വ്വാധികം വലുതാകുകയും ഇതില്‍ നിന്നുള്ള പൊടിപടലങ്ങള്‍ മൂലം വാഹനയാത്രികര്‍ നട്ടം തിരിയുകയുമാണ്. അരൂര്‍ മുതല്‍ ഹരിപ്പാട് വരെയുള്ള ഭാഗങ്ങളിലാണ് കുണ്ടും കുഴിയും പൊടിശല്യവും യാത്രക്കാരെ വലയ്ക്കുന്നത്.പലയിടങ്ങളിലും അടക്കുന്ന കുഴികള്‍ മഴകാരണം വീണ്ടും പൊളിയുകയാണ്. ഫലത്തില്‍ കുഴിയടയ്ക്കല്‍ കൊണ്ട് യാതൊരു ഫലവുമില്ലാതെ വരുന്നു.
ദേശീയ പാതയില്‍ കുണ്ടും കുഴിയുമായതോടെ ശവക്കോട്ടപ്പാലം, ജില്ലാ കോടതിപ്പാലം, ഇരുമ്പുപാലം, കല്ലുപാലം എന്നിവിടങ്ങളിലും തിരക്ക് നിയന്ത്രാണീതമാണ്. കല്ലുപാലം ജംഗ്ഷനിലുണ്ടാകുന്ന കുരുക്കിന്റെ ഫലമായി തെക്കോട്ട് ചന്ദനക്കാവ് വരെയും വടക്കോട്ട് ഔട്ട് പോസ്റ്റ് വരെയും വാഹനങ്ങളുടെ നിര നീളുന്നു.പാലത്തിന്റെ രണ്ടു കരകളിലുമായി കിഴക്കും പടിഞ്ഞാറും നൂറുകണക്കിന് വാഹനങ്ങളാണ് കുരുക്കില്‍ പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."