താമസസൗകര്യവും വിമാന സീറ്റുകളും കണ്ടെത്തല്‍ പ്രതിസന്ധിയില്‍
കൊണ്ടോട്ടി: ഇന്ത്യക്ക് പുതുതായി സഊദി സര്‍ക്കാര്‍ അനുവദിച്ച ഹജ്ജ് ക്വാട്ട വിതരണത്തിന് പ്രതിസന്ധികളേറെ. ഹജ്ജ് വേളയിലെ താമസത്തിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തല്‍, ഹജ്ജ് വിമാന സീറ്റുകള്‍ വര്‍ധിപ്പിക്കല്‍, ആവശ്യമായ ഖാദിമുല്‍ ഹുജ്ജാജുമാരുടെ സേവനം എന്നിവയടക്കം ലഭ്യമാക്കാന്‍ ഇതുവരെ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. ഇതോടെ അധികം ലഭിച്ച ഹജ്ജ് സീറ്റുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് അന്തിമ തീരുമാനവും കൈക്കൊള്ളാനായിട്ടില്ല.
25,000 ഹജ്ജ് സീറ്റുകളാണ് അവസാനമായി ഇന്ത്യക്ക് സഊദി അനുവദിച്ചത്. ഇതില്‍ 15,000 സീറ്റുകള്‍ ഹജ്ജ് കമ്മിറ്റികള്‍ക്കും 10,000 സീറ്റുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കും നല്‍കാനാണ് തീരുമാനം. നിലവില്‍ ഹജ്ജ് കമ്മിറ്റികള്‍ക്ക് ലഭിച്ച 1,25,000 സീറ്റുകള്‍ക്ക് പുറമെയാണ് 15,000 സീറ്റുകള്‍ കൂടി ഉള്‍പ്പെടുന്നത്. 1,25,000 തീര്‍ഥാടകര്‍ക്കുള്ള താമസ സ്ഥലം മക്കയിലും മദീനയിലും നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഡിസംബറില്‍ ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റിയാണ് കെട്ടിടങ്ങള്‍ കണ്ടെത്തിയത്. അധികമായി ലഭിച്ച ക്വാട്ട പ്രകാരം പുതുതായി സീറ്റ് അനുവദിക്കപ്പെടുന്നവര്‍ക്ക് താമസത്തിനുള്ള കെട്ടിടങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഹജ്ജ് വിമാന സീറ്റുകളിലും വര്‍ധനവ് വരുത്തേണ്ടതുണ്ട്. നിലവില്‍ ഹജ്ജ് വിമാനങ്ങള്‍ കരാര്‍ ചെയ്യപ്പെട്ടതിനാല്‍ വീണ്ടും പുതിയ ടെന്‍ഡര്‍ നടപടികളിലേക്ക് പോകേണ്ടി വരും. ഇതിനും സമയമെടുക്കും. പ്രതിസന്ധികള്‍ തീര്‍ത്തതിന് ശേഷം ക്വാട്ട വീതിക്കാനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശ്രമം. ഇതു സംബന്ധിച്ച് സഊദി ഹജ്ജ് കാര്യാലയവുമായും കേന്ദ്രഹജ്ജ് കമ്മിറ്റി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം, തീര്‍ഥാടകര്‍ക്ക് ഹജ്ജ് വേളയില്‍ ചെലവഴിക്കാനുള്ള 2,000 സഊദി റിയാല്‍ നല്‍കുന്നതിന് ബാങ്കുകളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചത് അധിക ഹജ്ജ് ക്വാട്ടയായ 15,000 കൂടി ഉള്‍പ്പെടുത്തി 1,40,000 പേര്‍ക്കാണ്. ഹജ്ജ് അധിക സീറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വെയ്റ്റിങ് ലിസ്റ്റിലെ തീര്‍ഥാടകരുള്ളത്.
ഹജ്ജ് കമ്മിറ്റി
കേന്ദ്രമന്ത്രിയെ കാണും
കൊണ്ടോട്ടി: സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് വേണമെന്നും അധിക ക്വാട്ട വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി അടുത്തയാഴ്ച കേന്ദ്രമന്ത്രിയെ കാണും.
എംബാര്‍ക്കേഷന്‍ പോയിന്റ് വീണ്ടും കരിപ്പൂരില്‍ ആരംഭിച്ച സാഹചര്യത്തില്‍ ആദ്യവിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നാവണമെന്ന് ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി പറഞ്ഞു. കേന്ദ്ര ഹജ്ജ് മന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഹജ്ജ് തീര്‍ഥാടകരില്‍ ഏറ്റവും കൂടുതല്‍ പേര്‍ വെയ്റ്റിങ് ലിസ്റ്റിലുള്ളത് കേരളത്തില്‍ നിന്നാണ്. ഇവര്‍ക്കാണ് ഹജ്ജ് അധിക ക്വാട്ട ഏറെ പ്രയോജനപ്പെടുകയെന്നും ചെയര്‍മാന്‍ പറഞ്ഞു. ഹജ്ജിന്റെ ഒന്നാംഘട്ട പരിശീലന ക്ലാസുകള്‍ ഇന്നലെ സമാപിച്ചു
അതിനിടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് അവസരം ലഭിച്ച് ആദ്യഗഡു പണം അടച്ച രണ്ടുപേര്‍ മരണപ്പെട്ടു. കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ രണ്ട് സ്ത്രീ തീര്‍ഥാടകരാണ് ഹജ്ജ് കര്‍മത്തിന് പോകാന്‍ ഒരുങ്ങവെ മരണപ്പെട്ടത്. ഹജ്ജിന് അവസരം ലഭിച്ച 200 ലേറെ പേര്‍ ഇതിനകം യാത്ര റദ്ദാക്കിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."