ഇ.ടിക്കു മത്സരിക്കാന്‍ പ്രായം തടസ്സം..!
#എ.കെ ഫസലുറഹ്മാന്‍
മലപ്പുറം: മുസ്‌ലിംലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കു വയസ് തികയാത്തതിനാല്‍ മത്സരിക്കാനാവില്ല. അതെ. ഇ.ടി മുഹമ്മദ് ബഷീറിന് മത്സരിക്കാന്‍ പ്രായം തടസ്സം. മണ്ഡല രൂപീകരണത്തിനു ശേഷം ഒരിക്കല്‍ പോലും മുസ്‌ലിംലീഗിന് അടിപതറാത്ത പൊന്നാനിയില്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ട് പോരാട്ടത്തിനിറങ്ങുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടിക്ക് പ്രായം തികയാത്തതിന്റെ പേരില്‍ മത്സരിക്കാനാവാതിരുന്നത് ഇന്നും ഇന്നലെയുമല്ല. നാലു പതിറ്റാണ്ടുമുമ്പാണ്.
ദേശീയ രാഷ്ട്രീയത്തില്‍ ഉറച്ചനിലപാടുമായി ശ്രദ്ധേയനായ ഇ.ടി ആദ്യമായി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടത് 1970ലാണ്. സ്ഥാനാര്‍ഥിയാവാന്‍ തിക്കും തിരക്കുമില്ലാത്ത കാലത്തു ബാഫഖി തങ്ങളാണ് ബേപ്പൂരിലേക്ക് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായി ഇ.ടിയുടെ പേര് പ്രഖ്യാപിച്ചത്. 25 വയസ്സുതികയാത്തതിനാല്‍ അന്ന് ഇ.ടിക്കു മത്സരിക്കാനായില്ല. പിന്നീട് 1977ല്‍ തിരുവമ്പാടിയിലാണ് നിയമസഭയിലേക്കുള്ള ഇ.ടിയുടെ കന്നിയങ്കം.
ഹൈസ്‌കൂള്‍ പഠനകാലം തൊട്ട് മുസ്‌ലിംലീഗ് സ്റ്റേജില്‍ സ്ഥിരം പ്രാസംഗികനായിരുന്ന ഇ.ടിയെ ബാഫഖി തങ്ങളാണ് സംസ്ഥാന തല പ്രാസംഗികനാക്കി മാറ്റിയത്. 1964ല്‍ ചങ്ങനാശ്ശേരിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇ.ടി, മന്നത്ത് പത്മനാഭനില്‍ നിന്നാണ് അന്നു സമ്മാനം സ്വീകരിച്ചത്.
സുകുമാര്‍ അഴീക്കോടായിരുന്നു വിധികര്‍ത്താവ്. നിയമസഭയിലെ കന്നിയങ്കത്തില്‍ അടിപതറിയ ഇ.ടി, 1985ല്‍ പെരിങ്ങളം മണ്ഡലത്തില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. 1991ല്‍ തിരൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് വിദ്യാഭ്യാസമന്ത്രിയായി. 1996ല്‍ തിരൂരില്‍ നിന്ന് വീണ്ടും വിജയിച്ചു. 2001ല്‍ തിരൂരില്‍ നിന്ന് മൂന്നാം തവണയും വിജയിച്ച ഇ.ടി വീണ്ടും വിദ്യാഭ്യാസ മന്ത്രിയായി.
ലീഗ് ശക്തമായ തരിച്ചടി നേരിട്ട 2006ലെ തെരഞ്ഞെടുപ്പില്‍ തിരൂരില്‍ ഇ.ടിയും തോറ്റു. തുടര്‍ന്നാണ് 2009ല്‍ പൊന്നാനി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2014ല്‍ രണ്ടാമതും ജയിച്ച ഇ.ടി ഹാട്രിക് വിജയം ലക്ഷ്യമിട്ട പ്രചാരണമാണ് മണ്ഡലത്തില്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."