ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ പത്തുമണിയോടെ രംഗം വിട്ടു
വേങ്ങര: നിര്‍ദ്ദേശങ്ങള്‍ മാറിമറിഞ്ഞു. വോട്ട് ചെയ്യാനെത്തിയവര്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കിയ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ പത്തുമണിയോടെ രംഗം വിട്ടു. കഴിഞ്ഞ ദിവസം രാത്രി നിര്‍ദ്ദേശം ലഭിച്ച ബി.എല്‍.ഒമാര്‍ സഹായത്തിന് ബൂത്തില്‍ എത്താതിരുന്നത് പ്രതിഷേധത്തിനും വഴിവെച്ചു.
ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പുകള്‍ വീടുകളില്‍ ബി.എല്‍.ഒമാര്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇതു കൈവശം വെക്കാതെ വോട്ട് ചെയ്യാന്‍ എത്തിയവരും രാഷ്ട്രീയ പ്രതിനിധികളും ബി.എല്‍.ഒമാരുടെ അസാന്നിധ്യത്തില്‍ ഏറെ ബുദ്ധിമുട്ടി.
പതിവു രീതിയനുസരിച്ച് ബി.എല്‍.ഒമാര്‍ വോട്ടെടുപ്പ് സമയം മുഴുവനും ബൂത്തിലിരിക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ബി.എല്‍.ഒമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും പുതിയ വോട്ടര്‍ പട്ടികയും നല്‍കി ബൂത്തില്‍ ഹെല്‍പ്പ് ഡസ്‌ക് സജ്ജീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. സെക്ടറല്‍ ഓഫിസര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് ബൂത്തിലെത്തിയ ബി.എല്‍.ഒമാര്‍ പത്തുമണിയോടെ സേവനം അവസാനിപ്പിച്ച് തിരിച്ചു പോവുകയായിരുന്നു.
എന്നാല്‍ ഏതാനും വില്ലേജ് പരിധികളിലെ അധികൃതര്‍ ബൂത്തില്‍ ബി.എല്‍.ഒമാര്‍ സേവനം നല്‍കേണ്ടതില്ലെന്ന് രാത്രി പത്തുമണിയോടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വള്ളിക്കുന്ന്, വേങ്ങര നിയോജകമണ്ഡലങ്ങളിലെ മിക്ക വില്ലേജുകളിലും നിര്‍ദ്ദേശം നല്‍കാതിരുന്നതിനാല്‍ ബി.എല്‍.ഒമാരും വോട്ടര്‍മാരും ഒന്നിച്ച് പ്രയാസപ്പെട്ടു.
രാവിലെ പത്തോടെ ബി.എല്‍.ഒമാര്‍ക്ക് ഒരു ദിവസത്തെ ഹോണറേറിയം നൂറു രൂപ നല്‍കിയില്ലെന്നും ഇവര്‍ക്ക് സേവനം അവസാനിപ്പിച്ച് ബൂത്തില്‍ നിന്ന് മടങ്ങാമെന്നും ഫോണ്‍ മുഖേനെ പുതിയ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പ് അധികൃതരും സെക്ടറല്‍ ഓഫിസര്‍മാരായ വില്ലേജ് അധികൃതരും തമ്മിലെ ആശയവിനിമയ വ്യക്തത കുറവാണ് പ്രശ്‌നത്തിന് പ്രധാന കാരണം.
അതേ സമയം ഉത്തരവാദിത്വത്തോടെ ബൂത്തില്‍ സേവനം ചെയ്യാനെത്തിയ ബി.എല്‍.ഒമാരോട് തെരഞ്ഞെടുപ്പ് അധികൃതര്‍ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്ന് ബി.എല്‍.ഒമാരും കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."