ഗതകാല തെരഞ്ഞെടുപ്പിന്റെ ഓര്‍മയുണര്‍ത്തി കാസര്‍കോട്ടെ റേഡിയോ പവലിയന്‍
#മൊയ്തീന്‍ ചാപ്പ
ബോവിക്കാനം: വീണ്ടും ഒരു തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ പഴയ തലമുറക്ക് തെരഞ്ഞെടുപ്പ് വിശേഷങ്ങളും നാട്ടുവിശേഷങ്ങളും അറിയിച്ചിരുന്ന കാസര്‍കോട്ടെ റേഡിയോ പവലിയന്‍ പലരുടെയും ഓര്‍മയിലെത്തുന്നു. കാസര്‍കോട് നഗരത്തില്‍ അല്‍പം മാറി ബോവിക്കാനം ടൗണിലെ മുളിയാര്‍ സി.എച്ച്.സി റോഡിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു റേഡിയോ പവലിയനാണ് അവരുടെ ഓര്‍മയിലെത്തുന്നത്.
തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ അറിയാനും പാട്ടുകള്‍ കേള്‍ക്കാനും ഇന്നത്തെ പോലെയുള്ള ആധുനിക സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് മുളിയാറിലെ ജനങ്ങള്‍ ആശ്രയിച്ചിരുന്നത് ഈ റേഡിയോ പവലിയനെയായിരുന്നു.
തെരഞ്ഞെടുപ്പു ഫലങ്ങള്‍ അറിയുന്ന സമയങ്ങളില്‍ രാവിലെ മുതല്‍ രാത്രി വരെ വിജയ പരാജയങ്ങള്‍ അറിയാനായി നാട്ടിന്‍ പുറങ്ങളില്‍ നിന്നടക്കം നിരവധിയാളുകള്‍ റേഡിയോ പവലിയന് സമീപം തടിച്ചു കൂടാറുണ്ടായിരുന്നുവെന്ന് പഴയ തലമുറയില്‍പ്പെട്ടവര്‍ പറയുന്നു.
അക്കാലത്ത് എല്ലാ വീടുകളിലും റേഡിയോകളോ മറ്റു വാര്‍ത്താ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.
ദിവസേന ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്ന വാര്‍ത്തകളും മറ്റു പരിപാടികളും ഗാനങ്ങളുമെല്ലാം അന്ന് മുളിയാറിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ കേട്ടിരുന്നതും ഈ റേഡിയോ പവലിയനിലൂടെയാണ്.
വാര്‍ത്തകളും വിശേഷങ്ങളും ദൂരേക്ക് കേള്‍ക്കുന്നതിനായി പവലിയനുമുകളില്‍ രണ്ട് ഉച്ചഭാഷിണികളും സ്ഥാപിച്ചിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുളിയാര്‍ പഞ്ചായത്താണ് റേഡിയോ പവലിയന്‍ നിര്‍മിച്ചത്. 1972ല്‍ മേലത്ത് നാരായണന്‍ നമ്പ്യാര്‍ തറക്കല്ലിട്ട റേഡിയോ പവലിയന്‍ 1974ല്‍ പഞ്ചായത്ത് ഡയരക്ടര്‍ എം. സുബ്ബയയാണ് ഉദ്ഘാടനം ചെയ്തത്. ആദ്യകാലത്ത് റേഡിയോ പവലിയന്‍ സംരക്ഷണത്തിനായി ഒരു ജീവനക്കാരന്‍ ഉണ്ടായിരുന്നു.
പിന്നീട് വ്യാപകമായി റേഡിയോകളും ടെലിവിഷനുകളും വന്നതിനാല്‍ റേഡിയോ പവലിയനില്‍ നിന്നുള്ള പ്രക്ഷേപണം അധികൃതര്‍ നിര്‍ത്തിവച്ചു. ഇതോടെ വിശേഷങ്ങള്‍ നാട്ടുകാരെ കേള്‍പ്പിച്ചിരുന്ന റേഡിയോ പവലിയന്‍ ഓര്‍മയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."