കെ.എസ്.ആര്‍.ടി.സിയുടെ കൊലച്ചതി; അഡ്‌വൈസ് മെമ്മോ ലഭിച്ച 4,051 പേര്‍ക്ക് നിയമനമില്ല
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ തസ്തികയില്‍ പി.എസ്.സിയുടെ അഡ്‌വൈസ് മെമ്മോ ലഭിച്ച 4,051 പേരെ നിയമിക്കില്ലെന്ന് ഗതാഗത മന്ത്രി നിയമസഭയില്‍. എസ്.ശര്‍മയുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍മാര്‍ കൂടുതലാണെന്നാണ് സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പറയുന്നത്. അതിനാല്‍ ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും കണ്ടക്ടര്‍മാരെ ഇനി നിയമിക്കില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനത്തോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി അഡ്‌വൈസ് മെമ്മോയുമായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളാണ് പെരുവഴിയിലായത്. 2010 ഡിസംബര്‍ 31നാണ് കണ്ടക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. 9,378 ഒഴിവുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും 3,808 ഒഴിവ് മാത്രമേ ഉള്ളൂവെന്നും പിന്നീട് കെ.എസ്.ആര്‍.ടി.സി പി.എസ്.സിയെ അറിയിച്ചു. 2016 ഡിസംബര്‍ 31നാണ് 4,051 പേര്‍ക്ക് പി.എസ്.സി അഡൈ്വസ് മെമ്മോ അയച്ചത്. അഡൈ്വസ് മെമ്മോ അയച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ നിയമനം നടത്തണമെന്നാണ് വ്യവസ്ഥ. ഇതിനിടെ 2,198 താല്‍ക്കാലിക കണ്ടക്ടര്‍മാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."